12 October, 2018 11:18:10 AM


ക്ഷേത്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പണം എടുക്കുകയല്ല, നല്‍കുകയാണെന്ന് ദേവസ്വം മന്ത്രി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 70 കോടി രൂപയാണ് ദേവസ്വം ക്ഷേത്രങ്ങള്‍ക്കായി നൽകിയത്



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പണമെടുക്കുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി. പണമെടുക്കുകയല്ല കൊടുക്കുകായാണെന്നാണ്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ക്കായി നൽകിയതെന്നും അദ്ദേഹം പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴി‍ഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാന്നും കടകംപള്ളി പറഞ്ഞു.

ക്ഷേത്ര വരുമാനത്തിന്‍റെ നല്ലൊരു ഭാഗം സംസ്ഥാന സർക്കാര്‍ ഖജനാവിലേക്കാണ് പോകുന്നതെന്ന  പ്രചാരണം നവമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വരെ ഈ വാദം ഉയർന്നു വന്നിരുന്നു.



Share this News Now:
  • Google+
Like(s): 63