17 October, 2018 08:57:00 AM


സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഇല്ലെന്ന് പത്മകുമാര്‍; യുവതികള്‍ മല ചവിട്ടിയാല്‍ ശബരിമലയിലേക്കില്ലെന്ന് പ്രയാര്‍

നിലക്കലില്‍ സംഘര്‍ഷം: പൊലീസ് ലാത്തി വീശിയതോടെ സമരക്കാര്‍ ചിതറിയോടി



പത്തനംതിട്ട: ശബരിമല നട ഇന്ന് വൈകീട്ട് തുറക്കാനിരിക്കെ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. സ്ത്രീകള്‍ എത്തുമെന്ന് കരുതുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു. ആരു വന്നാലും ബോർഡിന് പ്രതിഷേധമില്ലെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. അതേസമയം വിവാദ വിഷയങ്ങളോട് പ്രതികരിക്കുന്നില്ലെന്നും പൂജാ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മേല്‍ശാന്തി വി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.  


ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായപരിധിയുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ പിന്നീട് ശബരിമലയിലേക്കില്ലെന്ന് മുന്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിശ്വാസിയെന്ന നിലയില്‍ ശബരിമലയിലേക്ക് പോകുകയാണ്. അയ്യപ്പന്‍ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ ജീവത്യാഗത്തിന് തയ്യാറായാണ് പോകുന്നത്. മല കയറുന്ന ആരെയും തടയാനോ പ്രതിഷേധത്തിനോ ഇല്ല. എന്നെങ്കിലും വിശ്വാസികള്‍ അധികാരത്തില്‍ വരും. അന്ന് ഇപ്പോഴുള്ള നിയമം മാറും. അന്നേ പിന്നീട് മല ചവിട്ടൂ എന്നും പ്രയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി വിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും പ്രയാര്‍ വ്യക്തമാക്കി. 


അതേസമയം നിലക്കലില്‍ വീണ്ടും സംഘര്‍ഷം തുടങ്ങി. സമര പന്തല്‍ പൊളിച്ച് കസേരകള്‍ പൊലീസ് നീക്കിയെങ്കിലും വീണ്ടും സമരക്കാര്‍ എത്താന്‍ സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. സമരപന്തലിന് പുറകിലായി പ്രതിഷേധകര്‍ ഭക്ഷണം തയ്യാറാക്കിയിരുന്ന ഭാഗവും പൊളിച്ച് നീക്കി. പൊലീസ് ലാത്തി വീശിയതോടെ സമരക്കാര്‍ ചിതറിയോടുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 47