18 October, 2018 05:58:49 PM


ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ല; സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം - ലിബി

താന്‍ നിരീശ്വരവാദിയാണെന്നല്ലാതെ യുക്തിവാദിയെണെന്നു പറഞ്ഞിട്ടില്ലെന്നും ലിബി
ആലപ്പുഴ: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്കുള്ള കന്നി യാത്രയില്‍ വിവാദനായികയായി മാറിയ ചേര്‍ത്തല സ്വദേശിനി ലിബി സി.എസ്. സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പത്തനംതിട്ടയിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാർ പോലീസിനെ നോക്കുകുത്തിയാക്കി അഴിഞ്ഞാടിയെന്നും തനിക്ക് സുരക്ഷ ആവശ്യമാണെന്നും ചൂണ്ടികാട്ടി ലിബി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം - 

"ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ല;
സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് എൻറെ തീരുമാനം.

പത്തനംതിട്ടയിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാർ പോലീസിനെ നോക്കുകുത്തിയാക്കി കൊണ്ട് അഴിഞ്ഞാടിക്കൊണ്ടിരുന്നത് മാധ്യമങ്ങളിലൂടെ കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. ശ്രീമതിടീച്ചർ കണ്ടില്ലേ എന്നറിയില്ല. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കും എന്നു പലതവണ പ്രസ്താവന ഇറക്കിയതും ആരും കാണാതിരിക്കാൻ വഴിയില്ല.

ഞാൻ രഹസ്യമായിട്ടല്ല പോയത് രാത്രി പുറപ്പെട്ടപ്പോൾ ചേർത്തല സ്റ്റേഷനിലും പിന്നീട് അങ്ങോട്ടുള്ള മിക്കവാറും എല്ലാസ്റ്റേഷനിലും സുരക്ഷ ആവശ്യപ്പെട്ട് രേഖാമൂലം തന്നെ പരാതികൊടുത്തിരുന്നു . അവർ ചെങ്ങന്നൂർ വരെ സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. ചങ്ങനാശേരിയിൽ എനികെതിരെയുണ്ടായ ഭീഷണിയിൽ പോലീസ് അന്വേഷണം നടത്തുകയും എന്നെ സുരക്ഷിതമായി ചെങ്ങന്നൂരിൽ എത്തിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ഉൾപ്പെടെ സർക്കാരിനോട് സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദീകരണവും ആവശ്യപ്പെട്ടതാണ്. സർക്കാരിന് പാരവെക്കാനാണോ എന്ന ടീച്ചറുടെ ചോദ്യത്തിന് വാസ്തവത്തിൽ മറുപടിപോലും അർഹിക്കുന്നില്ല. കുറച്ചുകഴിഞ്ഞുപോണോ എപ്പോൾ പോണം എന്ന് ആരാണ് തീരുമാനിക്കേണ്ടത് ? ഇപ്പോൾ 144 പ്രഖ്യാപിച്ചിട്ടുപോലും പൊലീസിൻറെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്ന് ടീച്ചറിന് ഇപ്പോഴും മനസിലായിട്ടില്ലേ?

ഞാൻ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല ടീച്ചർ ഉൾപ്പെടെയുള്ളവർ ഈവിഷയത്തിൽ ഇറക്കിയ മുൻപ്രസ്താവനകളും ആരും മർന്നുപോയിട്ടില്ല.

സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോയ എൻറെ വീട്ടിലേക്കും ഓഫീസിലേക്കും ബിജെപി മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഓഫീസ് ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടിട്ടുണ്ട് എങ്ങിനെയുണ്ട് കേരളത്തിലെ നിയമ പരിപാലനം?

എന്തയാലും ഞാൻ സുപ്രീംകോടതിയിൽ കേസ് ഫയൽചെയ്യാൻ തന്നെയാണ് തീരുമാനം. ആർക്കും എങ്ങിനെയും വ്യാഖ്യാനിക്കാം. എനിക്ക് എൻറെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. എനിക്ക് ഇതിൽ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ല. ഞാൻ ഭാവിയിൽ ഒരു പഞ്ചായത്തിലേക്കോ പാര്ലമെന്റിലെക്കോ മത്സരിക്കാനും പരിപാടിയിട്ടിട്ടില്ല, എല്ലാവരെയും പോലെ ഉപ്പിനും മുളകിനുമൊക്കെ ടാക്സ് കൊടുക്കുന്ന ഒരു സാധാരണ പൗരി എന്ന നിലയിലുള്ള എൻറെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, അതുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് എൻറെ തീരുമാനം."

