19 September, 2018 01:23:33 PM


'അതിരുവിട്ട' സമരം: എറണാകുളത്തെ 'കൊതുകുകളും' പാലാരിവട്ടത്തെ 'കീടനാശിനിയും' ഏറ്റുമുട്ടുന്നുകൊച്ചി: ബലാത്സംഗ പരാതിയില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ എത്തിയത് വൈദികര്‍ തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ കൂട്ടതല്ലിന് കാരണമായി. കന്യാസ്ത്രീകളെ പിന്തുണച്ച് സമരപ്പന്തലില്‍ എത്തിയവരെ 'എറണാകുളത്തെ കൊതുകുകള്‍' എന്ന് ഒരു വൈദികന്‍ ഫേസ്ബുക്കിലൂടെ വിളിച്ചപ്പോള്‍ 'പാലാരിവട്ടത്തെ കീടനാശിനി' പ്രയോഗവുമായി വൈദിക കൂട്ടായ്മയിലെ മറുഭാഗം തിരിച്ചടിച്ചു. 


കെ.സി.ബി.സി വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടാണ് സോഷ്യല്‍ മീഡിയ യുദ്ധത്തിന് തുടക്കമിട്ടത്. അതിരൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ.ജോയ്‌സ് കൈതക്കോട്ടും സീറോ മലബാര്‍ ക്ലെര്‍ജി കമ്മീഷന്‍ സെക്രട്ടറിയും സത്യദീപം അസോസിയേറ്റ് എഡിറ്ററുമായ ഫാ.ജിമ്മിച്ചന്‍ കര്‍ത്താനവുമാണ് വാട്‌സ്ആപ്പിലൂടെ ഇതിന് മറുപടി നല്‍കിയത്. കന്യാസ്ത്രീകളുടെ സമരം അതിരുവിട്ടതാണെന്ന് കുറ്റപ്പെടുത്തി കെ.സി.ബി.സി തള്ളിപ്പറഞ്ഞതിനു പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ സമരത്തിന് പിന്തുണയുമായി എത്തിയതാണ് ഫാ.വര്‍ഗീസ് വള്ളിക്കാട്ടിനെ ചൊടിപ്പിച്ചത്.


''എറണാകുളത്തെ കൊതുകുകള്‍' പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവര്‍ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂര്‍വസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താന്‍ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന പരിണത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്. മുന്‍പ് കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകള്‍ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളില്‍ പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ പുളച്ചുനടക്കുന്ന കൂത്താടികള്‍ വര്‍ഷം ചെല്ലുംതോറും കൂടുതല്‍ പ്രതിരോധശേഷി ആര്‍ജിച്ചുവരികയാണ്... എന്നിങ്ങനെ പോകുന്നു ഫാ.വള്ളിക്കാട്ടിന്റെ പരിഹാസം.

പാലാരിവട്ടത്തെ കീടനാശിനി പ്രയോഗവുമായി ഫാ.ജോയ്‌സ് കൈതക്കോട്ട് ആണ് തൊട്ടുപിന്നാലെ വന്നത്. കെ.സി.ബി.സിയുടെ സെക്രട്ടറി ഫാ.വള്ളിക്കാട്ടിന്റെ ഓഫീസ് പാലാരിവട്ടം പി.ഒ.സി സെന്ററിലാണ്. ഇതാണ് പാലാരിവട്ടത്തെ കീടനാശിനി പ്രയോഗത്തിനു പിന്നില്‍. ''എറണാകുളത്തെ കൊതുകളെക്കുറിച്ചു ഒരു കീടനാശിനി കമ്പനിയുടെ വില്പനക്കാരന്റെ ഗവേഷണ വാര്‍ത്ത വായിച്ചു. എറണാകുളത്തെ കൊതുകുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നം സത്യത്തില്‍ ഉപകാരമുണ്ടാക്കുന്നത് പ്രളയാനന്തരം ഉയര്‍ന്നു വന്ന ചില കമ്പനികള്‍ക്കാണ്. ഈ കമ്പനികള്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പരസ്യവുമായി ഇറങ്ങാറുണ്ട്. പക്ഷെ പലപ്പോഴും മാര്‍ക്കറ്റില്‍ കാര്യമായ ചലനം ഉണ്ടാക്കാറില്ല. കൊതുകുകള്‍ വളരാന്‍ തക്ക സാധ്യതകള്‍ ആദ്യം ഈ കമ്പനിക്കാര്‍ സൃഷ്ടിക്കുകയും തുടര്‍ന്ന് തങ്ങളുടെ കമ്പനിയുടെ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ കൊടിയ ശ്രമം നടത്തുകയും ചെയ്യും. ഇത് നല്ലതാണെന്നു പറഞ്ഞു വിറ്റഴിക്കുന്നവര്‍ക്കു ആവശ്യത്തിന് പണം കമ്പനി കൊടുക്കുന്നതുകൊണ്ടു കീടനാശിനിക്ക് നല്ല പ്രചാരം ഉണ്ടാകുന്നുണ്ട്. പക്ഷെ ഈ കൊതുകുകള്‍ക്കു ഒന്നും സംഭവിക്കുന്നുമില്ല. കീടനാശിനി മേടിക്കുന്നവര്‍ക്കു കാശു നഷ്ടം ഉണ്ടാകുന്നു. കൂടാതെ പാവം ജനങ്ങള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ആണ് അറിയുന്നത് കൊതുകല്ല ചാകുന്നത്. അന്തരീക്ഷം മുഴുവന്‍ ഈ കീടനാശിനിയുടെ ദുര്‍ഗന്ധം കൊണ്ട് വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെന്നു''... എന്നു പോകുന്നു ഫാ.കൈതക്കോട്ടിന്റെ മറുപടി.

