22 September, 2018 10:29:05 AM


ഫ്രാങ്കോക്കെതിരെ തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയും അന്വേഷിക്കും

ഇന്ന് ഉച്ചയോടെ ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ ആവശ്യപ്പെടും



ഏറ്റുമാനൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍  അറസ്റ്റിലായ ജസലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പാലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അന്വേഷണങ്ങള്‍ക്കും മറ്റുമായി ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റുമാനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.


ഫ്രാങ്കോയുടെ പീഡനത്തെ തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിച്ച രണ്ട് കന്യാസ്ത്രീകള്‍ നല്‍കിയ പരാതി അന്വേഷണവിധേയമാക്കുമെന്നും എസ്പി പറഞ്ഞു. തങ്ങള്‍ തിരുവസ്ത്രം ഉപേക്ഷിച്ചതിന് കാരണം ബിഷപ്പിന്‍റെ മോശം പെരുമാറ്റമാണെന്ന് ഈ രണ്ട് കന്യാസ്ത്രീകള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ബിഷപ്പ് തങ്ങളെ കയറിപ്പിടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നതായാണ് ഇവരുടെ മൊഴി. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു. കോടതിയിൽ മാത്രമാണ് ഇനി പ്രതീക്ഷയെന്നും സമരത്തിൽ പങ്കെടുക്കാനെത്തിയപ്പളോ‍ള്‍ ഇവർ പറഞ്ഞിരുന്നു.


അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നലെ രാത്രി തൃപ്പൂണിത്തുറയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരവെ നെഞ്ചുവേദന അനുഭവപ്പെട്ട ഫ്രാങ്കോയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു, ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം കോട്ടയം പോലീസ് ക്ലബില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഫ്രാങ്കോ. 


ഫ്രാങ്കോ ബിഷപ്പായ ശേഷം 18ഓളം കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഉപേക്ഷിച്ചതായാണ് പറയുന്നത്. ഇവരില്‍ നിന്നും മൊഴിയെടുത്ത പൊലീസിന് മനസ്സിലാക്കാന്‍ സാധിച്ചത് ഇവര്‍ക്കും ബിഷപ്പില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ്. ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കര്‍ദിനാളിന് പരാതി നല്‍കിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മെത്രാന്‍ പദവിയില്‍ നിന്നും മാറ്റപ്പെട്ട ഫ്രാങ്കോ അറസ്റ്റിലാകുക കൂടി ചെയ്തതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. 



Share this News Now:
  • Google+
Like(s): 605