18 October, 2018 08:23:15 AM


വാസുദേവൻ നമ്പൂതിരി ശബരിമല മേല്‍ശാന്തി; നാരായണൻ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി



ശബരിമല: ശബരിമല മേല്‍ശാന്തിയായി വി.എൻ.വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുക്കപ്പെട്ടു. എം.എൻ.നാരായണൻ നമ്പൂതിരി ആണ് മാളികപ്പുറം മേല്‍ശാന്തി. നറുക്കെടുപ്പ് നടന്നത് ശബരിമലയിലും മാളികപ്പുറത്തും. ശബരിമലയിൽ ഭക്തജന തിരക്ക്. ശബരിമലയിൽ നാലിടത്ത് നിരോധനാജ്ഞ.


തുലാമാസം ഒന്ന് പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട രാവിലെ 5 മണിക്ക് മേൽശാന്തിയും തന്ത്രിയും ചേർന്ന് തുറന്ന് നിർമ്മാല്യവും നെയ്യഭിഷേകവും നടത്തി. ഗണപതി ഹോമത്തിനു ശേഷം   ഉഷപൂജ. തുടർന്ന് 8 മണിയോടെ ശബരിമലയിലെ, വരുന്ന ഒരു വർഷത്തേക്കുള്ള മേൽശാന്തിയുടെ നറുക്കെടുപ്പ് നടപടികൾ ആരംഭിക്കുകയായിരുന്നു. ദേവസ്വം കമ്മീഷണർ എൻ.വാസു നറുക്കെടുപ്പ് നടപടികൾക്ക് നേത്യത്വം നൽകി. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ ഉറക്കെ വായിച്ച ശേഷം അവരുടെ പേരുകൾ എഴുതിയ പേപ്പർ ചുരുളുകളാക്കി ഒരു വെള്ളി കുടത്തിൽ നിക്ഷേപിച്ചു.


രണ്ടാമത്തെ വെള്ളിക്കുടത്തിൽ 9 പേപ്പർ ചുരുകളും ഇട്ടു. അവയിൽ ഒന്നിൽ മാത്രം മേൽശാന്തി എന്ന് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവ ഒന്നും രേഖപ്പെടുത്താതെ നിക്ഷേപിച്ചവയാണ്.പിന്നേട് വെള്ളിക്കുടങ്ങൾ ശ്രീകോവിലിനുള്ളിൽ  അയ്യപ്പന്റെ പാദാരവിന്ധത്തിൽ വെച്ച്  പൂജ നടത്തി. തുടർന്ന് തന്ത്രി കണ്ഠരര് രാജീവര്, പൂജിച്ച കുടങ്ങൾ നറുക്കെടുപ്പ് നടത്താനായി കൈമാറി. പന്തളം രാജകൊട്ടാരത്തിൽ നിന്നെത്തിയ ഋഷികേശ് എസ്.വർമ്മ എന്ന കുട്ടിയാണ് ഇവിടെ നറുക്ക് എടുത്തത്. നറുക്കെടുപ്പ് ആറാം ഊഴമെത്തിയപ്പോൾ മേൽശാന്തി ആകാനുള്ള ഭാഗ്യവും അയ്യപ്പ അനുഗ്രഹവും കടാക്ഷവും ഒക്കെ വി എൻ.വാസുദേവൻ നമ്പൂതിരിയ്ക്ക് ലഭിക്കുകയായിരുന്നു.


പാലക്കാട് സ്വദേശിയാണ് വി എൻ വാസുദേവൻ നമ്പൂതിരി. നിലവിൽ ബാംഗ്ലൂർ  ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയാണ് വി.എൻ.വാസുദേവൻ നമ്പൂതിരി. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെ എം.എൻ.നാരായണൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തിൽ നിന്നെത്തിയ ദുർഗ്ഗ രാമദാസ് രാജയാണ് മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുത്തത്. ചെങ്ങന്നുർ ഇരമല്ലികര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം.എൻ നാരായണൻ നമ്പൂതിരി.


ഹൈക്കോടതി നിയോഗിച്ച ഓംപുഡ്സ് മാൻ ഭാസ്ക്കരന്റെ നിരീക്ഷത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗം കെ.പി.ശങ്കരദാസ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് തുടങ്ങിയവരും ഇരു നറുക്കെടുപ്പുകളിലും സന്നിഹിതരായിരുന്നു.ശരണ മന്ത്രങ്ങളുമായി അയ്യപ്പഭക്തരും മേൽശാന്തി നറുക്കെടുപ്പിന് സാക്ഷികളായി.


നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരാണ്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് (നവംബര്‍16) ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന്  തന്ത്രി കണ്ഠരര് രാജീവരര്   മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി കണ്ഠരര് രാജീവരര് ശ്രീകോവിലിനുള്ളില്‍ വച്ച് മൂലമന്ത്രവും ചൊല്ലിക്കൊടുക്കും.


വൃശ്ചികം ഒന്നിന് (നവംബര്‍ 17) ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയായിരിക്കും. 5 ദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ രണ്ടാം ദിവസവും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ നൂറ് കണക്കിന് അയ്യപ്പഭക്തരാണ് ക്ഷേത്ര ദർശനത്തിന് എത്തുന്നത്.



Share this News Now:
  • Google+
Like(s): 25