05 October, 2018 08:25:19 AM


ആഗോളതലത്തില്‍ വന്‍ സൈബര്‍ അട്ടിമറി : റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍

നാല് റഷ്യന്‍ ഏജന്‍റുമാരെ കഴിഞ്ഞ ദിവസം നെതര്‍ലാന്‍റ്സ് പുറത്താക്കിയിരുന്നു



ലണ്ടന്‍: റഷ്യന്‍ ചാരന്മാര്‍ ആഗോളതലത്തില്‍ വന്‍ സൈബര്‍ അട്ടിമറി നടത്തിയതായി ആരോപണം. സൈബര്‍ ആക്രമണം ആരോപിച്ച് നാല് റഷ്യന്‍ ഏജന്‍റുമാര്‍ എന്ന് ആരോപിക്കുന്നവരെ കഴിഞ്ഞ ദിവസം നെതര്‍ലാന്‍റ്സ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും ഇത്തരം ഒരു ആരോപണം ഉന്നയിച്ച് മുന്നോട്ട് വന്നത്. ഇത് സംബന്ധിച്ച് ഏഴ് റഷ്യന്‍ രഹസ്യന്വേഷണ ഏജന്‍റുമാര്‍ക്കെതിരെ അമേരിക്ക കുറ്റാരോപണം നടത്തി കഴിഞ്ഞു.


ആഗോള സൈബര്‍ ആക്രമണ നീക്കത്തില്‍ ആഗോള രാസയുധ നിരീക്ഷണ ഏജന്‍സി, ഉത്തേജക മരുന്ന് നിരീക്ഷണ ഏജന്‍സി, അമേരിക്കന്‍ അണവ കമ്പനി എന്നിവ ഉള്‍പ്പെടുന്നു എന്നാണ് ആരോപണം. ആഗോളതലത്തില്‍ തന്നെ സംഘടിതമായ സൈബര്‍ ആക്രമണം റഷ്യ കേന്ദ്രീകരിച്ച് നടക്കുന്നു എന്നതിന്‍റെ ഭാഗമാണ് പുതിയ ആരോപണം എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.  നെതര്‍ലാന്‍റ്സ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാം റഷ്യയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ പാശ്ചാത്യരാജ്യങ്ങളുടെ പേടി മാത്രമാണ് എന്നാണ് റഷ്യന്‍ പ്രതികരണം. 


കഴിഞ്ഞ ദിവസം നെതര്‍ലാന്‍റ് അന്താരാഷ്ട്ര രാസയുധ നിര്‍മ്മാര്‍ജ്ജന സംഘടന (ഒപിസിഡബ്യൂ) വിനെതിരായ സൈബര്‍ ആക്രമണത്തിന്‍റെ പേരില്‍ നാല് റഷ്യക്കാരെ രാജ്യത്ത് നിന്നും പുറത്താക്കിയിരുന്നു. ഇവരുടെ പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നും ബ്രസീല്‍, സ്വിസ്, മലേഷ്യ രാജ്യങ്ങളില്‍ ചില സംശയകരമായ ഇടപെടല്‍ നടത്തിയ തെളിവുകള്‍ കണ്ടെത്തിയതായി പറയുന്നു. കായിക രംഗത്ത് ഉത്തേജക വിരുദ്ധ ഏജന്‍സികളെ ഹാക്ക് ചെയ്തത് മുതല്‍  മലേഷ്യന്‍ വിമാന തിരോധാനത്തിലെ അന്വേഷണ റിപ്പോര്‍ട്ട് വരെ റഷ്യന്‍ ഹാക്കര്‍മാര്‍ തിരുത്തിയെന്നാണ് ആരോപണം വരുന്നത്.



Share this News Now:
  • Google+
Like(s): 36