18 October, 2018 08:11:16 AM


കയ്യേറ്റ ശ്രമവും തെറിയഭിഷേകവും; ന്യൂ‍യോർക്ക് ടൈംസ് വനിതാ റിപ്പോർട്ടർക്ക് സന്നിധാനത്ത് എത്താനായില്ല

മരക്കൂട്ടത്തിന് തൊട്ടുതാഴെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം



പമ്പ: പൊലീസ് സംരക്ഷണത്തോടെ മല കയറുകയായിരുന്ന ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ മരക്കൂട്ടത്ത് വന്‍ പ്രതിഷേധം. പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ തടയുകയായിരുന്നു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ആയിരത്തോളം പേർ സൂഹാസിനിയെ കൂട്ടം കൂടി അസഭ്യവർഷവുമായി പൊതിഞ്ഞു. ആൾക്കൂട്ടം അവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.


ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ് എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാം എന്ന് പൊലീസ് അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു. തുടർന്ന് സുഹാസിനി യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് പമ്പയിലെത്തിയ സുഹാസിനി രാജിനെ ആദ്യം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ തിരിച്ച് മടങ്ങിയത്. 


ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് അവര്‍ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്. ഇവര്‍ ദര്‍ശനത്തിനെത്തിയതല്ല. മറിച്ച് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതാണ്. വിദേശിയായ ഒരു സഹപ്രവര്‍ത്തകനും ഇവര്‍ക്കൊപ്പമുണ്ട്. തനിക്ക് ജോലി ചെയ്യാന്‍ സംരക്ഷണം നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 



Share this News Now:
  • Google+
Like(s): 58