06 October, 2018 08:10:11 AM


കുപ്പി അരയില്‍ താഴ്‌ത്തേണ്ട; മദ്യത്തിനൊപ്പം ഇനി പ്രകൃതി സൗഹാര്‍ദ പേപ്പര്‍ സഞ്ചിയും

ബിവറേജസ് കോര്‍പ്പറേഷന്‍റെ 270 ഷോപ്പുകളിലും മദ്യം പേപ്പറില്‍ പൊതിഞ്ഞാണ് നല്‍കുന്നത്





തിരുവനന്തപുരം: മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ബിവറേജസ് ഒൗട്ട്‌ലെറ്റുകളില്‍ നിന്നും കുപ്പി വാങ്ങി അരയില്‍ താഴ്‌ത്തേണ്ടി വരില്ല. മദ്യം കൊണ്ടുപോകാനായ് ബിവറേജസ് ഷോപ്പുകളില്‍ നിന്നും പ്രകൃതി സൗഹാര്‍ദ പേപ്പര്‍ സഞ്ചികള്‍ ലഭിക്കും.  എന്നാല്‍ ഈ ബാഗുകള്‍ സൗജന്യമല്ല, അതിന് വില നല്‍കണം. അധികം വൈകാതെ ക്യാരി ബാഗുകള്‍ ബിവറേജസ് ഷോപ്പുകളില്‍ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു.


ബിവറേജസിന്റെ 270 ഷോപ്പുകളില്‍ നിന്നും മദ്യം പേപ്പറില്‍ പൊതിഞ്ഞാണ് നല്‍കുന്നത്. ചില ഷോപ്പുകളില്‍ അതും ഇല്ല. മദ്യം വാങ്ങാനെത്തുന്നവര്‍ കവര്‍കൂടി കൊണ്ടുവരേണ്ട അവസ്ഥയാണ്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാനാണ് ബിവറേജസ് തന്നെ കടലാസ് സഞ്ചികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ക്യാരി ബാഗുകളില്‍ പരസ്യം ചെയ്യാനുള്ള ശ്രമവും കോര്‍പ്പറേഷന്‍ നടത്തിയിരുന്നു. എന്നാല്‍ ആരും ടെന്‍ഡര്‍ എടുക്കാതെ വന്നതോടെ അത് നടന്നില്ല.


മദ്യം വില്‍ക്കുന്ന സ്ഥാപനമായതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന് സ്വന്തം പേര് ബാഗില്‍ പതിക്കാനാകില്ല. അതുകൊണ്ടാണ് സ്വകാര്യസംരംഭകരെ ക്ഷണിച്ചത്. പരസ്യം കിട്ടിയിരുന്നെങ്കില്‍ അതിനനുസരിച്ച് സഞ്ചിയുടെ വില കുറയ്ക്കാമായിരുന്നെന്ന് അധികൃതര്‍ പറയുന്നു. മുമ്പ് പ്രീമിയം കൗണ്ടറുകളില്‍ പത്ത് രൂപ വിലയ്ക്ക് ക്യാരി ബാഗുകള്‍ നല്‍കിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തി. കോര്‍പ്പറേഷന്‍റെ ഷോപ്പുകളില്‍ ദിവസം 12 ലക്ഷം പേര്‍ മദ്യം വാങ്ങാനെത്തുന്നുണ്ട്. ഒരു ഷോപ്പിലെ ദിവസ ശരാശരി ഉപഭോക്താക്കള്‍ 4500 ആണ്. ഒരു വര്‍ഷം 55 കോടി കുപ്പി മദ്യമാണ് വില്‍ക്കുന്നത്.



Share this News Now:
  • Google+
Like(s): 257