29 September, 2018 03:01:02 AM


ലഹരി ഗുളികകളും കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ സ്‌ക്വാഡ്‌ അറസ്‌റ്റ് ചെയ്‌തു

കായംകുളം പഴയതെരുവ്‌ വീട്ടില്‍ ഷെറിനാണ് പിടിയിലായത്




കായംകുളം: മാരക ലഹരി ഇനത്തില്‍പെടുന്ന നൈട്രാസെപ്പാം ഇനത്തില്‍പെട്ട ഗുളികകളുമായി കായംകുളം സ്വദേശിയായ യുവാവിനെ ആലപ്പുഴ എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പിടികൂടി. കായംകുളം പഴയതെരുവ്‌ വീട്ടില്‍ ഷെറിനെ(29)യാണ്‌ എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി.ഐ: വി.റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്‌. കായംകുളം മാര്‍ക്കറ്റ്‌, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ലഹരി ഗുളികകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രദേശം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ മാര്‍ക്കറ്റ്‌ പരിസരത്ത്‌ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.


വര്‍ഷങ്ങളായി ചെന്നൈയില്‍ ജോലി ചെയ്യുകയാണ്‌ ഇയാള്‍. നാട്ടില്‍ എത്തുന്ന സമയം ലഹരി ഗുളികകളും കഞ്ചാവും എത്തിക്കുകയാണ്‌ പതിവ്‌. സേലത്ത്‌ നിന്നാണ്‌ സാധാരണ ലഹരി ഗുളിക വാങ്ങുന്നത്‌. 10 ഗുളികകള്‍ വീതമുള്ള അഞ്ച്‌ സ്‌ട്രിപ്പുകളിലായി 50 ഗുളികകളും കഞ്ചാവുമാണ്‌ പിടികൂടിയത്‌. കഴിഞ്ഞ എട്ടു വര്‍ഷമായി ലഹരി ഗുളികകള്‍ ഇയാള്‍ ഉപയോഗിക്കുന്നുണ്ട്‌. കടുത്ത മാനസിക അസ്വാസ്‌ഥ്യം ഉള്ളവര്‍ക്കും അര്‍ബുദ രോഗികള്‍ക്കും വേദന സംഹാരിയായി ഉപയോഗിക്കുന്ന നൈട്രോസണ്‍ എന്ന ബ്രാന്‍ഡ്‌ നെയിമിലുള്ള നൈട്രാസെപ്പാം ഗുളികകള്‍, സണ്‍, പെല്ലറ്റ്‌, പില്‍സ്‌ എന്നീ അപരനാമങ്ങളിലാണ്‌ ആവശ്യക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്‌.


കടുത്ത നിയന്ത്രണങ്ങളുള്ള 'ഒ' ഷെഡ്യൂളില്‍ പെടുന്ന ഇത്തരം മയക്കുമരുന്ന്‌ ഗുളികകള്‍ രജിസ്‌റ്റേര്‍ഡ്‌ ഡോക്‌ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ഇത്തരം ഗുളികകള്‍ കൈവശം വയ്‌ക്കുന്നവര്‍ക്ക്‌ പരമാവധി 20 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌. ആവശ്യക്കാരില്‍ നിന്നും പണം മുന്‍കൂറായി ബാങ്ക്‌ അക്കൗണ്ട്‌ മുഖേന സ്വരൂപിച്ച്‌ നാട്ടില്‍ എത്തുന്ന സമയം ഗുളികകള്‍ ആവശ്യക്കാര്‍ക്ക്‌ കൈമാറുന്നതാണ്‌ ഇയാളുടെ രീതി. 10 ഗുളികകള്‍ വരുന്ന ഒരു സ്‌ട്രിപ്പ്‌ ഗുളികള്‍ പരമാവധി 45 രൂപയ്‌ക്ക് ലഭിക്കുമ്പോള്‍ 500 രൂപ നിരക്കിലാണ്‌ ഇയാള്‍ വില്‍ക്കുന്നത്‌. കടുത്ത മാനസിക രോഗികള്‍ക്ക്‌ പോലും 2 മില്ലിഗ്രാം ഗുളികയാണ്‌ ഡോക്‌ടര്‍ നിര്‍ദേശിക്കാറുള്ളത്‌.


ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ ദിവസേന രണ്ടു ഗുളികകള്‍ വരെ ഉപയോഗിക്കാറുണ്ടെന്ന്‌ സമ്മതിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്‌. കായംകുളത്ത്‌ ഭവന ഭേദനം നടത്തി ബൈക്ക്‌ കത്തിച്ച കേസിലും കളമശേരിയില്‍ ബസിന്‌ കല്ലെറിഞ്ഞ കേസിലും പ്രതിയാണ്‌. കായംകുളം. ഓച്ചിറ, കരുനാഗപ്പള്ളി എന്നീ ഭാഗങ്ങളില്‍ മയക്കുമരുന്ന്‌ വില്‍പന നടത്തി വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഓടുന്ന ട്രെയിനില്‍ മോഷണശ്രമത്തിനിടെ ട്രെയിനില്‍ നിന്നും തെറിച്ച്‌ വീണ്‌ ഇയാളുടെ ഒരു കൈ നഷ്‌ടപെട്ടു. മയക്കുമരുന്ന്‌ ഗുളികകള്‍ ഇയാളില്‍ നിന്നും വാങ്ങിയവര്‍ നിരീക്ഷണത്തിലാണ്‌. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അമല്‍രാജന്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ എ.കുഞ്ഞുമോന്‍, എം.ബൈജു, എന്‍.സതീശന്‍, സി.ഇ.ഒമാരായ രവികുമാര്‍, അനിലാല്‍, ജിയേഷ്‌, റഹിം, എക്‌സൈസ്‌ ഡ്രൈവര്‍ വിപിനചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.




Share this News Now:
  • Google+
Like(s): 55