17 October, 2018 09:42:14 PM


തിരുവനന്തപുരം മണ്ണന്തലയിൽ ഫ്ളാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

അനധികൃത നിർമ്മാണ പ്രവർത്തനമാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാർ



തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ ഫ്ളാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ബാലരാമപുരം സ്വദേശി ജയനാണ് മരിച്ചത്. അനധികൃത നിർമ്മാണ പ്രവർത്തനമാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണന്തല മന്നാംകോണത്ത് സാൻറോയൽ ബിൽഡേഴ്സിന്റെ പുതിയ ഫ്ളാറ്റ് നിർമ്മാണത്തിനിടെയാണ് അപകടം. കെട്ടിടത്തിന്റെ പൈലിംഗ് വർക്ക് നടക്കുന്നതിനിടെ തൊഴിലാളിയായ ജയന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.


ഫ്ളാറ്റ് നിർമ്മാണത്തിനായി അനധികൃതമായി മണ്ണെടുക്കുന്നുവെന്നാരോപിച്ച് മൂന്ന് മാസം മുൻപ് മൈനിംഗ് ആൻഡ് ജിയോളൊജി വകുപ്പിനും ജില്ലാ കളക്ടർക്കും നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മൈനിംഗ് ആൻഡ് ജിയോളൊജി വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മണ്ണെടുത്തിതിനെ തുടർന്ന് സമീപത്തുള്ള വീടുകൾ അപകടാവസ്ഥയിലാണ്.  സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം കളക്ടർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.



Share this News Now:
  • Google+
Like(s): 42