21 September, 2018 05:16:17 PM


കൊട്ടിഘോഷിക്കുന്ന സൗകര്യങ്ങള്‍ അകലെ; ഏറ്റുമാനൂരില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യങ്ങളേറെ

ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ശനിയാഴ്ച


ഏറ്റുമാനൂര്‍: ദക്ഷിണേന്ത്യയിലെ വലിയൊരു ആത്മീയ സ്രോതസായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊട്ടിഘോഷിക്കപ്പെടുന്ന സൗകര്യങ്ങള്‍ ഇനിയും അകലെ. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്‌തജനങ്ങൾ എത്തുന്ന മഹാദേവ ക്ഷേത്രം. ശബരിമല തീർഥാടനവേളയിൽ തമിഴ്‌നാട്, ആന്ധ്ര, കർണാടകം, കേരളം എന്നിവിടങ്ങളിലെ ഈശ്വര വിശ്വാസികളുടെ പ്രധാന ഇടത്താവളം. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദിവസേന ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വന്ന് പോകുക.

ശബരിമല യാത്രാമധ്യേ ഏഴരപൊന്നാനയുടെ നാട്ടിലെത്തി ഭഗവാനെ തൊഴുത് അല്‍പം വിശ്രമം എന്ന ലക്ഷ്യത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിരാശ മാത്രമാണ് ഫലം. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പെടുത്താറുണ്ട് എന്നാണ് അധികൃതരുടെ പക്ഷം. എന്നാൽ എല്ലാ വര്‍ഷവും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടക്കുന്ന അവലോകന യോഗങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്നും പരാതിയുണ്ട്. ഭക്തരുടെ ആവശ്യം അറിഞ്ഞ് സൗകര്യം ഒരുക്കുന്നതിലെ പരാജയമാണ് ഇവിടെ വര്‍ഷങ്ങളായി കണ്ടുവരുന്നത്. വിരിപന്തല്‍:

ഏറ്റുമാനൂരില്‍ വിരിപന്തല്‍ തയ്യാറാക്കുന്നത് സാധാരണ പടിഞ്ഞാറെ ഗോപുരത്തില്‍ കല്യാണമണ്ഡപത്തോട് ചേര്‍ന്നാണ്. രാത്രികാലങ്ങളില്‍ വളരെ ചുരുക്കം പേര്‍ വല്ലപ്പോഴും എത്തുന്നതൊഴിച്ചാല്‍ ഏതു സമയവും ആളൊഴിഞ്ഞ നിലയിലായിരിക്കും ഈ പന്തൽ. അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഘങ്ങളായി വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ഈ വിരിപന്തല്‍ ഒരിക്കലും പ്രയോജനം ചെയ്യാറില്ല. ക്ഷേത്രമൈതാനത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഇവര്‍ക്ക് സ്വയം ഭക്ഷണം പാകം ചെയ്യാനും കഴിക്കുവാനും ഈ വിരിപന്തല്‍ ഉപയോഗപ്പെടാറില്ല.

മൈതാനത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പിനടുത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന്‍റെ തണല്‍ പറ്റിയാണ് ഒട്ടുമിക്ക സംഘങ്ങളും ആഹാരം പാകം ചെയ്യുന്നത്. ഇവിടെ കുന്നുകൂടുന്ന മാലിന്യത്തിന്‍റെ രൂക്ഷഗന്ധം പേറി മൈതാനത്തിന്‍റെ വശത്തുകൂടി ഒഴുകുന്ന ഓടയുടെ മുകളിലും പൊരിവെയിലില്‍ റോഡരികിലും ഇലകള്‍ നിരത്തിയിട്ട്  ആഹാരം കഴിക്കുന്ന അയ്യപ്പഭക്തര്‍ സീസണായാല്‍ ഇവിടെ സ്ഥിരം കാഴ്ചയാണ്. നട്ടുച്ചവെയിലിലും മൈതാനത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മറവിലും എം.സി. റോഡിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തിലുമാണ് തീർത്ഥാടകരുടെ വിശ്രമം. ആഹാരം കഴിക്കാനും മറ്റും സൗകര്യപ്രദമായ രീതിയില്‍ വിരിപന്തല്‍ ക്ഷേത്രമൈതാനത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് സജ്ജമാക്കിയിരുന്നുവെങ്കില്‍ ഭക്തര്‍ക്ക് അത് ഏറെ പ്രയോജനം ചെയ്യുമായിരുന്നു എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഗതാഗതക്കുരുക്ക്:

