16 October, 2018 11:51:06 AM


നവകേരളനിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍: പ്രത്യേകസമിതികള്‍ രൂപീകരിച്ചു

പ്രളയാനന്തരകേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും



തിരുവനന്തപുരം: പ്രളയാനന്തരകേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മേല്‍നോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. നവകേരളനിര്‍മ്മാണത്തിന് പൊതുവില്‍ മന്ത്രിസഭ മേല്‍നോട്ടം വഹിക്കും അതിനോടൊപ്പം ഈ രണ്ട് സമിതികളും ഉണ്ടാവും. പദ്ധതിയുടെ മുഖ്യകണ്‍സല്‍ട്ടന്‍സി കെപിഎംജിക്കായിരിക്കും. 

\

മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍,  ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, വ്യവസായി എംഎ യൂസഫലി, സുരക്ഷാവിദഗ്ദ്ധന്‍ മുരലി തുമ്മാരുക്കുടി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.  


ഉപദേശകസമിതിയുടെ ആദ്യയോഗം ഈ മാസം 22-ന് ചേരും എന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭയ്ക്കും ഉപദേശകസമിതിയക്കും സമാന്തരമായാവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രവര്‍ത്തിക്കുക. കേരള പുനര്‍നിര്‍മ്മാണത്തിനായി യുവാക്കളുടെ അടക്കം നൂതനനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി.കേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ തേടി സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. വന്‍തോതിലുള്ള സഹായം കേരളത്തിന് കിട്ടിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ വളരെ വലുതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബാക്കി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാത്രയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. 
 



Share this News Now:
  • Google+
Like(s): 26