20 September, 2018 06:34:01 PM


ബൈക്കിലെത്തി മാല മോഷണം; പാലായില്‍ നാലംഗ സംഘം പിടിയില്‍

തോടനാല്‍ ഭാഗത്ത് വീട്ടമ്മയുടെ മാലയാണ് പൊട്ടിച്ചത്




പാലാ: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസില്‍ 4 പേര്‍ പിടിയില്‍. മീനച്ചില്‍ കുറ്റില്ലം കാഞ്ഞമലക്കുന്നേല്‍ പ്രതീഷ് (24) വെള്ളിയേപ്പളളി പടിഞ്ഞാറേക്കുറ്റ് ബിബിന്‍ (23), കുറുമണ്ണ് നായ്ക്കാനയില്‍ അജയ് സെബാസ്റ്റ്യന്‍ (24), മാല വില്‍ക്കാന്‍ സഹായിച്ച രാമപുരം മൂലയില്‍ ബേബി (60) എന്നിവരാണ് പിടിയിലായത്.


ഈ മാസം 11 നായിരുന്നു സംഭവം. തോടനാല്‍ ഭാഗത്ത് ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ പ്രതീഷും ബിബിനും 2 പവന്റെ മാല പൊട്ടിക്കുകയായിരുന്നു. വീട്ടമ്മ പാലാ പോലീസില്‍ പരാതി നല്കി. സ്റ്റേഷനില്‍ ചില കുറ്റവാളികളുടെ ചിത്രങ്ങള്‍ കാണിച്ചതില്‍ സംശയം തോന്നിയ പോലീസ് പ്രതീഷിനെയും ബിബിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇവര്‍ ഹാജരായില്ല. അടുത്ത ദിവസം പ്രതീഷിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ സ്റ്റേഷനിലെത്തി. സംശയം തോന്നിയ പോലീസ് ബിബിനെ അന്വേഷിച്ചപ്പോള്‍ അയാളും സ്ഥലത്തില്ലാത്തതായി കണ്ടെത്തി. 


തുടര്‍ന്ന് ഇരുവരുടേയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ചെന്നൈയിലുള്ളതായി കണ്ടെത്തി. തുടര്‍ന്ന് ചെന്നൈയിലെത്തിയ പാലാ പോലീസ് ഇരുവരെയും സഹായിയായ അജയ് സെബാസ്റ്റ്യനേയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് മോഷണമുതല്‍ വില്ക്കുവാന്‍ സഹായിക്കുന്ന രാമപുരം സ്വദേശി ബേബിയെ കസ്റ്റഡിയിലെടുത്തത്. പാലാ ഡി വൈ എസ് പി ഗിരീഷ് പി.സാരഥി, സി.ഐ.രാജന്‍ കെ അരമന, എസ്.ഐ ബിനോദ്കുമാര്‍ സ്‌ക്വാഡ് അംഗങ്ങളായ അനില്‍ കുമാര്‍, സിനോയി, സുനില്‍കുമാര്‍, രാജേഷ്, ജയചന്ദ്രന്‍ രാജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 48