നിരീശ്വരവാദിയാണെന്നല്ലാതെ യുക്തിവാദിയെണെന്നു പറഞ്ഞിട്ടില്ല

അയ്യപ്പൻ പന്തളം കൊട്ടാരത്തിലെ ആരെങ്കിലുമായിരിക്കുമെന്നും എന്നാല്‍ തനിക്ക് അത് ധർമ്മശാസ്താവ് ആണെന്നും തത്വമസിയിൽ താൻ വിശ്വസിക്കുന്നുവെന്നും ശബരിമലയിൽ പോകുന്നതിന് നിയമപരമായി എല്ലാവർക്കുമുള്ള അവകാശം തനിക്കുമുണ്ടെന്നും ലിബി പറയുന്നു. ലിബി എഡിറ്ററായ ഓണ്‍ലൈന്‍ പത്രത്തില്‍ മറുനാടന്‍ മലയാളിയില്‍ വന്ന വാര്‍ത്തയ്ക്ക് മറുപടിയായാണ് ഇങ്ങനെ പറയുന്നത്. മറുനാടൻ മലയാളിക്ക് ഒരു നാടൻ കടപ്പുറം കാരിയുടെ മറുപടി എന്ന തലക്കെട്ടിലുള്ള കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.

"ഞൻ എന്തിനാണ് ശബരിമലയിൽപോയത് എന്ന് വ്യക്താക്കി നേരത്തെ തന്നെ പോസ്റ്റിട്ടിരുന്നു. റിക്കാർഡ് ഉണ്ടാക്കാൻ ഞൻ ഒറ്റയ്ക്ക് എടുത്ത തീരുമാനവുമല്ല ഇത്. എൻറെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി പോയതാണ്. അത് അതുമായിബന്ധപ്പെട്ടവർക്ക് അറിയാം. ആരെങ്കിലും ആദ്യം കയറാൻ ശ്രമിച്ചല്ലേ പറ്റൂ? മറുനാടന്റെ പെർമിഷൻ വാങ്ങാൻ മറന്നുപോയതാ. റെക്കോഡ് ഡാൻസ് ആടുന്നത് ആരെന്നും അത് കേരളത്തിലെ ഒരുമാധ്യമവും മൈൻഡ് ചെയ്യുകയുണ്ടായില്ല എന്നതും നാം കണ്ടതല്ലേ ? ..... യുക്തിവാദിയും നിരീശ്വരവാദിയും രണ്ടും ഒന്നല്ല എന്ന് മറുനാടനും തനിനാടനുമൊക്കെ മനസിലാക്കുക. ഞാൻ നിരീശ്വരവാദിയാണെന്നല്ലാതെ യുക്തിവാദിയെണെന്നു പറഞ്ഞിട്ടുമില്ല. ഒരു യുക്തിവാദിയുടെയും സപ്പോർട്ട് ഇക്കാര്യത്തിൽ എനിക്കാവശ്യവുമില്ല. നിരീശ്വരവാദവും ഹിന്ദുമതത്തിന്റെ ഭാഗമാണ്. നിങ്ങൾക്ക് അയ്യപ്പൻ പന്തളം കൊട്ടാരത്തിലെ ആരെങ്കിലുമായിരിക്കും . എനിക്ക് അത് ധർമ്മശാസ്താവ് ആണ്. തത്വമസിയിൽ ഞാൻ വിശ്വസിക്കുന്നു . എനിക്ക് ശബരിമലയിൽ പോകുന്നതിന് നിയമപരമായി എല്ലാവർക്കുമുള്ള അവകാശമുണ്ട്. ഏതു മതസ്ഥനും നാസ്തികനും ആസ്തികനും ആരാധിക്കാവുന്ന സ്ഥലമാണ് ശബരിമല എന്നാണ് ഞാൻ മനസിലാക്കുന്നത്....."


Share this News Now:
  • Google+
Like(s): 318