24 September, 2018 08:50:58 PM


തല ചായ്ക്കാന്‍ ഇടമില്ലാതെ തന്‍റെ രോഗം മറന്നും മോനിഷ അലയുന്നു; മകന്‍റെ ജീവനു വേണ്ടി

കരള്‍ മാറ്റിവെച്ചാല്‍ ശ്യാം രക്ഷപെടുമെന്ന് ഡോക്ടര്‍മാര്‍; വഴിയില്ലാതെ മോനിഷതിരുവനന്തപുരം: വീട്ടില്‍ നിന്നും ഒറ്റപെട്ട മോനിഷയുടെ ദുഖം ഇപ്പോള്‍ തന്‍റെ എട്ട് വയസുള്ള ശ്യാം ആണ്. തനിക്ക് ഈ ഭൂമിയില്‍ ആകെയുള്ള കൂട്ടായ തന്‍റെ മകന്‍ ശ്യാമിന്‍റെ രോഗാവസ്ഥയില്‍ ഈ മാതൃഹൃദയം തേങ്ങുന്നു. ഒന്നര വയസുള്ളപ്പോഴാണ് തന്‍റെ മകനെ കാന്‍സര്‍ എന്ന മഹാരോഗം കാര്‍ന്നു തിന്നു തുടങ്ങിയ വിവരം ഇവര്‍ അറിയുന്നത്. കരളില്‍ അസുഖം സ്ഥിരീകരിച്ചതോടെ ഇവരുടെ പിന്നീടുള്ള ജീവിതം മകന്‍റെ ജീവന്‍ എങ്ങിനെയെങ്കിലും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായി. പക്ഷെ വിധി പല രീതിയിലും മോനിഷയെ വേട്ടയാടുകയാണ്.


പതിനേഴിലധികം കീമോതെറാപ്പികള്‍ നടത്തി. ശസ്ത്രക്രീയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതിയില്‍ മെച്ചമുണ്ടായില്ല. ലക്ഷങ്ങളാണ് ഇതിനോടകം ഇവര്‍ മകനുവേണ്ടി ചെലവാക്കിയത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ ശ്യാമിന്‍റെ അസുഖം ഭേദമാക്കാനാവുമെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉറപ്പു നല്‍കിയെങ്കിലും ഇതിന് ചെലവാകുന്ന 15 ലക്ഷം രൂപ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് മോനിഷ. ഹൃദ്രോഗിയായ മോനിഷയാകട്ടെ ശ്യാമിന്‍റെ ചികിത്സയ്ക്ക് മുന്നില്‍ തന്‍റെ കാര്യം പാടെ മറന്ന മട്ടുമാണ്.മകന് അസുഖം സ്ഥിരീകരിച്ച പിന്നാലെ അച്ഛന്‍ അനീഷ് ഉപേക്ഷിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം പാറശാല സ്വദേശിനിയായ മോനിഷ അനീഷിനെ വിവാഹം ചെയ്തത്. ഇക്കാരണത്താല്‍ തന്നെ മോനിഷയ്ക്ക് നേരെ സ്വന്തം വീടിന്‍റെ പടിയും അടഞ്ഞു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും ഇറങ്ങികൊടുക്കേണ്ടി വന്നു. തല ചായ്ക്കാനിടമില്ലാതെ നാളുകളോളം റയില്‍വേ സ്റ്റേഷനിലും ട്രയിനിലും മറ്റുമായി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടി ജീവിതം കഴിച്ചുകൂട്ടി.


ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയ ഏതാനും പേര്‍ മോനിഷയേയും മകനെയും എറണാകുളം കാക്കനാട്ടെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുകയാണ്. അടുത്ത ഡിസംബറില്‍ എങ്കിലും ശ്യാമിന്‍റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രീയ നടത്തണം. അതിന് മുമ്പ് നടത്തേണ്ട ഒരു പരിശോധനയ്ക്ക് തന്നെ 60000 രൂപ വേണം. ശ്യാമിന്‍റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ബി പോസിറ്റീവ് ഗ്രൂപ്പിലുള്ള കരള്‍ പകുത്തുനല്‍കാന്‍ ആരെങ്കിലും സന്മനസ് കാട്ടണം. ഉദാരമതികളായ ആളുകളുടെ സഹായം മകനു ലഭിക്കുമെന്ന ഏക പ്രതീക്ഷയിലാണ് മോനിഷ.


ശ്യാമിന്‍റെ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതിന് ഗായിക പ്രിയ സുമേഷ് അടുത്ത ദിവസം മുതല്‍ തെരുവില്‍ പാട്ടു പാടാനിറങ്ങും. പ്രളയത്തിന്‍റെ ആഘാതത്തില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവപ്പെടുന്ന നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടുന്നത് ശരിയല്ലെങ്കിലും ഒരു ജീവന്‍ രക്ഷിക്കാനാണല്ലോ എന്നോര്‍ത്താണ് ഗാനമാലപിക്കാന്‍ ഇറങ്ങുന്നതെന്ന് അവര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം സ്റ്റാച്ച്യു ശാഖയില്‍ (IFSCode - FDRL0001030) മോനിഷയുടെ പേരിലുള്ള അക്കൗണ്ടിലൂടെ സാമ്പത്തികസഹായം നല്‍കാം. അക്കൗണ്ട് നമ്പര്‍ - 10300100420464 (Monisha V.S.). ഫോണ്‍ - 9074976912Share this News Now:
  • Google+
Like(s): 15652