29 September, 2018 02:57:29 AM


വിദ്യാര്‍ഥിയുടെ തല കന്യാസ്‌ത്രീയായ പ്രിന്‍സിപ്പല്‍ മൊബൈല്‍ കൊണ്ട്‌ അടിച്ചു പൊട്ടിച്ചു

ബധിര-മൂക ദമ്പതികളുടെ മകനായ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയ്ക്കാണ് പരിക്കേറ്റത്




കൊട്ടാരക്കര: ബധിര-മൂക ദമ്പതികളുടെ മകനായ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയുടെ തല കന്യാസ്‌ത്രീയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൊബൈല്‍ഫോണ്‍ കൊണ്ട്‌ അടിച്ചുപൊട്ടിച്ചതായി പരാതി. കൊട്ടാരക്കര കലയപുരം സെന്റ്‌ തെരേസാസ്‌ യു.പി. സ്‌കൂളിലാണു സംഭവം. പ്രതിഷേധം ശക്‌തമായതോടെ പ്രിന്‍സിപ്പല്‍ സിസ്‌റ്റര്‍ ജോബിനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു.


ഏറത്ത്‌ കുളക്കട മൂര്‍ത്തിവിള വീട്ടില്‍ (ലതീഷ്‌ ഭവന്‍) രതീഷിന്റേയും ലേഖയുടെയും മൂത്ത മകനായ അഖിലേഷിനെ (11)നെയാണു പ്രിന്‍സിപ്പല്‍ അടിച്ചത്‌. ക്ലാസില്‍ സംസാരിച്ചെന്നാണു കുറ്റം. തല പൊട്ടി രക്‌തമൊഴുകിയ നിലയില്‍ അഖിലിനെ സ്‌കൂള്‍ അധികൃതര്‍ സ്‌കൂള്‍ ബസില്‍ വീട്ടിലേക്കു വിട്ടു. വീട്ടുകാരെ കാര്യമറിയിച്ചുമില്ല. തലയിലെ മുറിവു കണ്ട്‌ കുട്ടിയോടു മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണു വിവരമറിഞ്ഞത്‌.

രാത്രിയോടെ രക്ഷിതാക്കള്‍ കുട്ടിയെ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. ജനരോഷമുണ്ടാകുമെന്നു ഭയന്ന പ്രിന്‍സിപ്പല്‍ സ്‌കൂള്‍ പി.ടി.എ. ഭാരവാഹികളെക്കൂട്ടി കുട്ടിയുടെ വീട്ടില്‍ വന്നു മാപ്പു പറഞ്ഞു. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണു മാതാപിതാക്കളുടെ തീരുമാനം. എസ്‌.എഫ്‌ ഐ, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക്‌ മാര്‍ച്ച്‌ നടത്തി ഓഫീസ്‌ ഉപരോധിച്ചു. നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി എത്തിയതോടെയാണു സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്‌




Share this News Now:
  • Google+
Like(s): 163