20 September, 2018 05:49:58 AM


കിടപ്പാടമില്ലാത്ത വിദ്യാർത്ഥികൾക്ക് ഒരേക്കർ ഭൂമി വിട്ടു നൽകി ജയശ്രീ ടീച്ചര്‍ മാതൃകയായി

പഞ്ചായത്തിന്‍റെ സഹായത്തോടെ 14 ചെറു കൂരകൾ ഒരാഴ്ചയ്ക്കകം കെട്ടും



കോഴിക്കോട്: കിടപ്പാടമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്കും മറ്റു പതിനൊന്നു പേർക്കുമായി ഒരേക്കർ വിട്ടു നൽകി മാതൃകയായി കോഴിക്കോട് കല്ലാനോട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്​കൂൾ അദ്ധ്യാപിക ജയശ്രീ. വാടക വീട്ടിൽ ദാരിദ്ര്യത്തോട് മല്ലടിക്കുമ്പോഴും മിടുക്കനായി പഠിച്ച് എസ്.എസ്എൽ.സിക്ക് മുഴുവൻ എ പ്ളസ് നേടിയ തന്റെ ക്ളാസിലെ മിഥുൻ ജുബിക്ക് എന്തു സമ്മാനം നൽകുമെന്ന ചിന്തയിൽ നിന്നാണ് ഭൂമിയെന്ന ആശയമുണ്ടാകുന്നത്. ഒപ്പം മിനിമോളും അമലും ഇടംപിടിച്ചു. ഇക്കാര്യം ടീച്ചർ യു.എ.ഇയിൽ ഓർത്തോ സർജനായ ഭർത്താവ് ഡോ. വി.കെ. മനോജുമായി സംസാരിച്ചപ്പോൾ പൂർണ സമ്മതം.


സ്വന്തം വിദ്യാർത്ഥികളായ മിഥുൻ ജുബിക്കും മിനിമോൾക്കും അമൽ രാജിനും ഭൂമി നൽകാനാണ് ആദ്യം തീരുമാനിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്ത് മെമ്പർ ജയേഷുമായി സംസാരിച്ചപ്പോഴാണ് ഒരു തുണ്ടു ഭൂമിയില്ലാത്ത കുറച്ചുപേർക്കു കൂടി തുണയാകണമെന്ന് തോന്നിയത്. അങ്ങനെ ലിസ്റ്റിൽ 14 പേരായി. പഞ്ചായത്തിന്റെ സഹായത്തോടെ 14 ചെറു കൂരകൾ ഒരാഴ്ചയ്ക്കകം കെട്ടി കുടുംബങ്ങളെ അങ്ങോട്ടു മാറ്റും. സുമനസുകളുടെ സഹായത്തോടെ പിന്നീട് ടെറസ് വീടുകൾ വച്ചു നൽകും.

സ്വന്തമായുള്ള എട്ട് ഏക്കറിൽ നിന്നാണ് ഒരേക്കർ ഭൂമി വീടില്ലാത്തവർക്ക് ദാനം ചെയ്യുന്നത്. ബാക്കി ഏഴ് ഏക്കറും ബാങ്കിൽ പണയപ്പെടുത്തി ലോണെടുത്താണ് ജയശ്രീയും മനോജും വീടുവച്ചത്. ഇവർക്ക് മൂന്നു മക്കളാണ്. മകൻ ആഷിക് കുര്യൻ സിവിൽ എൻജിനിയറിംഗ് കഴിഞ്ഞ് ദുബായിൽ ജോലി ചെയ്യുന്നു. മൂത്ത മകൾ മന്യ എൻ.ഐ.ടിയിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഇളയ മകൾ ആർദ്ര റോസ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും. ''പരമ്പരാഗതമായി സമ്പന്ന കുടുംബമൊന്നുമല്ല ഞങ്ങളുടേത്. അദ്ധ്വാനിച്ച് നേടിയ സമ്പത്തിൽ കുറച്ച് പാവപ്പെട്ടവർക്ക് നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. മനോജേട്ടൻ യു.എ.ഇയിലെ സുഹൃത്തുക്കളെ കൊണ്ട് കഴിയാവുന്നത്ര വീടുകൾ സ്പോൺസർ ചെയ്യിക്കാൻ ശ്രമിക്കും.''- ജയശ്രീ



Share this News Now:
  • Google+
Like(s): 25