28 September, 2018 07:31:24 PM


ശബരിമലയില്‍ യുവതികള്‍ക്ക് 'വിലക്ക്': പഴയ കോടതി വിധിക്കു കാരണമായ വിവാദചിത്രം വൈറലാവുന്നു

ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ ജോയി ആണ് ഈ ചിത്രം ഫേസ് ബുക്കില്‍ ഇട്ടത്




കോട്ടയം: 1993ലാണ് യൗവ്വനയുക്തകളായ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവുണ്ടാകുന്നത്. അതും പത്രങ്ങളില്‍ വന്ന ഒരു വിവാദ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധി ഇന്നലെ വന്നതോടെ 28 വര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

1990ല്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികക്കുട്ടിയുടെ പേരക്കുട്ടിയ്ക്ക് സന്നിധാനത്തില്‍ വെച്ച് ചോറൂണ് നടത്തിയതിന്റെ ചിത്രമായിരുന്നു അത്. ചന്ദ്രികക്കുട്ടിയുടെ യുവതിയായ മകളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തത് കോട്ടയത്തെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്ന എ.പി.ജോയി എടുത്ത ഈ ചിത്രത്തിലൂടെ പുറം ലോകമറിഞ്ഞതോടെ സംഭവം വിവാദമാകുകയായിരുന്നു.

കോട്ടയത്ത് അച്ചടിയില്ലാത്ത പത്രങ്ങള്‍ ജോയി എടുക്കുന്ന ചിത്രങ്ങള്‍ ഏറെ ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. മലയാളത്തിലെ ഏതാനും പത്രങ്ങളിലും രണ്ട് ഇംഗ്ലീഷ് പത്രങ്ങളിലും ഈ ചിത്രം അച്ചടിച്ചു വന്നതും തുടര്‍ന്ന് ഈ സംഭവം വിവാദമായതും ജോയി ഓര്‍ക്കുന്നു. വിശ്വഹിന്ദു പരിഷത്താണ് സംഭവം കോടതിയില്‍ എത്തിച്ചത്. അങ്ങനെ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീജനങ്ങള്‍ സന്നിധാനത്തെത്തുന്നത് വിലക്കി ഹൈക്കോടതി വിധിയുണ്ടായി. ഇതിനുശേഷം പത്ത് വര്‍ഷം മുമ്പ് ഒരു മലയാളം പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോടൊപ്പം നല്‍കിയ തന്റെ പഴയ ചിത്രം സുപ്രിം കോടതി വിധി പറയാനിരിക്കെ കഴിഞ്ഞ ദിവസം ജോയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.



Share this News Now:
  • Google+
Like(s): 334