17 October, 2018 11:47:09 AM


സപ്‌ളൈകോ: പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ തുക അനുവദിക്കും

സപ്‌ളൈകോയിലെ അഴിമതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യും




കൊച്ചി: കേരള സ്റ്റേറ്റ് സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ഔട്ട്‌ലെറ്റുകള്‍ ആധുനികവത്കരിക്കുന്നതിനും സബ്‌സിഡി നല്‍കുന്നതിനും ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും സമിതി ചെയര്‍മാനായ സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. എറണാകുളം സപ്‌ളൈകോ ഹെഡ് ഓഫീസിലാണ് കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയോഗം ചേര്‍ന്നത്. 


കൊച്ചി: സപ്‌ളൈകോയിലെ അഴിമതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും സമിതി പറഞ്ഞു.  ഒരു കോടിയിലധികം ജനങ്ങള്‍ ആശ്രയിക്കുന്ന കേരളത്തിന്‍റെ പൊതുവിതരണസംവിധാനത്തിന്‍റെ ഒരു മുഖ്യഭാഗമാണ് സപ്‌ളൈകോ. അവശ്യവസ്തുക്കളുടെ വിതരണത്തില്‍ പ്രധാനപങ്കു വഹിക്കുന്ന സ്ഥാപനമായ സപ്‌ളൈകൊ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ക്രമക്കേടുകള്‍ വച്ചു പൊറുപ്പിക്കില്ലെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സമിതി ചെയര്‍മാന്‍ സി ദിവാകരന്‍ പറഞ്ഞു.  സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍റെ ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ചും യോഗം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. 2033 ഉദ്യോഗസ്ഥര്‍ നേരിട്ടും 1175 പേര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്നവരാണ്. ഇതിനു പുറമെ ദിവസവേതനക്കാരുമുള്‍പ്പെടെ 5000 അധികം പേര്‍ സപ്‌ളൈകോയിലുണ്ട്. ഡെപ്യൂട്ടേഷന്‍ സംവിധാനം കുറച്ച് കൊണ്ടുവരണം. ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് ഉത്തരവാദിത്തപൂര്‍ണവും സുസ്ഥിരവുമായ ഒരു സംവിധാനം സപ്‌ളൈകോയില്‍ ഉണ്ടാവണമെന്നും സമിതി വിലയിരുത്തി. സ്റ്റാഫ് പാറ്റേണ്‍ യുക്തിസഹമായി പുനര്‍ക്രമീകരിക്കാന്‍ എംഡിയോടാവശ്യപ്പെട്ടു.

മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന പല  അവശ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും  റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സംവിധാനം നടപ്പാക്കാനുമുള്ള പദ്ധതികളും സര്‍ക്കാരിനുെണ്ടന്ന്  സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു.

സപ്‌ളൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ അളവ് കുറയ്ക്കരുതെന്നാണ് സമിതിയുടെ നിര്‍ദേശമെന്നും സി ദിവാകരന്‍ പറഞ്ഞു. നിയമസഭയില്‍ സമിതി ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സി ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Google+
Like(s): 23