02 October, 2018 06:58:01 AM


'കാപ്പി കൊടുത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി'; 35 വര്‍ഷമായുള്ള കയ്യേറ്റം അറിഞ്ഞില്ലെന്ന് അധികൃതര്‍

കോട്ടയം മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ മില്‍മാ ബൂത്ത് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി
കോട്ടയം: സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളില്‍ സ്വകാര്യ കച്ചവടസ്ഥാപനങ്ങള്‍ പെരുകുന്നു. അതും സര്‍ക്കാര്‍ ചെലവില്‍. കളക്ട്രേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളെകുറിച്ചുള്ള അന്വേഷണത്തില്‍ 99 ശതമാനവും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മില്‍മാ ബൂത്തില്‍ നിന്നാണ് ഈ സര്‍ക്കാര്‍ വളപ്പിലെ എല്ലാ ഓഫീസുകളിലും ചായ ലഭ്യമാകുന്നത്. പക്ഷെ 35 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം എങ്ങിനെ ഇവിടെ വന്നുവെന്നോ ആര് അനുമതി നല്‍കിയെന്നോ യാതൊരു രേഖകളുമില്ല.


മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ വെള്ളവും മറ്റു സൗകര്യങ്ങളും തീര്‍ത്തും സൗജന്യമായി ഉപയോഗിച്ച് വരുന്ന ഈ സ്ഥാപനത്തിനു നേരെ അധികൃതര്‍ കണ്ണടക്കുന്നു എന്നാണ് ആരോപണം. സ്ഥാപനമുടമയില്‍ നിന്ന് വാടക, തറവാടക, മറ്റിതര ഫീസുകള്‍ എന്നിങ്ങനെ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട യാതൊന്നും തന്നെ അധികൃതര്‍ ശേഖരിച്ചിട്ടില്ല. 'ചായയും ഭക്ഷണവും നല്‍കി' അധികൃതരെ കടയുടമ മയക്കിയെന്നാണ് പരിഹാസരൂപേണയുള്ള ജനസംസാരം. 35.90 ആര്‍ വിസ്തൃതിയുള്ള മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ 16 ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പണ്ട് താലൂക്ക് ഓഫീസ് മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ കോമ്പൗണ്ടില്‍ കട നടത്തുന്നതിന് ഏതെങ്കിലും ചാരിറ്റബിള്‍ സൊസൈറ്റിക്കോ കുടുംബശ്രീ യൂണിറ്റിനോ വ്യക്തികള്‍ക്കോ റവന്യു വകുപ്പ് അനുവാദം നല്‍കിയിട്ടില്ലെന്ന് ഡപ്യൂട്ടി തഹസില്‍ദാര്‍ (എച്ച്ക്യു) വ്യക്തമാക്കുന്നു. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന കട എന്നു മുതല്‍ക്കാണ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നതെന്നുള്ളതിന്‍റെ രേഖകളും താലൂക്ക് ഓഫീസില്‍ ലഭ്യമല്ലത്രേ.


മില്‍മാ ബൂത്ത് ഇവിടെ പ്രവര്‍ത്തിക്കുന്നതിന്‍റെ രേഖകള്‍ ലഭ്യമല്ലെന്ന് അധികൃതര്‍ പറയുമ്പോഴും 1984 മുതല്‍ കട ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളതിന്‍റെ തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഈ കടയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പറയുമ്പോഴും 1984 മുതലുള്ള വൈദ്യുതി ചാര്‍ജ് അടച്ചുവരുന്നത് കടയുടമയാണ്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ എടുത്ത് നല്‍കിയത് ആരെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. 


കടയിലേക്കാവശ്യമായ വെള്ളം സര്‍ക്കാര്‍ ചെലവില്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ നിന്നുമാണ് എടുക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളിലേക്കും ഉള്‍പ്പെടെ മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ചെലവാകുന്ന വെള്ളത്തിന്‍റെ ബില്‍ ഒരുമിച്ച് താലൂക്ക് ഓഫീസില്‍ നിന്നാണ് അടയ്ക്കുന്നതെന്ന് വിവരാവകാശ നിയമ പ്രകാരം മോന്‍സി പി തോമസ് നല്‍കിയ അപേക്ഷയ്ക്കു മറുപടിയായി അധികൃതര്‍ നല്‍കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനായ മോന്‍സി മീനച്ചിലാര്‍ കയ്യേറ്റവിഷയത്തില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവത്തിന്‍റെ കാര്യങ്ങള്‍ അന്വേഷിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് താലൂക്ക് ഓഫീസ് വളപ്പില്‍ അധികൃതരുടെ ഒത്താശയോടെയുള്ള കയ്യേറ്റം കണ്ടെത്തിയത്.


മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ അധികൃതരുടെ അനുമതിയോടുകൂടി തന്നെ ടീ സ്റ്റാളോ കാന്‍റീനോ നടത്താന്‍ തയ്യാറായി കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയിട്ടും അവരെ അവഗണിച്ചാണ് ഈ സ്വകാര്യവ്യക്തിയെ അധികൃതര്‍ സംരക്ഷിക്കുന്നതത്രേ. നിലവിലെ കട അനധികൃതമാണെന്ന് മനസിലാക്കിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് 2017 നവംബറില്‍ പരാതി നല്‍കിയെങ്കിലും ഇന്നേവരെ നടപടികള്‍ ഒന്നും ഉണ്ടായില്ല. 
Share this News Now:
  • Google+
Like(s): 1511