03 October, 2018 09:39:14 PM


'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും' ഗാന ഗന്ധര്‍വ്വന്‍ മൂഴികുളങ്ങരയില്‍

നാല് വെച്ചൂര്‍ പശുക്കളെയാണ് യേശുദാസ് മൂഴിക്കുളങ്ങരയില്‍ വളര്‍ത്തുന്നത്




കോട്ടയം: 'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും' ഗാന ഗന്ധര്‍വ്വന്‍ യേശുദാസും ഭാര്യ പ്രഭയും. ഒരു വര്‍ഷം മുമ്പ് താന്‍ ഏല്‍പ്പിച്ചു പോയ പ്രിയ ഗോക്കളെ കാണുവാനും താലോലിക്കുവാനും ഗാനഗന്ധര്‍വ്വന്‍ ഇന്നലെ ഭാര്യാസമേതനായി ഏറ്റുമാനൂരിനടുത്തുള്ള മൂഴിക്കുളങ്ങരയില്‍ എത്തി. ഗോപരിപാലനത്തില്‍ ഏറെ തല്‍പരനായ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് നാടന്‍പശുക്കളുടെ മഹത്വവും പൂര്‍ണ്ണമായും ഉള്‍കൊണ്ടുകൊണ്ടാണ് വെച്ചൂര്‍ പശുക്കളെ വളര്‍ത്തുവാന്‍ തീരുമാനിച്ചത് ഏതാനും വര്‍ഷം മുമ്പ്. 

പക്ഷെ താന്‍ വാങ്ങിയ നാല് പശുക്കളെ വളര്‍ത്താന്‍ ചെന്നൈയില്‍ അഭിരാമപുരത്ത് തന്‍റെ വാസസ്ഥലത്ത് സൗകര്യം ഇല്ലാതെ വന്നതുകൊണ്ട് അവയെ കേരളത്തില്‍ എത്തിക്കുകയായിരുന്നു. മൂഴികുളങ്ങര കറുത്തേടത്ത് പാഴൂര്‍ മനയില്‍ ഡോ.ജയദേവന്‍നമ്പൂതിരിയെയാണ് യേശുദാസ് ഇതിനായി കണ്ടെത്തിയത്. ഇതിന് മുമ്പ് കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയുടെ ഗോശാലയില്‍ രണ്ട് വര്‍ഷം നിര്‍ത്തിയിരുന്നു. പ്രതീക്ഷിച്ച പോലെ പരിചരണം ലഭിക്കാതെ വന്നതോടെ കേരളത്തിലെ കാലാവസ്ഥയില്‍ പശുക്കളെ വളര്‍ത്തുവാന്‍ യേശുദാസ് തീരുമാനിക്കുകയായിരുന്നു. 

അതിനുള്ള സാഹചര്യം അന്വേഷിക്കുന്നതിനിടയിലാണ് ഡോ.ജയദേവന്‍ നമ്പൂതിരിയെ കുറിച്ച് കേട്ടറിഞ്ഞത്. കഴിഞ്ഞ 25 വര്‍ഷമായി നാടന്‍ പശു പരിപാലനത്തില്‍ വ്യാപൃതനായി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ജയദേവന്‍ നമ്പൂതിരിയെ കുറിച്ച് അറിഞ്ഞ യേശുദാസ് പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. തന്‍റെ പ്രിയപ്പെട്ട പശുക്കളുടെ സംരക്ഷണചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. 

ഒരു വര്‍ഷം മുമ്പ് പശുക്കളുടെ സംരക്ഷണകാര്യവുമായി ഗാനഗന്ധര്‍വന്‍ തന്നെ സമീപിച്ചപ്പോള്‍ അത്ഭുതമാണുണ്ടായതെന്ന് ജയദേവന്‍ പറയുന്നു. വെറുതെ ജാഡയ്ക്കു വേണ്ടി പശുക്കളെ വളര്‍ത്തുന്ന ആളല്ല യേശുദാസെന്നും വെച്ചൂര്‍ പശുക്കളുടെ ഗുണഗണങ്ങളെ കുറിച്ച് ശരിക്കും ബോധവാന് ഇദ്ദേഹമെന്നും ജയദേവന്‍ നമ്പൂതിരി സാക്ഷ്യപെടുത്തുന്നു. യേശുദാസിനും കുടുംബത്തിനും ആവശ്യമായ നെയ്യും മറ്റും ഇവിടെ നിന്ന് കൊടുത്തു വിടാറുമുണ്ട്. 



Share this News Now:
  • Google+
Like(s): 436