01 October, 2018 02:25:52 PM


സര്‍ക്കാര്‍ നിര്‍ദ്ദേശം മറച്ചുവെച്ച് ലൈഫ് ഗുണഭോക്താക്കളെ വഞ്ചിക്കാനുള്ള നഗരസഭയുടെ ശ്രമം പൊളിഞ്ഞു

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വേതന ആനുകൂല്യമാണ് നഗരസഭ ഒളിച്ചുവെച്ചത്
ഏറ്റുമാനൂര്‍: പിഎംഎവൈ ലൈഫ് പദ്ധതി പ്രകാരമുള്ള ഭവനനിര്‍മ്മാണ വേളയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടേണ്ട വേതന ആനുകൂല്യം നല്‍കാതിരിക്കാന്‍ നിയമം മറച്ചുവെച്ച് ഏറ്റുമാനൂര്‍ നഗരസഭ. പദ്ധതിയുടെ ഗുണഭോക്താക്കളായ 240 പേരും ഈ ആനുകൂല്യത്തിന് അര്‍ഹരായിരിക്കെ ഏതാനും പേര്‍ക്ക് മാത്രമായി ആനുകൂല്യം കൊടുക്കാനുള്ള അധികൃതരുടെ രഹസ്യനീക്കം പൊളിഞ്ഞു. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ആനുകൂല്യം ലഭിക്കേണ്ട ഇരുന്നൂറോളം പേരെ മാറ്റി നിര്‍ത്തിയത് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലില്‍ ബഹളത്തിനും ഇടയാക്കി. 


തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്വന്തം ഭവനനിര്‍മ്മാണ വേളയില്‍ 90 ദിവസത്തെ വേതനം ആനുകൂല്യമായി നല്‍കാവുന്നതാണെന്നാണ് നിര്‍ദ്ദേശം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും പിഎംഎവൈ പദ്ധതി പ്രകാരം വീട് പണിയുന്നവരും തൊഴിലുറപ്പ് പദ്ധതി പ്രകാരം തദ്ദേശസ്ഥാപനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായാല്‍ ഈ ആനുകൂല്യത്തിന് അര്‍ഹരാവും. മറ്റുള്ളവരുടെ വീട് പണിയിലോ സ്വന്തം വീട് പണിയിലോ ഭാഗഭാക്കായാല്‍ മതി ആനുകൂല്യം ലഭിക്കാന്‍. ഒരു ദിവസം 271 രൂപാ പ്രകാരം 90 ദിവസത്തെ വേതനമായി 24,390 രൂപയാണ് ഒരാള്‍ക്ക് ലഭിക്കേണ്ടത്. ഒരു വീട്ടില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും ഈ തുക തന്നെയേ ലഭിക്കൂ.


ഏറ്റുമാനൂര്‍ നഗരസഭയില്‍ 240 പേരാണ് പിഎംഎവൈ പദ്ധതി പ്രകാരം കരാര്‍ വെച്ച് വീട് പണി ആരംഭിച്ചത്. ഇവരില്‍ 140 പേരുടെ വീട് പണി അന്തിമഘട്ടത്തിലാണ്. ഇവരില്‍ 195 പേരെ ഒഴിവാക്കി ഈയിടെ ഒന്നാം ഘട്ടം പണി തുടങ്ങിയ 45 പേര്‍ക്ക് മാത്രമായി ആനുകൂല്യം നല്‍കാനുള്ള നിര്‍ദ്ദേശം വികസനകാര്യ സ്ഥിരം സമിതിയുടെ തീരുമാനമായി അധ്യക്ഷന്‍ പി.എസ്.വിനോദ് മുന്നോട്ട് വെച്ചതിനെ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് എതിര്‍ക്കുകയായിരുന്നു. കരാര്‍ വെച്ച സമയത്ത് തൊഴിലാളികളില്‍ നിന്നും സെക്രട്ടറിയും മറ്റും ഈ ആനുകൂല്യത്തിന്‍റെ വിവരം മറച്ചു വെച്ചുവത്രേ. ആനുകൂല്യം ലഭിക്കുമെന്നറിഞ്ഞ് ചോദിച്ചവരോട് അങ്ങിനെയൊന്നില്ലെന്നും പറഞ്ഞതായി മോഹന്‍ദാസ് ആരോപിച്ചു. 


രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ അവലോകനയോഗത്തില്‍ ഈ ആനുകൂല്യം ലഭ്യമാക്കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചതിനുശേഷമാണ് ഏറ്റുമാനൂരില്‍ തുക കൊടുക്കാന്‍ തീരുമാനിച്ചതും ഒരു വിഭാഗത്തെ ഒഴിവാക്കിയതും. നഗരസഭയില്‍ പണമില്ലാത്തതിനാല്‍ ഇതുവരെ കരാര്‍ വെച്ചവര്‍ക്ക് പണം നല്‍കാനാവില്ലെന്നായിരുന്നു ഔദ്യോഗികനിലപാട്. അതേ സമയം വേതന ആനുകൂല്യം വിതരണം ചെയ്യുന്നതുള്‍പ്പെടെയാണ് ഹഡ്കോയില്‍ നിന്നും വായ്പയെടുക്കുന്നതെന്നും ഇത് അര്‍ഹരായവര്‍ക്ക് കൊടുക്കാതെ വകമാറ്റി ചെലവഴിക്കുകയാണെന്നുമാണ് ആരോപണം. നഗരസഭയില്‍ തുടങ്ങിവെച്ച വന്‍പദ്ധതികള്‍ സമയത്ത് പൂര്‍ത്തിയാകാതെ വന്നതോടെ ലോകബാങ്ക് സഹായം നഷ്ടപ്പെട്ടതും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തേണ്ടി വന്നതുമാണ് ഇതിനു കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.


വീട് പണിയാന്‍ എഗ്രിമെന്‍റ് വെച്ച എല്ലാവര്‍ക്കും മുന്‍കാലപ്രാബല്യത്തോടെ തുക നല്‍കണമെന്നും അവര്‍ അതിനര്‍ഹരാണെന്നും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ചൂണ്ടികാട്ടി. ഈ ആനുകൂല്യത്തെ കുറിച്ച് അജ്ഞരായിരുന്ന മറ്റ് കൗണ്‍സിലര്‍മാറും ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ ആര്‍ക്കും കൊടുക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വീട് പണിയാന്‍ കരാര്‍ വെച്ച എല്ലാ തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനിച്ചു. പിഎംഎവൈ പദ്ധതി പ്രകാരം അടുത്ത വര്‍ഷം വീടു പണിയുന്നവര്‍ക്ക് നഗരസഭാ വിഹിതമായി നല്‍കേണ്ട തുക ഹഡ്കോയില്‍ നിന്നും വായ്പയെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും തീരുമാനമായി. Share this News Now:
  • Google+
Like(s): 418