ഉത്സവകാലമായാല്‍ ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. പടിഞ്ഞാറെ നടയിലെയും പേരൂര്‍ കവലയിലെയും കുരുക്കാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. ഗതാഗതനിയന്ത്രണത്തിന് ആവശ്യത്തിന് പോലീസുകാരില്ലാത്തതും പ്രശ്നമാകുന്നു. തീര്‍ത്ഥാടകരെയും കൊണ്ട് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എം.സി.റോഡിലും മറ്റ് റോഡുകളിലും പാര്‍ക്കു ചെയ്യുന്നത് നിരോധിക്കണം. വടക്കുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ വികെബി റോഡിലൂടെ ക്ഷേത്രമൈതാനിയില്‍ പ്രവേശിപ്പിക്കണം. പടിഞ്ഞാറെനടയില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വണ്‍വേ സംവിധാനം ഏര്‍പെടുത്തുകയും മൈതാനത്തെ ഗേറ്റുകള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുകയും ചെയ്യുക. കൂടുതല്‍ വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കോവില്‍പാടത്ത് സൗകര്യമൊരുക്കുക. 

മാലിന്യപ്രശ്നങ്ങള്‍:

തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്തോറും മാലിന്യപ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറ്റുമാനൂരിന് തലവേദനയായി മാറുകയാണ് പതിവ്. ഉത്സവകാലങ്ങളില്‍ ക്ഷേത്രമൈതാനത്തും പരിസരങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യം ആരു നീക്കം ചെയ്യണം എന്നതിനെ ചൊല്ലി ദേവസ്വവും തദ്ദേശസ്ഥാപനവും തമ്മിലുള്ള തര്‍ക്കം ഇന്നും തീര്‍ന്നിട്ടില്ല. ക്ഷേത്രമൈതാനത്ത് കടകള്‍ കെട്ടി കച്ചവടത്തിന് ലേലം കൊടുക്കുന്ന ദേവസ്വം പക്ഷെ മാലിന്യം നീക്കം ചെയ്യുന്നതില്‍ അത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. 

ശുചിമുറികള്‍:

നിലവില്‍ ക്ഷേത്രത്തിന്‍റെ തെക്കെ നടയിലുള്ള ശുചിമുറികള്‍ തീര്‍ത്ഥാടകര്‍ക്ക് അപര്യാപ്തമാണ്. ക്ഷേത്ര മൈതാനത്ത് വാഹനം പാര്‍ക്ക് ചെയ്യുന്ന തീര്‍ത്ഥാടകര്‍ പലപ്പോഴും പ്രാഥമികകാര്യങ്ങൾ നിര്‍വ്വഹിക്കുന്നത് ക്ഷേത്രപരിസരത്തെ റോഡുകളിലും അയല്‍വാസികളുടെ പുരയിടങ്ങളിലും. ശബരിമല സീസണായാല്‍ പരിസരത്തെ റോഡുകളിലൂടെ യാത്ര ദുഷ്കരം. പരിസ്ഥിതി സൗഹൃദ താത്ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കുവാനും പരിസരശുചീകരണം ഉറപ്പാക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പാടാക്കുവാനും നടപടികള്‍ വേണം.


ഭക്ഷ്യസുരക്ഷ:

ക്ഷേത്രപരിസരത്തെ ഹോട്ടലുകളില്‍നിന്നും മറ്റും ആഹാരം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത് മുന്‍കാല ചരിത്രങ്ങളാണ്. ഭക്ഷണസാധനങ്ങളുടെയും കുടിവെള്ളത്തിന്‍റെയും ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ നഗരസഭയും ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധനകള്‍ കര്‍ശനമാക്കണം. ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പരിശോധനയും വ്യാപാരസ്ഥാപനങ്ങളില്‍ അടിക്കടിയുണ്ടാവണം.

ശനിയാഴ്ച രാവിലെ ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേരുകയാണ്. എല്ലാ വര്‍ഷവും കാര്യമായ തീരുമാനങ്ങള്‍ കൈകൊള്ളുമെങ്കിലും പിന്നെ ഇവ എത്രത്തോളം പ്രാവര്‍ത്തികമാക്കി എന്ന് അധികൃതര്‍ ശ്രദ്ധിക്കാറില്ല. ക്ഷേത്രത്തിലെ ഉപദേശകസമിതി ഭക്തജനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തതല്ലാത്തതിനാൽ ശബരിമല സീസണിലേത് ഉൾപ്പെടെ ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങളിൽ ഭക്തരുടെയും മറ്റ് ഭക്തജന സംഘടനകളുടെയും പ്രാതിനിധ്യം കാര്യമായി ലഭിക്കുന്നുമില്ല.Share this News Now:
  • Google+
Like(s): 380