06 October, 2018 10:51:34 AM


ഇറാന് മേല്‍ അമേരിക്കയുടെ സാമ്പത്തിക ഉപരോധം തള്ളി ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നു

നവംബറില്‍ ഇറാനില്‍ നിന്ന് 9 മില്ല്യണ്‍ ബാരല്‍ എണ്ണ കൂടി എടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു



ദില്ലി: ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ സാന്പത്തിക ഉപരോധം തള്ളി ഇന്ത്യ. നവംബറില്‍ ഇറാനില്‍ നിന്ന് 9 മില്ല്യണ്‍ ബാരല്‍ എണ്ണ കൂടി എടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ നവംബര്‍ നാല് മുതല്‍ നിലവില്‍ വരുന്ന യുഎസ് ഉപരോധം മറികടന്നാണ് കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്. 


നവംബറിലും ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ ശുദ്ധീകരിക്കാനുണ്ടാവും എന്ന നിര്‍ദ്ദേശം എണ്ണകമ്പനികള്‍ക്ക് ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 6 മില്യണ്‍ ബാരലുകളും  മംഗ്ലുരൂ റിഫൈനറിയില്‍ 3 മില്യണ്‍ ബാരല്‍ ഓയിലും ശുദ്ധീകരിക്കും എന്നാണ് സൂചന. ഒക്ടോബറില്‍ പത്ത് മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ അടുത്ത മാസം ഇറക്കുമതിയില്‍ കുറവുണ്ടാവും. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. 


നിലവില്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയ്ക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്ക പദ്ധതിയിട്ട രീതിയില്‍ പൂര്‍ണമായും ഇറാനെ ഉപേക്ഷിക്കാന്‍ ഇന്ത്യ തയ്യാറാവില്ലെന്നാണ് ദില്ലിയുടെ പുതിയ നീക്കങ്ങളില്‍ വ്യക്തമാക്കുന്നത്. ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ ഉപരോധ നടപടികളോട് മാത്രമേ ഇന്ത്യ സഹകരിക്കൂവെന്നും രാജ്യങ്ങളുടെ ഉപരോധ നടപടികളുമായി സഹകരിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 48