04 October, 2018 07:41:14 PM


നിഷാ ജോസ് കെ മാണിയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: മജീഷ്‌ കൊച്ചുമല റിമാന്‍റില്‍

മജീഷ്‌ കഴിഞ്ഞ 6 മാസത്തോളമായി ഒളിവിലായിരുന്നുവെന്ന് പോലീസ്





പാലാ : നിഷ ജോസ്‌ കെ.മാണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ കേസിലെ പ്രതി മജീഷ്‌ കൊച്ചുമലയെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്റ്‌ ചെയ്‌തു. പ്രതിയായ മജീഷ്‌ ഏറ്റുമാനൂര്‍ സ്വദേശിയാണ്‌. മജീഷ്‌ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരത്തെ ജില്ലാ കോടതിയും, ഹൈക്കോടതിയും, സുപ്രിം കോടതിയും തള്ളിയിരുന്നു. ഇന്ന് രാവിലെ പാലാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. മജീഷ്‌ കഴിഞ്ഞ 6 മാസത്തോളമായി ഒളിവിലായിരുന്നു.

ഫെയ്‌സ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല പ്രചരണം നടത്തുക എന്ന ഗുരുതരമായ കുറ്റകൃത്യമാണ്‌ പ്രതിക്കെതിരെ ചുമത്തിയിട്ടുളളത്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതിനു വേണ്ടി ചിലര്‍ കരുതികൂട്ടി അപവാദ പ്രചരണം നടത്തുന്നതായി കാണിച്ച്‌ നിഷ ജോസ്‌ കെ.മാണി കോട്ടയം ജില്ലാ പോലീസ്‌ സൂപ്രണ്ടിന്‌ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന്‌ കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ പാലാ പോലീസ്‌ കേസെടുത്തത്‌. 

മജീഷിനെക്കൂടാതെ ജെയിംസ്‌ ചാക്കോ, ഫിറോസ്‌ ഫീറു ഒറ്റപ്പാലം, സിബിച്ചന്‍ എബ്രഹാം, അന്‍സാര്‍ എന്നി പേരുകളില്‍ കാണുന്ന ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ ഉടമകളെ പ്രതി ചേര്‍ത്ത്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട്‌ വകുപ്പുകള്‍ ചുമത്തിയാണ്‌ കേസെടുത്തത്‌. സമാനമായ കേസില്‍ വ്യാജപ്രജരണം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ നടത്തിയ മറ്റ്‌ പ്രതികള്‍ക്കെതിരായും അറസ്റ്റും മറ്റ്‌ നിയമനടപടികളും വരും ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ്‌ പോലീസ് സൂചിപ്പിക്കുന്നത്.  



Share this News Now:
  • Google+
Like(s): 1973