10 October, 2018 08:51:49 AM


ശബരിമല സ്ത്രീ പ്രവേശനം: ക്ഷത്രിയക്ഷേമസഭയും മന്ത്രിയും തമ്മില്‍ പോര് മുറുകുന്നു

'പന്തളം പാണിനിയും ചേർത്തല ഷേക്സ്പിയറുമായ' മന്ത്രി ചരിത്രം പഠിപ്പിക്കേണ്ടെന്നു ക്ഷത്രിയക്ഷേമസഭ




കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മന്ത്രി ജി.സുധാകരനും ക്ഷത്രിയ ക്ഷേമസഭയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകള്‍ തിരുവിതാംകൂർ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിർവാഹക സമിതിയെയും അവഹേളിക്കുന്നതായിരുന്നു എന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന ക്ഷത്രിയക്ഷേമ സഭ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. 

കോട്ടയത്തു നടന്ന ക്ഷത്രിയ ക്ഷേമസഭയുടെ കൺവൻഷനില്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എൻ. സുരേന്ദ്രനാഥവർമയും ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാനും മന്ത്രിക്കെതിരേ ആഞ്ഞടിച്ചു. ഭാഷാപ്രയോഗത്തിൽ പണ്ടേ പേരെടുത്ത ആളാണ് സുധാകരനെന്നും പാർട്ടിക്കാർക്കിടയിൽ 'പന്തളം പാളിനിയെന്നും ചേർത്തല ഷേക്സ്പിയറെന്നും' വിളിപ്പേരുണ്ടെന്നും ജനറല്‍ സെക്രട്ടറി ആത്മജവർമ തമ്പുരാൻ പ്രതികരിച്ചു. ഇഎംഎസും സി.അച്യുതമേനോനും ഉൾപ്പെടെയുള്ള നേതാക്കൾ ഒളിത്താവളമാക്കിയ പന്തളം കൊട്ടാരത്തിന്‍റെ ചരിത്രം പാർട്ടിക്കാർ മറക്കരുത്. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് പന്തളം കൊട്ടാരം പാർട്ടി ഷെൽറ്ററും നേതാക്കളുടെ ഒളിത്താവളവുമായിരുന്നു.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പലരും കൊട്ടാരത്തിൽ നിന്നുള്ള ഉപ്പും ചോറും ധാരാളം തിന്നിട്ടുള്ള ചരിത്രം സുധാകരനും പാർട്ടിയും മറക്കരുത്. 1950 കാലഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലഘുലേഖ സൂക്ഷിച്ചതിനു കൊട്ടാരത്തിൽ നിന്നു മൂന്നു കുടുംബാംഗങ്ങളെ അന്നു പൊലീസ് അറസ്റ്റു ചെയ്തു. ഇപ്പോഴത്തെ പന്തളം വലിയ തമ്പുരാനായ രേവതിനാൾ പി.രാമവർമ രാജായ്ക്കു അന്നു ലഘുലേഖ വിതരണത്തിന്‍റെ പേരിൽ അധ്യാപക ജോലി നഷ്ടപ്പെട്ടു. ചരിത്രം മറന്നുള്ള മന്ത്രിയുടെ വിടുവായത്തം നിർത്തിയില്ലെങ്കിൽ ഉചിതമായ മറ്റു മാർഗങ്ങൾ തേടുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കാട്ടുന്ന ധാർഷ്ട്യത്തിനെതിരേ ഉചിതമായ നടപടി തേടി കേരള ഗവർണറെ കാണാനും യോഗം തീരുമാനിച്ചു. തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും നടത്തുന്ന സമരത്തിനു കൺവൻഷൻ പിന്തുണ നൽകി. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമയെയും തിരുവിതാംകൂർ രാജകുടുംബത്തെയും അപമാനിച്ച മന്ത്രി സുധാകരന്റെ നടപടിയിൽ നിർവാഹക സംഘവും ക്ഷത്രിയ ക്ഷേമസഭ പന്തളം യൂണിറ്റും പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. രാഘവവർമ അധ്യക്ഷത വഹിച്ചു. 

തിരുവിതാംകൂറില്‍ മഹാറാണിയെന്നൊരു പദവിയില്ലെന്നും ഇപ്പോള്‍ രാജകുടുംബമില്ലെന്നും ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി ജി.സുധാകരന്‍ പറഞ്ഞതാണ് ക്ഷത്രിയക്ഷേമസഭയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. മുന്‍ എസ്‌എഫ്‌ഐക്കാരനായ ശശികുമാര്‍ വര്‍മ പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുന്നു. സര്‍ക്കാരിനെതിരെ അസംബന്ധം പറയാന്‍ ആരാണ് അനുമതി നല്‍കിയത് എന്നും മന്ത്രി ചോദിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 200