12 October, 2018 06:42:53 PM


എടിഎം കവര്‍ച്ച: പ്രതികള്‍ എത്തിയത് കോട്ടയം കോടിമതയില്‍ നിന്നും മോഷ്ടിച്ച കാറില്‍

എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്



കൊച്ചി: മധ്യകേരളത്തിൽ നടന്ന എടിഎം കവർച്ചകളിൽ മോഷ്ടാക്കൾ എത്തിയത് കോട്ടയം കോടിമതയിൽ നിന്നു മോഷ്ടിച്ച വാഹനത്തിലായിരുന്നെന്ന് പൊലീസ്.  പാലിയേക്കര ടോൾ പ്ലാസയിലൂടെ വാഹനം കടന്നുപോയിട്ടില്ലെന്നും അന്വേഷണ അന്വേഷണ സംഘം വ്യക്തമാക്കി. കൊച്ചി ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്‍റ് അടിച്ചാണ് കവര്‍ച്ച നടത്തിയത്.  മോഷണത്തിനുശേഷം എടിഎമ്മുകളുടെ ഷട്ടറുകൾ താഴ്ത്തിയിടുകയും ചെയ്തു. 


തൃശൂരിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊരട്ടിയിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടര്‍ കുത്തി തുറന്നാണ് രൂപ കവര്‍ന്നത്. ദേശീയപാതയിലെ എടിഎമ്മാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊള്ളയടിച്ചത്. എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കോട്ടയം വെമ്പള്ളിയിലും എടിഎമ്മിൽ മോഷണ ശ്രമമുണ്ടായി. പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം നടന്ന കോട്ടയത്തെ എടിഎം കവർച്ചയിലും ഉണ്ടായിരുന്നതായി ചാലക്കുടി ‍ഡിവൈഎസ്പി പറഞ്ഞു. 


ഇന്ന് രാവിലെ 10.30 ഓടെയാണ് കൊരട്ടിയിലെ കവര്‍ച്ച അറിഞ്ഞത്. എടിഎം കൗണ്ടറിന്‍റെ ഭിത്തി തുരന്നാണ് പണം അപഹരിച്ചിരിക്കുന്നത്. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 36