08 October, 2018 06:36:51 PM


കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെ അനധികൃതനിര്‍മ്മാണം: അനുമതി നല്‍കിയത് തഹസില്‍ദാരെന്ന് നഗരസഭ

സര്‍ക്കാര്‍ കെട്ടിടത്തിലെ വൈദ്യുതി കണക്ഷന്‍ സ്വകാര്യവ്യക്തിയുടെ പേരില്‍




കോട്ടയം: കോട്ടയം മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മില്‍മാ ബൂത്ത് തങ്ങളുടെ അറിവോടെയല്ലെന്ന് താലൂക്ക് അധികാരികള്‍ പറയുന്നത് വ്യാജമെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുമായി നഗരസഭാ സെക്രട്ടറി.  ഈ സ്ഥാപനം സര്‍ക്കാര്‍ വളപ്പില്‍ എങ്ങിനെ വന്നുവെന്നോ ആര് അനുമതി നല്‍കിയെന്നോ യാതൊരു രേഖകളുമില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ഡപ്യൂട്ടി തഹസില്‍ദാര്‍ മറുപടി നല്‍കിയത്. എന്നാല്‍ 1993ലെ തഹസില്‍ദാരാണ് മില്‍മ ബൂത്തിന് അനുമതി നല്‍കിയതെന്നാണ് നഗരസഭാ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.


ഈ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയോ നമ്പരോ നല്‍കിയിട്ടില്ലെന്നും കട നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും മില്‍മാ ബൂത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും നേരത്തെ നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നു. കടയെകുറിച്ച് അന്വേഷിച്ചുള്ള കത്തുകള്‍ താലൂക്കിലും അനുബന്ധ ഓഫീസുകളിലും ലഭിച്ച പിന്നാലെ ബൂത്ത് പൊളിച്ചുമാറ്റുവാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് തനിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന രേഖകളുമായി കടയുടമ നഗരസഭയെ സമീപിച്ചുവെന്ന് സെക്രട്ടറി  പറഞ്ഞു.


കടയുടമ നല്‍കിയ രേഖകള്‍ പ്രകാരം മില്‍മാ ബൂത്ത് പ്രവര്‍ത്തിക്കുന്നതിനും വൈദ്യുതി കണക്ഷനും അപേക്ഷ നല്‍കിയത് അന്നത്തെ തഹസില്‍ദാര്‍ ആയിരുന്നുവെന്നാണ് സെക്രട്ടറി പറയുന്നത്. അതേസമയം കെട്ടിത്തിന് നിര്‍മ്മാണാനുമതി വാങ്ങിയിരുന്നില്ല. വിവാദകെട്ടിടത്തിന്‍റെ ഉടമയും അനധികൃതനിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കേണ്ട ആളും തഹസില്‍ദാരാണെന്നാണ് ഡപ്യൂട്ടി തഹസില്‍ദാര്‍ ഒരേ സമയം പറയുന്നത്. അങ്ങനെയിരിക്കെ അനധികൃതമായി ഈ കെട്ടിടം എങ്ങിനെ പണിതുവെന്നും ചോദ്യമുയരുന്നു.


കെട്ടിടനമ്പരില്ലാതെ കെഎസ്ഈബി വൈദ്യുതി കണക്ഷന്‍ നല്‍കിയത് ക്രമവിരുദ്ധമെന്ന് നഗരസഭാ സെക്രട്ടറി പറയുന്നു. സര്‍ക്കാര്‍ വക കെട്ടിടത്തില്‍ സ്വകാര്യവ്യക്തിയുടെ പേരില്‍ ഡൊമസ്റ്റിക് കണക്ഷന്‍ നല്‍കിയതും വിവാദമാകുകയാണ്. അതേസമയം കണക്ഷന് വേണ്ടി ഹാജരാക്കിയ രേഖകള്‍ ഓഫീസില്‍ ലഭ്യമല്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ പക്ഷം. നഗരസഭാ ആരോഗ്യ വിഭാഗത്തിന്‍റെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയോ അനുമതിയും മില്‍മാ ബൂത്തിനില്ല.


സ്ഥാപനമുടമയില്‍ നിന്ന് വാടക, തറവാടക, മറ്റിതര ഫീസുകള്‍ എന്നിങ്ങനെ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട യാതൊന്നും തന്നെ അധികൃതര്‍ ഇന്നേ വരെ ശേഖരിച്ചിട്ടില്ല. ഈ കോമ്പൗണ്ടില്‍ കട നടത്തുന്നതിന് ഏതെങ്കിലും ചാരിറ്റബിള്‍ സൊസൈറ്റിക്കോ കുടുംബശ്രീ യൂണിറ്റിനോ വ്യക്തികള്‍ക്കോ റവന്യു വകുപ്പ് അനുവാദം നല്‍കിയിട്ടില്ലെന്ന് ഡപ്യൂട്ടി തഹസില്‍ദാര്‍ (എച്ച്ക്യു) വ്യക്തമാക്കുന്നത്. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന കട എന്നു മുതല്‍ക്കാണ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നതെന്നുള്ളതിന്‍റെ രേഖകളും താലൂക്ക് ഓഫീസില്‍ ലഭ്യമല്ലത്രേ. ഈ സാഹചര്യത്തില്‍ കടയുടമ നഗരസഭയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമായിരിക്കാം എന്നാണ് ഒരു റവന്യു ഉദ്യോഗസ്ഥന്‍ പറയുന്നത്.



Share this News Now:
  • Google+
Like(s): 259