22 September, 2018 12:07:28 PM


ശബരിമലയിലും ഇടത്താവളങ്ങളിലും പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും - മന്ത്രി

പമ്പയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15ന് മുമ്പ് പൂര്‍ത്തീകരിക്കും



ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടനകാലത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ക്കശമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതികള്‍ തുടങ്ങി കഴിഞ്ഞു. തീര്‍ത്ഥാടകര്‍ കൂടുതലായി വന്നു പോകുന്ന ഏറ്റുമാനൂര്‍, എരുമേലി തുടങ്ങി എല്ലാ ഇടത്താവളങ്ങളിലും ഇത് പ്രാവര്‍ത്തികമാക്കും. തദ്ദേശസ്ഥാപനങ്ങളുടെയും പോലീസിന്‍റെയും സഹകരണത്തോടെ പ്ലാസ്റ്റിക് നിരോധനം പ്രായോഗികമാക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടം ഒരു വ്യക്തതയുണ്ടാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 


ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍‌ മഹാദേവക്ഷേത്രത്തില്‍ തീര്‍ത്ഥാടനകാലത്തിനു മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. ഇതരസംസ്ഥാനങ്ങളില്‍  നിന്നും വരുന്ന തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആഹാരവും കുടിവെള്ളവും കൊണ്ടുവരുന്നത് തടയും. ഇതിന് മുന്നോടിയായി അന്യഭാഷാ പത്രങ്ങളില്‍ വാര്‍ത്തകള്‍ കൊടുക്കും. പ്ലാസ്റ്റിക്കിനെതിരെ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിതപ്രവര്‍ത്തനവും ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാവണം. അല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.


മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പാ ത്രിവേണിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. മണ്ഡലകാലം ആരംഭിക്കാനിരിക്കെ വെല്ലുവിളികളെ അതിജീവിച്ച് നവംബര്‍ 15ന് മുമ്പ് തകര്‍ന്നുപോയതെല്ലാം പുനക്രമീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭാവിയില്‍ എത്ര വലിയ വെള്ളപൊക്കമുണ്ടായാലും തീര്‍ത്ഥാടനത്തെ ബാധിക്കാത്ത രീതിയില്‍ പമ്പാ നദിക്കു കുറുകെ വലിയ പാലം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.  



Share this News Now:
  • Google+
Like(s): 129