05 October, 2018 07:47:10 AM


''ലുബാന്‍'' ഞായറാഴ്ച കേരളത്തിൽ; അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നുവിടുന്നു

അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനം അതീവ ജാഗ്രതയില്‍തിരുവനന്തപുരം: കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ''ലുബാന്‍'' ചുഴലിക്കാറ്റായി കേരള തീരത്തെത്തുമെന്ന ആശങ്ക നിലനില്‍ക്കെ, ശക്തമായ മഴ തുടങ്ങി. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനം അതീവ ജാഗ്രതയില്‍. പല അണക്കെട്ടുകളില്‍നിന്നും വെള്ളം തുറന്നുവിടാന്‍ തുടങ്ങി. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് കുറയ്ക്കാനായി ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നേക്കും. മുല്ലപ്പെരിയാറില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് ജലനിരപ്പ് മൂന്നടി ഉയര്‍ന്നു.


ഇടുക്കിയില്‍ നാളെ വരെ ഓറഞ്ച് അലെര്‍ട്ടും ഏഴിനു റെഡ് അലെര്‍ട്ടും എട്ടിന് ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂരിലും പാലക്കാട്ടും നാളെ ഓറഞ്ച്, ഏഴിനു റെഡ് അലെര്‍ട്ടാണ്. മലപ്പുറത്തു റെഡ് അലെര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നു മുതല്‍ എട്ടു വരെ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി മലയോര മേഖലയിലും അതിരപ്പള്ളിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മലമ്പുഴ, മാട്ടുപ്പെട്ടി, മലങ്കര, ആനയിറങ്കല്‍, പൊന്മുടി, പോത്തുണ്ടി, മംഗലം, കുണ്ടള, ഇടമലയാര്‍ അണക്കെട്ടുകളില്‍ നിന്നാണു വെള്ളം തുറന്നുവിട്ടത്. മഴ ശക്തമായാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. മീങ്കര, വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ ആലോചനയുണ്ട്.


മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ മൂന്നടി ഉയര്‍ന്ന് 130 അടിയിലെത്തി. ഇടുക്കിയില്‍ ഇന്നലെ 2387.76 അടിയാണു ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 20 അടി കൂടുതല്‍. പരമാവധി സംഭരണശേഷിയിലേക്കു 15 അടി കൂടിയുണ്ടെങ്കിലും കനത്ത മഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നു കലക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ചേരും. അണക്കെട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ബാണാസുരസാഗര്‍, കുറ്റിയാടി അണക്കെട്ടുകളില്‍നിന്നു ചെറിയ തോതില്‍ ജലം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്.


ശബരിമലയില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി അണക്കെട്ടുകളിലെ ജലം ഒഴുക്കിവിടുക.തമിഴ്‌നാടിന്റെ അധീനതയിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്പോള്‍ത്തന്നെ പൂര്‍ണശേഷിക്കടുത്താണ്. ഷോളയാറിന്റെ ഒരു ഷട്ടറും പൊരിങ്ങല്‍കുത്തിന്റെ രണ്ടു സ്ലൂയിസ് ഗേറ്റുകളും ചെറുതായി തുറന്നു. ഓഗസ്റ്റില്‍ ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നതു മഹാപ്രളയത്തിന്റെ തീവ്രത കൂട്ടിയിരുന്നു. പലയിടത്തും തുറന്നുവിടുന്നതിനു മുമ്പ് മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇക്കുറി അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നു നിര്‍ദേശമുണ്ട്.


കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും തയാറെടുപ്പുകളിലാണ്. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി കഴിഞ്ഞയാഴ്ച പോയവരില്‍ 20 ശതമാനം പേര്‍ മടങ്ങിയെത്തിയിട്ടില്ല. സാറ്റെലെറ്റ് ഫോണ്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല.Share this News Now:
  • Google+
Like(s): 397