13 October, 2018 07:11:34 PM


ഓപ്പറേഷന്‍ കുബേര: കോടികളുടെ ഇടപാട് നടത്തി ഏറ്റുമാനൂരിൽ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍

വ്യാപാരിയുടെ മരണവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കും





ഏറ്റുമാനൂര്‍: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഏറ്റുമാനൂരില്‍ നടന്ന അറസ്റ്റിലായ കാണക്കാരി മനോജ് നിവാസില്‍ ജോസഫിന്‍റെ മകന്‍ ചില്ല് മനോജ് എന്നറിയപ്പെടുന്ന മനോജ് ജോസഫിനെ (41) ഇന്നലെ കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. അതേ സമയം ഇയാളില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങല്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍  ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ഈടായി പിടിച്ചെടുത്ത അര കോടി രൂപയോളം വിലമതിക്കുന്ന ബന്‍സ് കാര്‍, 21 ആധാരങ്ങള്‍, 17 ആര്‍.സി.ബുക്കുകള്‍, നൂറോളം തുകയെഴുതാത്ത ചെക്കുകള്‍, 500, 100, 50 രൂപയുടെ നിരവധി മുദ്രപത്രങ്ങള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ടെമ്പിള്‍ റോഡിലുള്ള ജെസിഎം ടൂറിസ്റ്റ് ഹോമിനോട് ചേര്‍ന്നുള്ള മനോജിന്‍റെ വക മോഡേണ്‍ വുഡ് ഹൗസിലെ പിന്നിലുള്ള രഹസ്യമുറിയിലെ അലമാരയില്‍ നിന്നാണ് രേഖകള്‍ പോലീസ് കണ്ടെടുത്തത്. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന് പരിശോധനയിലാണ് ഇവ കടയില്‍ നിന്നും പിടിച്ചെടുത്തത്. 

പോലീസ് മനോജിന്‍റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങളില്‍ പലതും വായ്പ മേടിച്ചവരോട് തീറെഴുതി വാങ്ങിയതാണത്രേ. ആധാരം തീറെഴുതി വാങ്ങി വായ്പ നല്‍കുകയും പണമടച്ചു കഴിഞ്ഞാലും സ്ഥലം ബ്ലേഡ്കാരന്‍റെ കൈവശമിരിക്കുകയും ചെയ്യുന്ന രീതിയിലുള്ള മാഫിയായാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിച്ചുവരുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍  വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് മാഫിയായ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. ഇയാളുടെ ആത്മഹത്യാക്കുറിപ്പില്‍ താന്‍ കടക്കെണിയിലാണെന്ന് സൂചിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതില്‍ പ്രതിക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മനോജിന്‍റെ സാമ്പത്തിക സ്ത്രോതസിനെ കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് എസ്.ഐ പ്രശാന്ത് കുമാര്‍ പറഞ്ഞു.

മനോജിന്‍റെ കടയിലേതു കൂടാതെ കാണക്കാരിയിലെ വീട്ടിലും പട്ടിത്താനം കവലയ്ക്കു സമീപമുള്ള തറവാട്ട് വീട്ടിലും  മണിക്കൂറുകളോളം പരിശോധന നടന്നിരുന്നു. തളിക്കുളം തമ്പാന്‍കടവ് സ്വദേശി മനോജ് കുമാറിന്‍റെതാണ് പിടിച്ചെടുത്ത ആഡംബരകാറെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബ്ലേഡ് രാജാവ് മഹാരാജയുടെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ബ്ലേഡ് മാഫിയ പോലീസ് നിരീക്ഷണത്തിലായിരുന്നു. മഹാരാജയുടെ വലംകയ്യായ ഏറ്റുമാനൂര്‍ സ്വദേശി പാണ്ടി ബാബു എന്നയാള്‍ നേരത്തെ പിടിയിലായിരുന്നു. ഏറ്റുമാനൂരില്‍ ഇവര്‍ക്കുള്ള വേരുകളെ കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. പിടിയിലായ മനോജിന് അന്തര്‍ സംസ്ഥാന ബ്ലേഡ് മാഫിയായുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ് പോലീസ്.



Share this News Now:
  • Google+
Like(s): 1669