11 October, 2018 01:20:03 PM


പി കെ ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി

പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും



തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍  പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന് സൂചന. പി കെ ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും.

മന്ത്രി എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടത്തിയത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.

ശശിക്കെതിരെയുള്ള പരാതി പൊലീസിന് നല്‍കാതെ പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്. പരാതി ചിലര്‍ ഗൂഢാലോചന നടത്തി നല്‍കിയതാണെന്ന് പി.കെ.ശശി ആരോപിച്ചിരുന്നു. തന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താന്‍ വേണ്ടിയാണിതെന്നായിരുന്നു ശശിയുടെ ആരോപണം.



Share this News Now:
  • Google+
Like(s): 106