12 October, 2018 09:36:52 PM


ഓപ്പറേഷന്‍ കുബേര: കോടികളുടെ സാമ്പത്തിക ഇടപാട് നടത്തിയ യുവാവ് ഏറ്റുമാനൂരില്‍ അറസ്റ്റില്‍




ഏറ്റുമാനൂര്‍: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഏറ്റുമാനൂരില്‍ നടന്ന റയ്ഡില്‍ കോടികളുടെ സാമ്പത്തിക ഇടപാട് നടത്തി വന്ന യുവാവ് അറസ്റ്റിലായി. കാണക്കാരി മനോജ് നിവാസില്‍ ജോസഫിന്‍റെ മകന്‍ ചില്ല് മനോജ് എന്നറിയപ്പെടുന്ന മനോജ് ജോസഫ് (41) ആണ് പിടിയിലായത്. 

ഈടായി പിടിച്ചെടുത്ത അര കോടി രൂപയോളം വിലമതിക്കുന്ന ബന്‍സ് കാര്‍, 21 ആധാരങ്ങള്‍, 17 ആര്‍.സി.ബുക്കുകള്‍, നൂറോളം തുകയെഴുതാത്ത ചെക്കുകള്‍, 500, 100, 50 രൂപയുടെ നിരവധി മുദ്രപത്രങ്ങള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ടെമ്പിള്‍ റോഡിലുള്ള ജെസിഎം ടൂറിസ്റ്റ് ഹോമിനോട് ചേര്‍ന്നുള്ള മനോജിന്‍റെ വക മോഡേണ്‍ വുഡ് ഹൗസിലെ പിന്നിലുള്ള രഹസ്യമുറിയിലെ അലമാരയില്‍ നിന്നാണ് രേഖകള്‍ പോലീസ് കണ്ടെടുത്തത്. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന് പരിശോധനയിലാണ് ഇവ കടയില്‍ നിന്നും പിടിച്ചെടുത്തത്.

പട്ടിത്താനം കവലയ്ക്കു സമീപമുള്ള തറവാട്ട് വീട്ടിലും കാണക്കാരി - വേദഗിരി റോഡിലുള്ള മനോജിന്റെ വീട്ടിലും മണിക്കൂറുകളോളം പരിശോധന നടന്നു. തളിക്കുളം തമ്പാന്‍കടവ് സ്വദേശി മനോജ് കുമാറിന്റേതാണ് ആഡംബരകാറെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബ്ലേഡ് രാജാവ് മഹാരാജയുടെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ബ്ലേഡ് മാഫിയ പോലീസ് നിരീക്ഷണത്തിലായിരുന്നു. മഹാരാജയുടെ വലംകയ്യായ ഏറ്റുമാനൂര്‍ സ്വദേശി പാണ്ടി ബാബു എന്നയാള്‍ നേരത്തെ പിടിയിലായിരുന്നു. ഏറ്റുമാനൂരില്‍ ഇവര്‍ക്കുള്ള വേരുകളെ കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. പിടിയിലായ മനോജിന് അന്തര്‍ സംസ്ഥാന ബ്ലേഡ് മാഫിയായുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ് പോലീസ്.

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലുടനീളം നടന്ന റയ്ഡിന്റെ ഭാഗമായാണ് ഏറ്റുമാനൂരിലും പരിശോധന നടന്നത്. എസ്‌ഐ കെ.ആര്‍. പ്രശാന്ത് കുമാര്‍,  ഗ്രേഡ് എഎസ്‌ഐ ജയരാജ്, എഎസ്‌ഐമാരായ ദിനേശന്‍, സജി കുര്യോക്കോസ്, എസ്‌സിപിഓമാരായ പ്രമോദ്, ജേക്കബ്, ഉദയന്‍, സിപിഓമാരായ നാരായണന്‍, ബോബി, ഷീബ തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.



Share this News Now:
  • Google+
Like(s): 5992