21 September, 2018 09:10:28 AM


മുല്ലപ്പള്ളിയെ തള്ളി പ്രചാരണം; ഇല്ലാത്ത പ്രസിഡന്‍റിന് അഭിവാദ്യം

ഒറ്റ നോട്ടത്തില്‍ ഉമ്മന്‍‌ചാണ്ടിയാണോ പുതിയ പ്രസിഡന്‍റ് എന്ന് തോന്നും



കോട്ടയം: "കെ പി സി സി പ്രസിഡന്‍റിനും ഭാരാവാഹികൾക്കും അഭിനന്ദനങ്ങൾ..." ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റർ ചർച്ചയാവുന്നു. വിവിധ നേതാക്കളുടെ ചിത്രങ്ങൾ നിരത്തിയ പോസ്റ്ററ്റിൽ പക്ഷെ കെ പി സി സി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. മുല്ലപ്പള്ളിയുടെ പേരുപോലും ഇല്ലാത്ത പോസ്റ്ററില്‍ പകരം കൊടുത്തിരിക്കുന്നത് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രങ്ങള്‍.



രമേശ് ചെന്നിത്തലയ്ക്കൊപ്പം വലുതായി ചിത്രീകരിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയാണോ പുതിയ കെ.പി.സി.സി പ്രസിഡന്‍റ് എന്ന് സംശയം തോന്നുംവിധമാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കെ.സുധാകരന്‍, കെ.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്. എം.ഐ.ഷാനവാസ് തുടങ്ങിയവരുടെ ചിത്രങ്ങളും നിരത്തിയിട്ടുള്ള പോസ്റ്ററില്‍ കടന്നു കൂടിയ അക്ഷരപിശകും ചര്‍ച്ചയായി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റര്‍ ഫ്ലക്സ് ബോര്‍ഡുകളായി പലയിടത്തും സ്ഥാപിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ  പിഴവ് മനസിലാക്കി പുതിയ ബോര്‍ഡുകള്‍ ഉണ്ടാക്കി മാറ്റി സ്ഥാപിക്കുകയും ചെയ്തു.



ബോര്‍ഡുകള്‍ ഡിസൈന്‍ ചെയ്ത് സ്ഥാപിക്കുന്നതിന് കരാര്‍ ഏല്‍പ്പിച്ച സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവായിരുന്നു ഇതെന്ന് ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ടോമി പുളിമാന്‍തുണ്ടം കൈരളി ന്യൂസിനോട് പിന്നീട് പറഞ്ഞു. പിഴവ് മനസിലാക്കിയ ഉടനെ സ്ഥാപിച്ച ബോര്‍ഡുകള്‍ പിന്‍വലിച്ചതായും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ലി രാമചന്ദ്രന്‍റെയും രാഹുല്‍ഗാന്ധിയുടെയും ചിത്രങ്ങള്‍ കൂടി ചേര്‍ത്ത പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.


- എം.പി.തോമസ്





Share this News Now:
  • Google+
Like(s): 722