29 September, 2018 01:56:43 PM


ഏറ്റുമാനൂര്‍ നഗരസഭാ യോഗത്തില്‍ വന്‍ ബഹളം; സെക്രട്ടറി 'ചാറ്റിംഗോട് ചാറ്റിംഗ്'




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗം ബഹളമയമായി. യോഗത്തിന്‍റെ തുടക്കം മുതല്‍ ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളെല്ലാം ബഹളത്തില്‍ കലാശിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ വേദിയില്‍ ചെയര്‍മാനോടൊപ്പം ഇരിക്കുന്ന സെക്രട്ടറി മൊബൈല്‍ ചാറ്റിംഗില്‍ മുഴുകിയിരിക്കുകയായിരുന്നു. യോഗനടപടികള്‍ റിക്കോര്‍ഡ് ചെയ്യാന്‍ പോലും തയ്യാറാകാതെ മുഴുനീളെ മൊബൈല്‍ ചാറ്റിംഗില്‍ മുഴുകിയ സെക്രട്ടറിയുടെ നടപടി അവസാനം അംഗങ്ങള്‍ ചോദ്യം ചെയ്തു.

ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസിനു പിന്നാലെ ടോമി പുളിമാന്‍തുണ്ടവും മറ്റ് കൗണ്‍സില്‍ അംഗങ്ങളും സെക്രട്ടറി മൊബൈലില്‍ കളിക്കുന്നുവെന്ന് പറഞ്ഞ് ഇതിനെ ചോദ്യം ചെയ്തു. സെക്രട്ടറിയോട് യോഗത്തില്‍ മിണ്ടരുതെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ജോര്‍ജ് പുല്ലാട്ട്, അജിശ്രീ മുരളി തുടങ്ങിയ അംഗങ്ങള്‍ ചൂണ്ടികാട്ടി. യോഗ നടപടികള്‍ ശ്രദ്ധിക്കാതെയും റിക്കോര്‍ഡ് ചെയ്യാതെയും സെക്രട്ടറി എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നായിരുന്നു ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ചോദിച്ചത്. 


കൗണ്‍സിലില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സെക്രട്ടറി വാട്സ്ആപ്പില്‍ മുഴുകിയിരിക്കുന്നത് വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍ ചൂണ്ടികാണിച്ചിരുന്നു. അതേസമയം ന്യു ഏറ്റുമാനൂര്‍ സൂപ്രണ്ട് എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന ആളുമായാണ് സെക്രട്ടറി ചാറ്റു ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയില്‍ പതിഞ്ഞ സെക്രട്ടറിയുടെ ചാറ്റിംഗ് ദൃശ്യത്തില്‍ വ്യക്തമാണ്. "ചാനല്‍ പിന്നില്‍" എന്ന് എതിര്‍വശത്തുനിന്നും വന്ന സന്ദേശത്തിന് മറുപടിയായി "എന്തായാലും എന്നെ ഓടിക്കും, പിന്നെ പേടിക്കുന്നതെന്തിന്" എന്ന് മറുപടി നല്‍കിയതും ദൃശ്യത്തില്‍ പതിഞ്ഞു. 

കൗണ്‍സിലിന്‍റെ ഉച്ചകഴിഞ്ഞുള്ള സെഷനില്‍ വിദ്യാഭ്യാസകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗണേശ് ഏറ്റുമാനൂര്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംസാരിച്ചു. സെക്രട്ടറിയോട് ഖേദപ്രകടനം നടത്തണമെന്ന് ആവശ്യപ്പെട്ടു എങ്കിലും അവര്‍ ചിരിച്ചു തള്ളുക മാത്രമാണ് ചെയ്തത്. എന്നാല്‍ കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്ന സൂപ്രണ്ട് തങ്ങള്‍ ഒദ്യോഗികകാര്യങ്ങളാണ് വാട്സ് ആപ്പിലൂടെ ചാറ്റ് ചെയ്തതെന്ന് പറഞ്ഞു.



Share this News Now:
  • Google+
Like(s): 1419