25 September, 2018 08:46:02 PM


'ഞാന്‍ ഫ്രാങ്കോ പിതാവല്ല, പി.സി.ജോര്‍ജ് എം.എല്‍.എ ആണ്' - മാധ്യമപ്രവര്‍ത്തകരോട് പി.സി.ജോര്‍ജ് (VIDEO)

വൈവാഹിക ജീവിതം വേണമെന്ന് ജനറാളമ്മയ്ക്ക് കത്ത് കൊടുത്തയാളാണ് കന്യാസ്ത്രീയെന്നും ജോര്‍ജ്



പാലാ: 'ഞാന്‍ ഫ്രാങ്കോ പിതാവല്ല, പി.സി.ജോര്‍ജ് എം.എല്‍.എ ആണ്'... മുന്‍ ജലന്ധര്‍ ബിഷപ്പിനെ പാലാ സബ് ജയിലില്‍  സന്ദര്‍ശിച്ച ശേഷം പുറത്തേക്ക് വന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞതാണിത്. നിരപരാധിയായ വൈദികനെ പിടിച്ച് അകത്തിടണം എന്ന് പത്രക്കാരുടെ ലക്ഷ്യമായിരുന്നു. അത് നടന്നു. നിങ്ങള്‍ക്ക് സന്തോഷമായി. ഇതിന് ഫലമായി ഇടിത്തീ തലയില്‍ വീഴുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തെ കാണാന്‍ ഇനിയും താന്‍ വരുമെന്നും ശരിയോടൊപ്പം അവസാനം വരെ നിലകൊള്ളുമെന്നും ജോര്‍ജ് പറഞ്ഞു.


തനിക്ക് വൈവാഹിക ജീവിതം വേണമെന്ന് ആവശ്യപ്പെട്ട് ജനറാളമ്മയ്ക്ക് കത്ത് കൊടുത്ത കന്യാസ്ത്രീ ആണ് ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുത്തതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ആദ്യം മുതലേ ഫ്രാങ്കോയ്ക്ക് അനുകൂലമായ നിലപാടാണല്ലോ എന്ന ചോദ്യത്തിന് 'എന്‍റെ അപ്പനാ അങ്ങേര്, അതറിയില്ലേ' എന്നായിരുന്നു പരിഹാസത്തോടെയുള്ള ജോര്‍ജിന്‍റെ മറുപടി. കന്യാസ്ത്രീ ഇന്ന് പോലീസിന് നല്‍കിയ പരാതിയില്‍ തനിക്ക് ഒരു പേടിയുമില്ലെന്നും ഏത് അന്വേഷണത്തേയും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ താന്‍ നാളെ തിരുവനന്തപുരത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.





Share this News Now:
  • Google+
Like(s): 280