29 September, 2018 08:00:31 PM


ശബരിമല ഇടത്താവളം: ഫണ്ട് വക മാറ്റി ചെലവഴിക്കാന്‍ നീക്കം; നഗരസഭാ കൗണ്‍സിലില്‍ ബഹളം

നഗരസഭയിലെ വഴിവിളക്കുകള്‍ തെളിയിക്കാന്നായി തുക വക മാറ്റാനായിരുന്നു ശ്രമം





ഏറ്റുമാനൂര്‍: ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷത്രത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നഗരസഭയ്ക്ക് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍  നീക്കം. ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഇത് സംബന്ധിച്ച നിര്‍ദ്ദേശം വെക്കുകയും ഒരു വിഭാഗം അംഗങ്ങള്‍ സംഘടിതമായി അനുകൂലിച്ച് രംഗത്ത് എത്തുകയും ചെയ്തതോടെ കൗണ്‍സില്‍ യോഗം ബഹളമയമായി.

പത്ത് ലക്ഷം രൂപയാണ് ശുചിത്വം, കുടിവെള്ളം, വെളിച്ചം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ നഗരസഭയ്ക്ക് അനുവദിച്ചത്. ഒരാഴ്ച മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടന്ന അവലോകനയോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. നഗരസഭാ തലത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ മേല്‍നോട്ടത്തില്‍ വേണം ഈ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍. ഫണ്ട് ഇതുവരെ നഗരസഭയ്ക്ക് ലഭിച്ചിട്ടുമില്ല.


എന്നാല്‍ ഇതിന് ഘടകവിരുദ്ധമായി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും വഴിവിളക്കുകള്‍ തെളിയിക്കാന്‍ ഈ തുക ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വിജി ഫ്രാന്‍സിസ് നിര്‍ദ്ദേശം വെക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസിലേയും കോണ്‍ഗ്രസിലേയും ഒരു വിഭാഗം അംഗങ്ങള്‍ ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. കിട്ടാനിരിക്കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ മുന്‍കൂട്ടി തീരുമാനമെടുക്കാന്‍ തുനിയവെ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് ഇതിനെ എതിര്‍ത്തു. 

മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രസങ്കേതത്തിലും അനുബന്ധവാര്‍ഡുകളിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലും നഗരത്തിലും മാത്രമാണ് ഈ തുക ചെലവഴിക്കാനാവു എന്ന് മോഹന്‍ദാസ് ചൂണ്ടികാട്ടി. ഇതിനെ അനുകൂലിച്ച് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂരും ടൗണിലെ കൗണ്‍സിലര്‍മാരും എണീറ്റതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് തീരുമാനമെടുക്കാതെ വിഷയം മാറ്റിവെച്ചു.

മന്ത്രി പങ്കെടുത്ത അവലോകനയോഗത്തില്‍ പങ്കെടുക്കുന്നതിന് നഗരസഭയില്‍ കത്ത് ലഭിച്ചിട്ടും ആരോഗ്യകാര്യ സമിതിയേയും വാര്‍ഡ് കൗണ്‍സിലറേയും പോലും അറിയാക്കാതെ ചെയര്‍മാനും വൈസ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തതിനെ ബിജെപി അംഗങ്ങള്‍ ചോദ്യം ചെയ്തു. എന്നാല്‍ മറ്റാരേയും അറിയിക്കാനോ വിളിച്ചുകൊണ്ടുചെല്ലാനോ കത്തില്‍ പരാമര്‍ശിച്ചിരുന്നില്ലെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ പറഞ്ഞു. ഇതും ഏറെ നേരം ബഹളത്തിനിടയാക്കി.

ഇടത്താവളത്തില്‍ സൗകര്യങ്ങല്‍ ഏര്‍പ്പെടുത്തുന്നതിന് വിവിധ വകുപ്പുമേധാവികളുടെയും റസിഡന്‍റ്സ് അസോസിയേഷന്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളുടേയും യോഗം നഗരസഭാ തലത്തില്‍ അടുത്ത മാസം വിളിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.


Share this News Now:
  • Google+
Like(s): 504