14 October, 2018 05:09:28 PM


നാല് ദിവസം മുമ്പ് തിരുവഞ്ചൂരില്‍ നിന്നും കാണാതായ ചിത്രകാരന്‍റെ മൃതദേഹം മീനച്ചിലാറ്റിൽ

തിരുവഞ്ചൂർ തണ്ടാശേരി ചെറുകുന്നേൽ സി.എൻ.ശശിയാണ് മരിച്ചത്




ഏറ്റുമാനൂർ: നാല് ദിവസം മുമ്പ് കാണാതായ ചിത്രകാരന്‍റെ മൃതദേഹം മീനച്ചിലാറ്റിൽ പൊങ്ങി. തിരുവഞ്ചൂർ തണ്ടാശേരി ചെറുകുന്നേൽ പരേതനായ നാരായണന്‍റെ മകൻ സി.എൻ.ശശി (49)യുടെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ തിരുവഞ്ചൂര്‍ പൂവത്തുമൂടിന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് കണ്ടെത്തിയത്. കാക്കത്തോട് പുഴയുമായി സംഗമിക്കുന്നതിനടുത്തായിരുന്നു മൃതദേഹം പൊങ്ങിയത്.


ചിത്രകാരനായ ശശി ഓടിച്ച സ്കൂട്ടര്‍ കഴിഞ്ഞയിടെ ഒരു അപകടത്തില്‍പെട്ടിരുന്നു. ഇടിച്ച വാഹനമുടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആകെ അസ്വസ്ഥനായി മാറിയ ശശി ഏതാനും ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടിലെത്തിയ ശേഷം ഒരു ദിവസം ശശി നീറിക്കാട് ലോറിയില്‍ ചിത്രം വരയ്ക്കുന്നതിനായി പോയിരുന്നു. പിറ്റേന്ന് വീണ്ടും ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശശി പിന്നീട് തിരിച്ചെത്തിയില്ല.


ബന്ധുക്കള്‍ അയര്‍കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം ആറ്റില്‍ പൊങ്ങിയത്. ആറ്റില്‍ മീന്‍ പിടിക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം കരയ്ക്കടുപ്പിച്ച മ‍ൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  ഭാര്യ: വേളൂര്‍ സ്വദേശി ഷൈലമ്മ, മക്കള്‍: വിദ്യാര്‍ത്ഥികളായ ഷാലു, ശരത്.



Share this News Now:
  • Google+
Like(s): 515