24 September, 2018 08:09:29 PM
ജീവന് പണയം വെച്ച് സ്കൂള്‍ യാത്ര മടുത്ത കുട്ടികളും എത്തി സമരമുഖത്തേക്ക്
പുന്നത്തുറ കമ്പനികടവ് പാലം പൊളിച്ചു പണിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം

ഏറ്റുമാനൂര്‍ : ജീവന് പണയം വെച്ച് പുഴ കടന്ന് സ്കൂളിലേക്കുള്ള യാത്രയ്ക്ക് അവസാനമുണ്ടാകില്ലെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ നേരിട്ടിറങ്ങി, അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍. മീനച്ചിലാറിന് കുറുകെ പുന്നത്തുറ കമ്പനികടവില് നിലംപൊത്താറായ പാലം പൊളിച്ചു പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരം നടത്തുന്നതറിഞ്ഞാണ് സെന്റ് തോമസ് ഗേള്‍സ് ഹൈസ്കൂളിലെയും സെന്റ് ജോസഫ്സ് ഹൈസ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേക്കെത്തിയത്. നാട്ടുകാരുടെ മുന്നില്‍ നിന്ന് സമരത്തിന് തുടക്കം കുറിച്ചതും ഈ വിദ്യാര്‍ത്ഥികള്‍ തന്നെ.
പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ആവശ്യത്തിന് നേരെ അധികൃതര്‍ കണ്ണടയ്ക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചത്. പുന്നത്തുറ ആദപ്പള്ളി കപ്പേള ജംഗ്ഷനില്‍ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്മാന് ജോയി ഊന്നുകല്ലേല്‍ ഉദ്ഘാടനം ചെയ്ത പ്രകടനം സമരപന്തലില്‍ എത്തിയപ്പോള്‍ സമരക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നു ഞെട്ടി. രണ്ട് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിന് സര്‍വ്വ പിന്തുണയുമായി രംഗത്ത്. തങ്ങള്‍ മുഖ്യമന്ത്രിക്ക് കൊടുക്കാനായി തയ്യാറാക്കിയ നിവേദനത്തിന്റെ പകര്‍പ്പും അവരുടെ പക്കല്‍ ഉണ്ടായിരുന്നു. അതോടെ ധര്‍ണ്ണയുടെ രീതി തന്നെ മാറി.
പാലത്തിന്റെ ദയനീയാവസ്ഥയില്‍ ഏറ്റവും അധികം കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ സമരം ഉദ്ഘാടനം ചെയ്യട്ടെ എന്നായി നാട്ടുകാര്‍. ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ധര്‍ണ്ണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് നയനാ സുരേഷ് എന്ന വിദ്യാര്‍ത്ഥിനി ഉദ്ഘാടനം ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഈ പാലം കടക്കവെ സ്കൂള്‍ ബസ് അപകടത്തില്‍പെട്ടിരുന്നു. വളരെ അത്ഭുതകരമായാണ് അന്ന് കുട്ടികള്‍ രക്ഷപെട്ടത്.
ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രമേയത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ - 'രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേയ്ക്ക് പോകുന്ന ചെറിയ വാന്‍ കമ്പിനിക്കടവ് എത്തുമ്പോള്‍ ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടും. ഇടിഞ്ഞ് പൊളിഞ്ഞിരിക്കുന്ന പാലത്തിലേക്ക് വണ്ടി കയറുമ്പോള്‍ കൂട്ടത്തോടെ ജീവന് കാക്കണമേ എന്ന് കണ്ണടച്ച് ദൈവത്തോട് പ്രാര്‍ത്ഥിച്ച് ഭയന്നു വിറച്ചാണ് ഞങ്ങളുടെ യാത്ര. കൈവരികള്‍ തകര്‍ന്ന്, അസ്ഥിപഞ്ചിരമായി നില്ക്കുന്ന പാലം ഞങ്ങള്‍ക്ക് എന്നും ഒരു പേടി സ്വപ്നമാണ്. പുതിയ പാലം എന്ന സ്വപ്നം ഇതുവരെ യാഥാര്‍ത്ഥ്യമായി കാണുവാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. ജീവന് വാരിപ്പിടിച്ചുള്ള ഈ യാത്ര അധികകാലം തുടരാന്‍ സാധിക്കില്ലെന്നും ആയതിനാല്‍ അധികാരികള്‍ പുതിയ പാലം പണിയുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് ഞങ്ങളുടെ ആവശ്യം'.
ജനകീയ സമിതി ചെയര്മാന് ജോളി എട്ടുപറയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ലിസമ്മ ബേബി, ജോസ്മോന് മുണ്ടയ്ക്കല്‍, ബിജു കുമ്പിക്കന്‍, മോഹന്‍ദാസ്, ബിനീഷ് വെട്ടിമുകള്‍, മാത്യു വാക്കത്തുമാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. 2009ല്‍ മാന്ദ്യ വിരുദ്ധ പാക്കേജ് പദ്ധതിയില്‍ 10 കോടി രൂപ വകയിരുത്തി പുതിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതാണ്. പുതിയ പാലത്തിന് ഇരുകരകളിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ 1.5 കോടി രൂപ പൊന്നുംവില കൊടുത്ത് സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി ഏറ്റെടുത്തു.
പിന്നീട് രണ്ട് മീറ്റര്‍ ഉയര്‍ത്തി പുതിയ പാലത്തിന് രൂപരേഖ തയ്യാറാക്കി 8.5 കോടി മതിപ്പ് തുകയില്‍ ടെന്‍ഡര്‍ ചെയ്ത് നടപടി തുടങ്ങിയെങ്കിലും കരാറുകാരന് പണി തുടങ്ങിയില്ല. ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് സുരേഷ് കുറുപ്പ് എം.എല്‍.എ., ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഇടപെട്ട് പാലം നിര്‍മ്മാണം പുനരാരംഭിക്കല്‍ നടപടി സ്വീകരിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ പുതിയ രൂപരേഖയും എസ്റ്റിമേറ്റും വേണ്ടിവന്നു. മണ്ണ് പരിശോധന, പുതിയ സ്കെച്ച് എന്നിവ ഉണ്ടാക്കാന്‍ ടെന്‍ഡര്‍ കൊടുത്തെങ്കിലും ആരും എടുക്കാന്‍ തയ്യാറായില്ല. ഇതോടെ കഷ്ടത്തിലായത് നാട്ടുകാരും.