07 October, 2018 07:52:40 PM


ലഹരിക്കടിമയായ യുവാവിന്‍റെ ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്; വീടുകളും ഓട്ടോയും തകര്‍ത്തു

ഏറ്റുമാനൂര്‍ പട്ടിത്താനം പൊയ്കപ്പുറം കോളനി രാമനാട്ട് നവാസ് പോലീസ് കസ്റ്റഡിയില്‍




ഏറ്റുമാനൂര്‍: പട്ടിത്താനം പൊയ്കപ്പുറം കോളനിയില്‍ ലഹരിക്കടിമയായ യുവാവ് നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ കല്ലേറില്‍ തകര്‍ന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തു. അക്രമാസക്തനായി നിന്ന യുവാവിനെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലിസില്‍ ഏല്‍പ്പിച്ചു. രാമനാട്ടു വീട്ടില്‍ നവാസാണ് (40) പിടിയിലായത്. പരിക്കേറ്റ ഏഴുംകാലായില്‍ ജഗാംഗീര്‍ (32), ഭാര്യാമാതാവ് സുബൈദ (65) എന്നിവരെ കോട്ടയം കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച മൂന്നര മണിയോടെയായിരുന്നു സംഭവം. അക്രമത്തില്‍ നാല് വീടുകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്. ജഹാഗീറിന്‍റെ  ഓട്ടോറിക്ഷയും ഒട്ടേറെ വീട്ടുപകരണങ്ങളും തകര്‍ത്തു. സുറുമി മന്‍സിലില്‍ ജിന്ന, ഉപ്പകണ്ണില്‍ അജി, കരിമ്പാനിയില്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ വീടുകള്‍ക്കും ഭാഗികമായി നാശമുണ്ടായി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പിടിച്ചുകെട്ടി കൊണ്ടുപോവുകയായിരുന്നു. 

ലഹരിയില്‍ സ്ഥിരമായി ബഹളമുണ്ടാക്കുന്ന നവാസിനെതിരെ ഒരു മാസം മുന്‍പ് ഏറ്റുമാനൂര്‍ പോലീസിലും ജില്ലാ പോലീസ് മേധാവിക്കും അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് കോളനിയിലെ ഒന്‍പത് പേര്‍ ചേര്‍ന്ന് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റിനു പരാതി നല്‍കി. തുടര്‍ന്ന് ശനിയാഴ്ച പരാതിക്കാരോട് കോടതിയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മജിസ്ട്രേറ്റ് അവധിയിലായതിലാല്‍ കേസ് പരിഗണിക്കുന്നത് 27-ാം തിയതിയിലേയക്ക് മാറ്റി. ഇതായിരിക്കാം നവാസിനെ ചെടിപ്പിച്ചതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.



Share this News Now:
  • Google+
Like(s): 344