26 September, 2018 05:14:01 PM


"ഇല്ലാത്ത" ഫണ്ടില്‍ നിന്നും സംഭാവന നല്‍കി ഏറ്റുമാനൂര്‍ ക്ഷേത്രം ഉപദേശകസമിതി

ക്ഷേത്രത്തില്‍ അനധികൃത പണപിരിവ് നടത്തുന്നുവെന്നും ആരോപണം


 

ഏറ്റുമാനൂര്‍: 'ഇല്ലാത്ത' ഫണ്ടില്‍ നിന്നും വീട് വെയ്ക്കാന്‍ സംഭാവന നല്‍കിയ ക്ഷേത്രം ഉപദേശകസമിതിയുടെ നടപടി വിവാദമാകുന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ വിഗ്രഹകവര്‍ച്ച തെളിയിക്കാന്‍ പോലീസിന് വഴികാട്ടിയായി മാറിയ രമണിക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ക്ഷേത്ര ഉപദേശക സമിതിയുടെ പേരില്‍ 50000 രൂപ സെക്രട്ടറി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് കൈമാറിയതാണ് ഇപ്പോള്‍ വിവാദമായത്.

ഉപദേശകസമിതിയ്ക്ക് നിലവില്‍ ഫണ്ടുകള്‍ ഒന്നും തന്നെയില്ലെന്ന് സമിതിയുടെ ചെയര്‍മാന്‍ കൂടിയായ അഡ്വക്കറ്റ് കമ്മീഷന്‍ എ.എസ്.പി.കുറുപ്പ് പറയുന്നു. അപ്പോള്‍ ഈ തുക ഏതെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും സെക്രട്ടറി കെ.എന്‍. ശ്രീകുമാറിനോട് തന്നെ ചോദിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മറ്റാരോടെങ്കിലും തുക പിരിച്ചതായി തനിക്കറിയില്ലെന്നും സമിതിയുടെ പേരില്‍ 50000 രൂപാ ബോര്‍ഡിന് കൈമാറിയിട്ടുണ്ട് എന്നും ഉപദേശക സമിതി ട്രഷറര്‍ കൂടിയായ ഏറ്റുമാനൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് പറഞ്ഞു. മാത്രമല്ല തുക പിരിക്കണമെങ്കില്‍ അതിന് ദേവസ്വം ബോര്‍ഡിന്‍റെ അംഗീകൃത രസീത് ഉപയോഗിക്കണം. അതിന് അങ്ങിനെ രസീത് ദേവസ്വത്തില്‍ നിന്ന് നല്‍കിയിട്ടുമില്ല.


ഏറ്റുമാനൂര്‍ ഉപദേശകസമിതിയുടേതായ ആദ്യ സംഭാവന ക്ഷേത്രോപദേശക സമിതി സെക്രട്ടറി ദേവസ്വം പ്രസിഡന്‍റിന് കൈമാറിയതായിട്ടായിരുന്നു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത. അഡ്വക്കറ്റ് കമ്മീഷനും ദേവസ്വം അഡ്മിസ്ട്രേറ്റീവ് ഓഫീസറും അറിയാതെ ഇത്രയും വലിയ തുക പിരിച്ചത് അനധികൃതമായിട്ടാണെന്നാണ് വിവിധ ഭക്തജനസംഘടനകള്‍ ആരോപിക്കുന്നത്. അഥവാ വ്യക്തിപരമായി കൊടുത്തതാണെങ്കില്‍ ഉപദേശകസമിതിയുടെ പേര് എന്തിന് ഉപയോഗിച്ചു എന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്.

ഇതിനിടെയാണ് ക്ഷേത്രോപദേശകസമിതികളുടെ പ്രവര്‍ത്തനഫണ്ടില്‍  നിന്നും ഒരു വീതം പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. ഏറ്റുമാനൂരിലെ ഉപദേശക സമിതിയ്ക്ക് അങ്ങനെയൊരു ഫണ്ടില്ലാത്തതിനാല്‍ ബോര്‍ഡ് പണപിരിവിനായി പ്രത്യേക കൗണ്ടറും ക്ഷേത്രത്തില്‍ തുറന്നിരിക്കുകയാണ്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉപദേശകസമിതി ദേവസ്വം ബോര്‍ഡിന്‍റെ നിയമാനുസൃതമുള്ള സംവിധാനമല്ലെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് എന്നും ദേവസ്വം മെമ്പര്‍ രാഘവന്‍ നേരത്തെ പറഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം. 


ഉപദേശകസമിതിയുടെ ഇത്രയും നാളത്തെ വരവുചെലവുകണക്കുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ക്ഷേത്രസംരക്ഷണസമിതി നല്‍കിയ കത്തിന് അങ്ങിനെ കണക്കുകള്‍ ഇല്ലാ എന്നായിരുന്നു ദേവസ്വം അധികൃതരുടെ മറുപടി. ക്ഷേത്രത്തില്‍ നടക്കുന്ന വിവിധ പരിപാടികളുടെ പേരില്‍ ഭക്തരില്‍ നിന്നും വന്‍തോതില്‍ അനധികൃതപിരിവ് നടക്കുന്നുവെന്ന ആരോപണത്തിന് ആക്കം കൂട്ടുകയാണ് ഈ സംഭവം.

അതേസമയം ഉപദേശകസമിതി അംഗങ്ങള്‍ തങ്ങളുടെ കയ്യില്‍ നിന്നും എടുത്ത തുകയാണിതെന്ന് ഉപദേശക സമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ വ്യക്തമാക്കി. ഓരോരുത്തരും ഓരോ ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പല ഗഡുക്കളായി രമണിയുടെ വീട് പണിക്ക് മുമ്പ് തുക കൈമാറും. ഇത് സംബന്ധിച്ച് യാതൊരു വിധ പണപിരിവും ഉപദേശകസമിതി നടത്തിയിട്ടില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 402