23 September, 2018 08:20:37 PM


മണ്ഡല - മകരവിളക്ക് കാലത്ത് മാലിന്യസംസ്കരണത്തിന് സംവിധാനമില്ലാത്ത കടകള്‍ പൂട്ടിക്കും

നഗരസഭാ ആരോഗ്യവിഭാഗത്തെയും കൗണ്‍സിലര്‍മാരെയും അറിയിച്ചില്ലെന്ന് പരാതി
ഏറ്റുമാനൂര്‍: ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പ്രത്യേക സംവിധാനങ്ങളുമായി പോലീസ്. നിലവില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡുകളെ മാറ്റി പകരം പോലീസ് സേനയെ വിന്യസിക്കും. ഒരു ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മുപ്പതില്‍ പരം പോലീസുകാരെ പ്രത്യേകം ഡ്യൂട്ടിയിലിടും. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നായ ഏറ്റുമാനൂരിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ആണ് ഈ വിവരം അറിയിച്ചത്.


ക്ഷേത്രപരിസരത്ത് സിസിടിവി, പോലീസ് എയ്ഡ് പോസ്റ്റ്, ട്രാഫിക് കണ്‍ട്രോള്‍ റൂം എന്നീ സംവിധാനങ്ങളോടെയായിരിക്കും ഇക്കുറി പോലീസ് രംഗത്തുണ്ടാവുക. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമാണ് ഏറ്റുമാനൂര്‍. കുരുക്കഴിക്കാന്‍ പട്ടിത്താനം മുതല്‍ ടൗണ്‍ വരെ പാര്‍ക്കിംഗ് നിരോധിക്കണമെന്നും ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ വണ്‍വേ അടിസ്ഥാനത്തില്‍ ഗതാഗതം തിരിച്ചുവിടണമെന്നും നിര്‍ദ്ദേശം ഉണ്ടായി. വഴികളുടെയും പാര്‍ക്കിംഗിന്റെയും മറ്റും കൃത്യമായ മാപ്പ് തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ എസ്‌ഐ പ്രശാന്ത്കുമാറിന് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.


അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല സീസണില്‍ ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്തെ ശുചീകരണത്തിനും വഴിവിളക്കുകളുടെ അറ്റകുറ്റപണികള്‍ക്കും മറ്റുമായി പത്ത് ലക്ഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളതായി മന്ത്രി വെളിപ്പെടുത്തി. മാലിന്യനിര്‍മാര്‍ജ്ജനവും ശുദ്ധമായ കുടിവെള്ള വിതരണവും ഉറപ്പുവരുത്തും. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് സംവിധാനമില്ലാത്ത കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കര്‍ശനമായി പാലിക്കാത്തവരുടെ കടകള്‍ പൂട്ടുന്നതിനുള്ള നടപടിയെടുക്കും. ശുചീകരണത്തിന് ദേവസ്വം വക തൊഴിലാളികളെ കൂടാതെ നഗരസഭ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. പ്ലാസ്റ്റിക് പൂര്‍ണ്ണമായി നിരോധിക്കും.


വിതരണം ചെയ്യുന്ന ആഹാരസാധനങ്ങളുടെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി ഓഫീസറെ ചുമതലപ്പെടുത്തി. എല്ലാ ദിവസങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് ഇതു സംബന്ധിച്ച പരിശോധനകള്‍ക്കായി ഏറ്റുമാനൂരിലെത്തും. ഫയര്‍ ആന്റ് റെസ്‌ക്യു ഒരു യൂണിറ്റ് ഫയര്‍ ഫോഴ്‌സിന്റെ സേവനം ഉറപ്പു വരുത്തും. ഇടത്താവളത്തിലെ കെട്ടിടങ്ങളുടെ അറ്റക്കുറ്റ പണികള്‍ ദേവസ്വം ബോര്‍ഡ് നടത്തും. ഇവിടെയുള്ള 37 ശുചിമുറികള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും ഭക്തര്‍ക്കുള്ള ഭക്ഷണ വിതരണവും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ്.


വൈദ്യുതി തടസം ഉണ്ടാവാതിരിക്കാന്‍ രണ്ട് സബ് സ്റ്റേഷനുകളില്‍ നിന്ന് വൈദ്യുതി വിതരണം ഉണ്ടാവുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും ഉള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ ഒക്ടോബര്‍ 31 ന് മുമ്പായി പൂര്‍ത്തീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി അറിയിച്ചു. റോഡ് സുരക്ഷാ സംവിധാനങ്ങലും ഏര്‍പെടുത്തും. കെ.എസ്.ആര്‍.ടി.സി മണ്ഡലകാലത്ത് അധികസര്‍വ്വീസുകള്‍ നടത്തും. കോട്ടയം റയില്‍വേ സ്റ്റേഷന്‍, ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡ്, ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനം എന്നിവിടങ്ങളില്‍ നിന്ന് സര്‍വ്വീസ് ഉണ്ടാവും.


മുന്‍ എം.എല്‍.എ വി.എന്‍.വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡംഗങ്ങളായ കെ.രാഘവന്‍, കെ. പി. ശങ്കരദാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി. ശങ്കരന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


നഗരസഭാ ആരോഗ്യവിഭാഗത്തെയും കൗണ്‍സിലര്‍മാരെയും അറിയിച്ചില്ലെന്ന് പരാതി


ഏറ്റുമാനൂര്‍: ശബരിമല മണ്ഡല മകരവിളക്ക് മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വം മന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ നിന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തെയും ക്ഷേത്രത്തിനു സമീപമുള്ള വാര്‍ഡു കൗണ്‍സിലറന്മാരെയും ഒഴിവാക്കിയതില്‍ പ്രതിഷേധം. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണമുള്‍പ്പെടെയുള്ള സേവനങ്ങള്‍ ചെയ്യുന്നത്.എന്നാല്‍ യോഗത്തിന്റെ അറിയിപ്പ് ചെയര്‍മാന് ലഭിച്ചിട്ടും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചില്ല. ചെയര്‍മാന് ലഭിച്ച അറിയിപ്പ് മറ്റുള്ളവരില്‍ നിന്ന് മറച്ചു വച്ചത് രാഷ്ട്രീയ പകപോക്കലാണന്നാണ് ആരോപണം. 

ബഹു കക്ഷി ഭരണത്തിലുള്ള നഗരസഭയില്‍ സി പി എം നേതൃത്വത്തിലാണ് ആരോഗ്യ സ്ഥിരം സമിതി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലെയും സമീപവാര്‍ഡുകളിലേയും കൗണ്‍ലറന്മാരെയും ചെയര്‍മാന്‍ വിവരം അറിയിക്കാതിരുന്നത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ ഗണേഷ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ചെയര്‍മാനാന്ന് സഹ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി യോഗത്തില്‍ വരേണ്ടതെന്ന് മന്ത്രി മറുപടി പറഞ്ഞു. യോഗത്തിനു ക്ഷണിച്ചില്ലെങ്കിലും ശുചീകരണത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഒരു കുറവും വരുത്തില്ലന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി. മോഹന്‍ ദാസ് പറഞ്ഞു.Share this News Now:
  • Google+
Like(s): 381