16 October, 2018 09:05:38 PM


എറണാകുളം - അങ്കമാലി രൂപതയിലെ 30 ശതമാനം വൈദികരും ബ്ലാക്ക് മാസ് നടത്തുന്നവര്‍ - പി.സി.ജോർജ്

സമരം നടത്തിയ കന്യാസ്ത്രീകളെയും വൈദികരെയും സഭയിൽ നിന്നും പുറത്താക്കണം




ഏറ്റുമാനൂർ: പരിശുദ്ധ ജീവിതം നയിക്കുന്നവരെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ എതിർക്കണമെന്നും വിശ്വാസം സംരക്ഷിക്കാനുള്ള കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും പി.സി.ജോർജ് എം.എൽ.എ. ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ സമരം ചെയ്ത കന്യാസ്ത്രീകളെയും വൈദികരെയും സഭയിൽ നിന്നും പുറത്താക്കണമെന്നും പി.സി.ജോർജ്ജ് ആവശ്യപ്പട്ടു. നീതി തേടി കന്യാസ്ത്രീകൾ സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിനു മുന്നിലാണ്. എറണാകുളത്ത്  ഹൈക്കോടതിയ്ക്ക് മുന്നിൽ തന്നെ സമരം നടത്തിയത് മാധ്യമ വിചാരണ ഉദ്ദേശിച്ചാണ്. പി.സി.ജോർജ് പറഞ്ഞു.

സഭാ വിരുദ്ധ നിലപാടുകൾക്കും മാധ്യമ ഗൂഢാലോചനയ്ക്കുമെതിരെ കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത കോട്ടയം, കുടമാളൂർ, അതിരമ്പുഴ ഫൊറോനകളിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ജോർജ്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയേയും കുടുംബാംഗങ്ങളെയും പതിവ് ശൈലിയിൽ അധിക്ഷേപിക്കാനും പി.സി.ജോർജ് മറന്നില്ല. ബിഷപ്പ് നിരപരാധിയാണന്നും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കതിരെ എല്ലാ തെളിവുകളും തന്‍റെ പക്കലുണ്ടന്നും തെറ്റാണന്ന് കാണ്ടാൽ തന്‍റെ ചെവിക്കുറ്റിക്ക് അടിച്ചോളാനും പി.സി.ജോർജ് പറഞ്ഞു.

65 ലക്ഷം വരുന്ന ക്രിസ്ത്യാനികൾ ഉണ്ടായിട്ടും ഹിന്ദുവും, മുസ്ലീമും എല്ലാം ചേർന്ന് 100ൽ താഴെ ആളുകൾ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്. സമരത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ഭൂരിഭാഗത്തിനും ഒന്നിൽ കൂടുതൽ ഭർത്താക്കന്മാര്‍ ഉളളവരാണന്നും എറണാകുളം - അങ്കമാലി രൂപതയിലെ മുപ്പത് ശതമാനം വൈദികരും ബ്ലാക്ക് മാസ് ആരാധന നടത്തുന്നവരാണന്നും പി.സി.ജോർജ് പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ പ്രസിഡന്‍റ് വർഗ്ഗീസ് ആന്‍റണി അധ്യക്ഷത വഹിച്ചു.

ഡയറക്ടർ ഫാ.ജോസ് മുകുളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോൺ, സിബി മുക്കാടൻ, ഫാ.ടോം കുന്നുംപുറം, ജോയി പാറപ്പുറം, സൈബി അക്കര, ജോസ് പാലത്തിനാൽ, ടോണി ജെ.കോയിത്തറ, ജാൻസൻ ജോസഫ്, പി.വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. കോടതിപടിയിൽ നിന്നും ജപമാല പ്രദക്ഷിണമായാണ് പ്രവർത്തകർ സമ്മേളന വേദിയിലെത്തിയത്. വിലങ്ങണിയിച്ചതിന്‍റെ പ്രതീകമായി കൈയ്യിൽ  വെളുത്ത തുണിയും കെട്ടിയിരുന്നു.




Share this News Now:
  • Google+
Like(s): 952