തൊട്ടുപിന്നാലെ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനവും എത്തി. ''ആരുടെയും വക്താവായോ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ മഹത്ത്വം കാണിക്കാനോ അല്ല സഹോദരിമാര്‍ നടത്തുന്ന സമരപ്പന്തലില്‍ പോയത്. ഏറെയൊന്നും സാധിച്ചില്ലെങ്കിലും നീതിക്കുവേണ്ടി നിലവിളിക്കുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഒരാശ്വാസവാക്കു നല്കുവാനാണ്. കെ.സിബി.സി. എന്നത് സുവിശേഷ അധിഷ്ഠിതമായ നിലപാടെടുക്കുവാന്‍ കഷ്ടപ്പെടുന്ന ഒന്നാണെന്നും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വേദി എന്ന നിലവാരമെ അതിനുള്ളു എന്നും ആരോ കഴിഞ്ഞ ദിവസം കമന്റിട്ടപ്പോള്‍ ചിരിച്ചെങ്കിലും ഇപ്പോഴാണ് അതല്പന്മാര്‍ തലപ്പത്തിരിക്കുന്ന കടലാസു കൊട്ടാരമാണെന്നു ബോധ്യമായത്....നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവരോടൊപ്പം ഉണ്ടാകണമെന്ന് ബൈബിള്‍ വായിക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ട് നിരീശ്വരവാദികള്‍ പോലും വന്ന് സഹോദരികളെ ശക്തിപ്പെടുത്തിയിട്ടും എന്തേ പള്ളിമേടകളുടെ സുരക്ഷിതത്വത്തില്‍ നിന്നും സ്ഥാനമാനങ്ങളുടെയും അധികാരത്തിന്റെയും സുഖത്തില്‍നിന്നും ഇറങ്ങിവന്ന് തെരുവിലിരിക്കുന്ന സഹോദരികള്‍ക്ക് സപ്പോര്‍ട്ടു കൊടുക്കുവാന്‍ നമുക്ക് സാധിക്കാത്തത്. ക്രിസ്തുവിന്റെ മുമ്പില്‍ അനഭിമതനാകുമോ എന്നു മാത്രം ക്രിസ്തുശിഷ്യന്‍ ഭയന്നാല്‍ മതി. ചട്ടക്കൂടുകളില്‍ നമ്മളൊന്നും ഒരിക്കലും സുരക്ഷിതരല്ല എന്ന് തെരുവിലിരിക്കുന്ന കന്യാസ്ത്രീകള്‍ നമ്മെ പഠിപ്പിക്കുന്നു.-ഫാ.കര്‍ത്താനം വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി നല്‍കുന്നു.

ഫാ. വര്‍ഗീസ് വള്ളിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എറണാകുളത്തെ കൊതുകുകൾ - 2

ഓഗസ്റ്റിലെ മഴക്കെടുതിയിലും പ്രളയത്തിലും മലയാളികൾ കഷ്ടപ്പെട്ടുണ്ടാക്കിയത് പലതും കടപുഴകി ഒലിച്ചുപോയി. ഒപ്പം, തുടർച്ചയായി പെയ്ത മഴയിൽ പടുമാലിന്യം കെട്ടിക്കിടന്ന കുളങ്ങൾ പലതും നിറഞ്ഞൊഴുകി. മാരകമായ കൊതുകുകളും കൂത്താടികളും ഒഴുകിപ്പോയി. എല്ലാവരും കരുതി മഴ കഴിയുമ്പോൾ മാരക രോഗങ്ങളും പകർച്ച വ്യാധികളും കുറയുമെന്ന്. എന്നാൽ,എറണാകുളം പ്രളയഭീതിയിൽ അമർന്നെങ്കിലും,കുളം നിറയുകയോ കവിഞ്ഞൊഴുകുകയോ ചെയ്തില്ല. കൊതുകുകൾ പൂർവോപരി സുരക്ഷിതരായി, കർമ്മനിരതരായി വിരാജിക്കുന്നു...സംസ്ഥാനം വീണ്ടും പകർച്ചവ്യാധികളുടെ ഭീതിയിലാണ്.

