21 September, 2018 02:50:30 PM


എംഎല്‍എ ഹോസ്റ്റല്‍ പീഡനശ്രമം; ഡിവൈഎഫ്‌ഐ നേതാവിനെതിരെ തെളിവ്, അറസ്റ്റ് ഉടന്‍

പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കുന്ന നടപടി ശേഷിക്കുകയാണ്



തൃശൂര്‍: എംഎല്‍എ ഹോസ്റ്റല്‍ പീഡനശ്രമ കേസില്‍ അറസ്റ്റിന് മുമ്പ് ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ നേതാവിന്റെ അറസ്റ്റ് ഉടനെ ഉണ്ടാവുമെന്ന് സൂചന. കേസിലെ പ്രതിസ്ഥാനത്തുള്ള ആര്‍.എല്‍ ജീവന്‍ലാല്‍ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ജോ.സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ അന്വേഷണ നടപടികള്‍ അന്തിമഘട്ടത്തിലെത്തി. 


ഡിവൈഎഫ്‌ഐ പ്രവര്‍ത്തക കൂടിയായ പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കുന്ന നടപടികൂടിയാണ് ശേഷിക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്നുള്ള പൊലീസിന്റെ തെളിവെടുപ്പ് ഇതിനകം പൂര്‍ത്തിയായിരുന്നു. പരാതിയിലെ വസ്തുതകളും പൊലീസിന് നല്‍കിയ മൊഴിയും രഹസ്യമൊഴിയും ആവര്‍ത്തിക്കപ്പെട്ടാല്‍ അറസ്റ്റ് പിന്നാലെയുണ്ടാവും.


സംഭവം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസമടക്കം മൂന്ന് ദിനം ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ തങ്ങിയിട്ടുണ്ട്. ഹോസ്റ്റലിലെ സന്ദര്‍ശക രജിസ്റ്ററിലെ വിവരങ്ങളാണ്  തെളിവ്. കഴിഞ്ഞ ജൂലൈയില്‍ ഇരിങ്ങാലക്കുട എംഎല്‍എ പ്രഫ.കെ.യു അരുണന്റെ മുറിയിലാണ് പരാതിക്കിടയാക്കിയ സംഭവം. തിരുവനന്തപുരത്ത് മെഡിക്കല്‍ പ്രവേശനത്തിന് ചേരാന്‍ ഇരിങ്ങാലക്കുട കാട്ടൂരിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടിക്ക് സഹായത്തിനായാണ് യുവ നേതാവിനെ കൂടെ വിട്ടത്. മുറിയില്‍ വച്ച് സ്ത്രീത്വത്തെ അപമാനിക്കും വിധം ഇയാള്‍ പെരുമാറിയെന്നാണ് പരാതി.


സംഭവത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ തന്നെയാണ് ആദ്യം പരാതി നല്‍കിയത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ മകന്‍ കൂടിയായ ജീവന്‍ലാലിനെതിരെയുള്ള പാര്‍ട്ടി  നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത കാട്ടൂര്‍ എസ്‌ഐ, സംഭവം നടന്ന മ്യൂസിയം പൊലീസിന് കൈമാറുകയാണുണ്ടായത്. ഇതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജീവന്‍ലാലിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ജീവന്‍ലാല്‍, പി.കെ ശശി വിഷയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്.


ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എയുടെയും ജീവന്‍ലാലിന്റെ ജേഷ്ഠനും ഡിവൈഎഫ്‌ഐ ജില്ലാ നേതാവുമായ ആര്‍ എല്‍ ശ്രീലാലിന്റെ സാന്നിധ്യത്തിലുമായിരുന്നു വിമര്‍ശനങ്ങള്‍. 'സഖാക്കളായി കണ്ട് സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനിറങ്ങിവരാന്‍ വനിതകള്‍ക്ക് മടിയുണ്ടാക്കും. എന്തെങ്കിലും സംഭവിച്ചാല്‍ ഇരകള്‍ക്കുണ്ടാവുന്ന അവസ്ഥ ഒറ്റപ്പെടലിന്റേതാണ്. ഇത്തരം കാര്യങ്ങളില്‍ സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ നിലനില്‍പ്പില്ലാത്തവിധം നേതാക്കള്‍ പ്രവര്‍ത്തിക്കരുതെന്നായിരുന്നു വനിതാ പ്രതിനിധികളടക്കം ആവശ്യപ്പെട്ടത്.



Share this News Now:
  • Google+
Like(s): 34