29 September, 2018 03:04:51 AM
ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് : ലിക്സിക്കും അഫ്സലിനും സ്വര്‍ണം

ഭുവനേശ്വര്‍: ഇന്നലെ സമാപിച്ച 58-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസിന്റെ മലയാളി താരം ലിക്സി ജോസഫിനു ഹെപ്റ്റാത്തലണില്‍ സ്വര്‍ണം. 5271 പോയിന്റുമായാണു ലിക്സിയുടെ മുന്നേറ്റം. കേരളത്തിന്റെ മെറീന ജോര്‍ജിനാണു വെള്ളി. 4966 പോയിന്റാണു മെറീനയുടെ നേട്ടം. റെയില്‍വേസിന്റെ തന്നെ സൗമ്യ 4858 പോയിന്റുമായി വെങ്കലം നേടി. കേരളത്തിന്റെ അലീന വിന്‍സെന്റ് നാലാം സ്ഥാനത്തും റെയില്‍വേയുടെ വി.കെ. അനിലാ ജോസ് ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
പുരുഷ വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ സര്‍വീസസിന്റെ പി. മുഹമ്മദ് അഫ്സല് സ്വര്‍ണം നേടി. ഒരു മിനിട്ട് 54. 50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അഫ്സല് സ്വര്‍ണം നേടിയത്. റെയില്‍വേസിന്റെ വിശ്വംഭര്‍ കോലെകര് ഒരു മിനിട്ട് 55.03 സെക്കന്‍ഡില്‍ വെള്ളിയും ബിയാന്ത് സിങ് ഒരു മിനിറ്റ് 55.36 സെക്കന്‍ഡില്‍ വെങ്കലവും നേടി. സര്‍വീസസിനു വേണ്ടി മത്സരിച്ച ലിജോ മാണി ആറാമനായി.
പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ സര്‍വീസസ് സ്വര്‍ണം നേടി. മലയാളി താരങ്ങളായ നോയ നിര്‍മല്‍ ടോം, രാഹുല്‍ ബേബി എന്നിവരും വി. സജിന്‍, അന്ഗ്രെജ് സിങ് എന്നിവരുമടങ്ങിയ ടീം മൂന്നു മിനിറ്റ് 09.83 സെക്കന്‍ഡിലാണു സ്വര്‍ണം നേടിയത്്. റെയില്‍വേ വെള്ളിയും മണിപ്പുര്‍ വെങ്കലവും നേടി. വനിതാ വിഭാഗം ഹൈജമ്പില്‍ കേരളത്തിനു വേണ്ടി മത്സരിച്ച ജിനു മരിയ മാനുവല്‍ വെങ്കലം നേടി. 1.73 മീറ്റര്‍ ചാടിയാണു ജിനു വെങ്കലം നേടിയത്.
റെയില്‍വേയുടെ ജ്യോതി 1.76 മീറ്റര്‍ ചാടി സ്വര്‍ണവും ഒ.എന്‍.ജി.സിയുടെ എയ്ഞ്ചല്‍. പി. ദേവസ്യ 1.76 മീറ്റര്‍ ചാടി വെള്ളിയും നേടി. പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സര്‍വീസസിന്റെ എം.ബി. ജാബിര്‍ വെള്ളി നേടി. ഒ.എന്‍.ജി.സിയുടെ ധരുണ്‍ അയ്യാസ്വാമിക്കാണു സ്വര്‍ണം. റെയില്‍വേയുടെ ജഷന്ജ്യോത് സിങ് വെങ്കലം നേടി.
വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ കര്‍ണാടകത്തിനു വേണ്ടി മത്സരിച്ച റീനാ ജോര്‍ജ് 24.10 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. റെയില്‍വേസിന്റെ ചാരി ശരാവതി 24.23 സെക്കന്‍ഡില്‍ വെള്ളിയും മഹാരാഷ്ട്രയുടെ റോസ്ലിന് ലൂയിസ് 24.68 സെക്കന്‍ഡില്‍ വെങ്കലവും നേടി. പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പില്‍ രാജ്യാന്തര താരം അര്‍പീന്ദര്‍ സിങ് സ്വര്‍ണം നേടി. ഒ.എന്‍.ജി.സിക്കു വേണ്ടി മത്സരിച്ച അര്‍പീന്ദര്‍ 16.62 മീറ്റര്‍ ചാടിയാണു സ്വര്‍ണം നേടിയത്.
സര്‍വീസസിന്റെ അറിവു സെല്‍വം 16.22 മീറ്റര്‍ ചാടി വെള്ളിയും പഞ്ചാബിന്റെ നവജ്യോത് സിങ് 16.06 മീറ്റര്‍ ചാടി വെങ്കലവും നേടി. കേരളത്തിനു വേണ്ടി മത്സരിച്ച ബി. അബിന്‍ 12-ാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 15.18 മീറ്ററാണ് അബിന്റെ മികച്ച ദൂരം. കഴിഞ്ഞ ദിവസം മലയാളി താരം എം. ശ്രീശങ്കറിന് ലോങ് ജമ്പില്‍ ദേശീയ റെക്കോഡ് നേടിയിരുന്നു. ഒഡീഷയിലെ ശ്രീശങ്കര്‍ 8.20 മീറ്റര്‍ ചാടി റെക്കോഡിട്ടത്. മീറ്റിലെ കേരളം സ്വന്തമാക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്