10 October, 2018 06:57:00 PM


എം.ജി. സർവകലാശാല യൂണിയൻ: എസ് എഫ് ഐ തൂത്തുവാരി

നിഖിൽ എസ്. നായർ ചെയർമാൻ ; സായ് കൃഷ്ണ ജനറൽ സെക്രട്ടറി




കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മിന്നുന്ന വിജയം. 27 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 25ലും എസ്എഫ്ഐ വിജയിച്ചു. കെ എസ് യുവിനും, എംഎസ്എഫിനും ഓരോ സീറ്റുകള്‍ ലഭിച്ചു. തുടർച്ചയായി 18-ാം തവണയാണ് എസ്എഫ്ഐ വിജയം കൈവരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ (കുട്ടനാട് താലൂക്ക്) എന്നീ ജില്ലകൾക്ക് കീഴിൽ വിവിധ ക്യാമ്പസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരാണ് മെയിൻ പാനലിലേക്ക് വോട്ട് ചെയ്തത്. 

കഴിഞ്ഞ 17 വർഷങ്ങളിലും മറ്റു വിദ്യാർഥി സംഘടനാ സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ വിജയിച്ചത്.സർവ്വകലാശാല കാമ്പസിലെ യൂണിയൻ തെരഞ്ഞെടുപ്പായ ഡിഎസ്യു തെരഞ്ഞെടുപ്പിലും എസ്എഫ്ഐ വിജയിച്ചിരുന്നു. മുൻപ് നടന്ന യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് സർവ്വകലാശാല തിരഞ്ഞെടുപ്പിലും എസ്എഫ്ഐ  ആധിപത്യം നിലനിർത്തിയത്. 

ചെയർമാനായി ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്നുള്ള നിഖിൽ എസ്. നായരും ജനറൽ സെക്രട്ടറിയായി നെടുങ്കണ്ടം കോളേജ് ഓഫ് അപ്ലൈഡ് സയൻസസിലെ സായ് കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും 191 വോട്ടുകള്‍ വീതം ലഭിച്ചു.


മീനു എം.ബിജു (കോട്ടയം ഗവ. കോളേജ്), കെ.ആർ. അജിത്ത് കൃഷ്ണ (കാലടി ശ്രീശങ്കര കോളേജ്), സഞ്ജീവ് സഹദേവൻ (രാജാക്കാട് എസ്.എസ്.എം. കോളേജ്) എന്നിവരാണ് വൈസ് ചെയർമാന്മാർ. ജോയിന്‍റ് സെക്രട്ടറിമാരായി ആലുവ ഭാരതമാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മിഥു ദേവ് പ്രേം, കോന്നി എം.എം. എൻ.എസ്.എസ്. കോളേജിലെ ജിഷ്ണു ശശികുമാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.


എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അർജുൻ ബാബു (തലയോലപ്പറമ്പ് ഡി.ബി. കോളേജ്), അനന്തു പി. വിനോദ് (കോട്ടയം ബസേലിയസ് കോളേജ്), എം.എസ്. ശരത്കുമാർ (മാന്നാനം കെ.ഇ. കോളേജ്), ജോയൽ അഗസ്റ്റിൻ (ചങ്ങനാശ്ശേരി എസ്.ബി. കോളേജ്), എ.എ. അൽ അമീൻ (ആലുവ എം.ഇ.എസ്. കോളേജ്), കെ.ബി. അസീഫ് (മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്), ഡി. ധനീഷ് കുമാർ (പത്തനംതിട്ട സ്റ്റാസ്), എസ്. സന്ദീപ് (കോന്നി വി.എൻ.എസ്. കോളേജ്), അശ്വിൻ ആർ. പ്രഭു (തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജ്), എം.എച്ച്. നന്ദിനി (കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്), എം.എസ്. ഫാത്തിമ (പെരുമ്പാവൂർ മാർത്തോമാ കോളേജ് ഫോർ വിമൺ), വി.എ. മുഹമ്മദ് അർഷാദ് (മൂവാറ്റുപുഴ ഇലാഹിയ കോളേജ്), ഷാഫി ഷെരീഫ് (മുരിക്കാശ്ശേരി പാവനാത്മ കോളേജ്), ജോമോൾ ജോണി (തൃക്കാക്കര ഭാരതമാതാ കോളേജ്), അനന്തു സെൻ (കോതമംഗലം യെൽദോ മാർ ബസേലിയസ് കോളേജ്).


അക്കൗണ്ട്‌സ് കമ്മിറ്റി അംഗങ്ങൾ: അലക്‌സ് ജോഷി (രാമപുരം മാർ അഗസ്റ്റിനോസ് കോളേജ്), അബൂബക്കർ സിദ്ദിഖ് (മേത്തല ഐ.എൽ.എം. കോളേജ്), റിക്കു മോനി വർഗീസ് (തുരുത്തിക്കാട് ബി.എ.എം കോളേജ്), വിനീത് വിശ്വൻ (റാന്നി സെന്റ് തോമസ് കോളേജ്), പി. വൈദേഹി (പൂത്തോട്ട ശ്രീനാരായണ ലോ കോളേജ്). 255 വോട്ടർമാരിൽ 221 പേർ വോട്ട് രേഖപ്പെടുത്തിയതായി വരണാധികാരിയായ ജോയിന്‍റ് രജിസ്ട്രാർ സാബു തോമസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 203