19 September, 2018 08:39:03 PM


വെള്ളവും വിത്തുമില്ല; വറ്റിവരണ്ട പാടങ്ങളില്‍ പച്ചക്കറി കൃഷിക്കൊരുങ്ങി നെല്‍ കര്‍ഷകര്‍

പേരൂര്‍ കുത്തിയതോട്ടില്‍ തടയണ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കം




കോട്ടയം: മഹാ പ്രളയത്തിനു ശേഷം പാടങ്ങള്‍ വറ്റിവരണ്ടതോടെ ആശങ്കാകുലരായി പേരൂര്‍ - തെള്ളകം പാടശേഖരങ്ങളിലെ നെല്‍കര്‍ഷകര്‍. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ അധികൃതര്‍ക്കും കഴിയാതെ വന്നതോടെ പുഞ്ചകൃഷി ഉപേക്ഷിച്ച് പച്ചക്കറി കൃഷിയിലേക്ക് തിരിയാനൊരുങ്ങുകയാണ് തെള്ളകം - പന്നികൊമ്പ് പാടത്തെ ഒരു സംഘം നെല്‍കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം വെള്ളത്തിനു വേണ്ടി കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്ന പാടശേഖരമാണിത്.

പേരൂര്‍, തെള്ളകം പാടശേഖരങ്ങളിലേക്ക് മീനച്ചിലാറ്റില്‍ നിന്നുമാണ് കൃഷിക്കാവശ്യമായ വെള്ളം എത്തിക്കുന്നത്. പേരൂര്‍ പാലാപ്പുഴ പമ്പ് ഹൗസില്‍ നിന്നും ഇറിഗേഷന്‍ കനാല്‍ വഴിയുള്ള വെള്ളം തെള്ളകം - പന്നികൊമ്പ് പാടശേഖരത്തേക്ക് തിരിച്ചുവിടുന്നതില്‍ കര്‍ഷകര്‍ ഇരുചേരിയായി ആരംഭിച്ച തര്‍ക്കം സംഘടനത്തിലും വെട്ടിലും കലാശിക്കുകയായിരുന്നു. മീനച്ചിലാറ്റില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം വേനലില്‍ കൃഷിക്ക് മതിയാകുന്നില്ല എന്ന പരാതി വര്‍ഷങ്ങളായുള്ളതാണ്. 

പാറമ്പുഴ അയ്മനംകുഴി ഭാഗത്തുള്ള പമ്പ് ഹൗസില്‍ നിന്നുള്ള ജലവിതരണം നിലച്ചതോടെ പന്നികൊമ്പ് ഭാഗത്തെ കര്‍ഷകരും പാലാപ്പുഴയില്‍ നിന്നുമുള്ള വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അയ്മനംകുഴി പമ്പ് ഹൗസില്‍ നിന്നും ജലവിതരണം പുനസ്ഥാപിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് കുറച്ചെങ്കിലും പരിഹാരമാകുമെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ തുക അനുവദിച്ചതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല.

കുഴിചാലിപ്പടിയ്ക്കു സമീപം മീനച്ചിലാറ്റില്‍ സമാപിക്കുന്ന കുത്തിയതോട് തെള്ളകം പാടത്തിന്‍റെ നടുവിലൂടെയാണ് ഒഴുകുന്നത്. വേനലില്‍ ഈ തോട് വറ്റി വരളും. വെള്ളപൊക്കത്തില്‍ പാടത്ത് വെള്ളം നിറയുന്നതും ഈ തോട്ടിലൂടെയാണ്. കുഴിചാലിപ്പടിക്കു സമീപം ഒരു തടയണ നിര്‍മ്മിക്കണമെന്നും വെള്ളം നിയന്ത്രിക്കണമെന്നുമുള്ള ആവശ്യം പണ്ടേ ഉള്ളതാണ്. തടയണ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പാടത്ത് കയറിയ വെള്ളം ഒരു പരിധി വരെ കെട്ടികിടക്കുകയും പുഞ്ചകൃഷിക്ക് സഹായമാവുകയും ചെയ്യുമായിരുന്നു. 

മഹാപ്രളയത്തിനു ശേഷം നെല്‍വിത്തിന്‍റെ ലഭ്യത ഉറപ്പാക്കാന്‍ കഴിയാത്തതും കര്‍ഷകരെ ആശയക്കുഴപ്പത്തിലാക്കി. മാത്രമല്ല കഴിഞ്ഞ വര്‍ഷം വെള്ളം കയറി വിള നശിച്ചതിന്‍റെ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. വരള്‍ച്ചയും അധികൃതരുടെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മയും മൂലം ഇക്കുറി പുഞ്ചകൃഷി ഉപേക്ഷിക്കുവാന്‍ തയ്യാറെടുക്കുകയാണ് തെള്ളകം പാടത്തെ ഒരു വിഭാഗം കര്‍ഷകര്‍. വരണ്ട പാടം പൊടി കൂട്ടി മരച്ചീനി തുടങ്ങിയ പച്ചക്കറികള്‍ വിളയിക്കാന്‍ പാടത്ത് കളമൊരുക്കുകയാണിവര്‍. 


Share this News Now:
  • Google+
Like(s): 79