09 October, 2018 04:47:48 PM


മീ ടൂ വെളിപ്പെടുത്തല്‍; മുകേഷിനെതിരെ വ്യാപക പ്രതിഷേധം, കൊല്ലത്ത് കോലം കത്തിച്ചു

ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ബിന്ദു കൃഷ്ണ



കൊല്ലം: മീ ടു കാംപയിന്‍റെ ഭാഗമായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിനെതിരായ ആരോപണം ഗൗരവത്തോടെ കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജവയ്ക്കണമെന്ന്  ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോൺഗ്രസ് ദേശീയപാത  ഉപരോധിക്കുന്നു. മുകേഷിന്‍റെ കോലം കത്തിച്ചു.


ബിജെപി പ്രവര്‍ത്തകരും മുകേഷിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നാളെ മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുകേഷിന്‍റെ വീടിന്‍റെ പരിസരത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സമരങ്ങള്‍ 200 മീറ്റര്‍ അകലെ പൊലീസ് തടയുകയാണ്.


മുകേഷ് മോശമായി പെരുമാറിയെന്ന ആരോപണവുമായി ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായ ടെസ ജോസഫ് രംഗത്തെത്തിയിരുന്നു. മീടു കാംപയിന്‍റെ ഭാഗമായി ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്‍റെ തുറന്നുപറച്ചില്‍. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്‍ മുകേഷ് നിരന്തരം വിളിച്ച് മോശമായി പെരുമാറിയതായും തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നുമാണ് ടെസ് ജോസഫ് പറയുന്നത്.  


കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മി ടൂ ക്യമ്പയിന്‍റെ ഭാഗമായി നടത്തിയ ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ബിന്ദു കൃഷ്ണ. സിപിഎമ്മിന്‍റെ എംഎൽഎ മാര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളുടെ നിര നീളുകയാണ്. നിയമനടപടികൾക്ക് മുകേഷ് വിധേയനാകണം. രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടാണ് സിപി.എമ്മിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടുപോകുന്നത്. പാർട്ടി നിയമവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സമാന്തര സംവിധാനം ഉപയോഗിച്ചുകൊണ്ട് ആരോപണ വിധേയരെ രക്ഷിക്കുന്നുവെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു. 





Share this News Now:
  • Google+
Like(s): 85