"എറണാകുളത്തെ കൊതുകുകൾ" പരത്തുന്ന രോഗങ്ങളുടെ മാരക സ്വഭാവവും പ്രഹര ശേഷിയും അനുഭവിച്ചവർ പിന്നീട് ആരോഗ്യം വീണ്ടെടുക്കുകയോ പൂർവസ്ഥിതി പ്രാപിക്കുകയോ ചെയ്യാത്തതും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നുകളും കണ്ടെത്താൻ കഴിയാത്തതും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന പരിണത പ്രജ്ഞരായ ഭിഷഗ്വരരേയും ശാസ്ത്രജ്ഞരെയും പോലും അന്ധാളിപ്പിച്ചിരിക്കുകയാണ്.

മുൻപ് കേട്ടുകേൾവിയില്ലാത്ത രോഗങ്ങളാണ് ഈ കൊതുകുകൾ പരത്തുന്നതെന്നു ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. പതിറ്റാണ്ടുകളായി കുളത്തിന്റെ അടിത്തട്ടുകളിൽ "പാണ്ഡവപുരത്തെ ജാരന്മാരെപ്പോലെ" പുളച്ചുനടക്കുന്ന കൂത്താടികൾ വര്ഷം ചെല്ലുംതോറും കൂടുതൽ പ്രതിരോധശേഷി ആർജിച്ചുവരികയാണ്.

മാറിവരുന്ന പരിതഃസ്ഥിതികൾക്കനുസരിച്ചു ആകർഷകമായ രൂപ ഭാവങ്ങളും വര്ണചിറകുകളും വച്ച് കൂടുതൽ പേരെ കുളക്കരയിലേക്കു ആകർഷിക്കാനും ഇവർ വിരുതരാണ്. അങ്ങനെയാണ് പറ്റിയ ഇരകളെ കണ്ടെത്തി അവരിലേക്ക്‌ മഹാരോഗത്തിന്റെ വിത്തുകൾ പാകുന്നത്.

ഒരിക്കലെങ്കിലും കുത്തേറ്റവർ രക്ഷപ്പെട്ട ചരിത്രമില്ലാത്തതിനാലും, ഫലപ്രദമായ യാതൊരു പ്രതിരോധ മരുന്നും ഇവയ്‌ക്കെതിരെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിനാലും കൊതുകുനിവാരണ പ്രവർത്തകർ മിക്കവാറും ഈ മാരക ജീവികളോട് പൊരുത്തപ്പെട്ടുപോകാനുള്ള ശ്രമത്തിലാണ്. എറണാകുളത്തെ കൊതുകുകൾ അങ്ങനെ ചരിത്രത്തിൽ പകരക്കാരില്ലാത്ത നായകന്മാരായി വിരാജിക്കുന്നു.... ഈശ്വരോ രക്ഷതു!


ഫാ.ജിമ്മിച്ചന്‍ കര്‍ത്താനം, ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, ഫാ.ജോയ്‌സ് കൈതക്കോട്ട് 

ഫാ. ജോയ്‌സ് കൈതക്കോട്ട് വാട്‌സ്ആപ്പിലൂടെ നല്‍കിയ മറുപടി


''പാലാരിവട്ടത്തെ കീടനാശിനികൾ

എറണാകുളത്തെ കൊതുകളെക്കുറിച്ചു ഒരു കീടനാശിനി കമ്പനിയുടെ വില്പനക്കാരൻറെ ഗവേഷണ വാർത്ത വായിച്ചു. കൊതുകിനെ കുറിച്ച് എഴുതുന്നതിനു മുൻപാണോ എന്നറിയില്ല വിരമിച്ച ഒരു ന്യായാധിപൻറെ ഭാഷയിൽ ഒരു പരസ്യവും നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പാവം കൊതുകുകൾ. അവർ ഇത് വല്ലതും അറിയുന്നുണ്ടോ. കൊതുകുകൾക്കുവേണ്ടി സംസാരിക്കാൻ ആരെങ്കിലും വേണമല്ലോ എന്ന് കൊതുകുകളും ഓർത്തിരിക്കുമ്പോളാണ് എറണാകുളത്തെ കൊതുകുകളുടെ രീതികളെ കുറിച്ച് അറിവുള്ള ഒരാളുടെ ചെറിയ ഒരു കുറിപ്പ് കണ്ടത്. എറണാകുളത്തെ കൊതുകുകൾ ഉയർത്തുന്ന പ്രശ്നം സത്യത്തിൽ ഉപകാരമുണ്ടാക്കുന്നത് പ്രളയാനന്തരം ഉയർന്നു വന്ന ചില കമ്പനികൾക്കാണ്. ഈ കമ്പനികൾ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പരസ്യവുമായി ഇറങ്ങാറുണ്ട്. പക്ഷെ പലപ്പോഴും മാർക്കറ്റിൽ കാര്യമായ ചലനം ഉണ്ടാക്കാറില്ല. കൊതുകുകൾ വളരാൻ തക്ക സാധ്യതകൾ ആദ്യം ഈ കമ്പനിക്കാർ സൃഷ്ടിക്കുകയും തുടർന്ന് തങ്ങളുടെ കമ്പനിയുടെ ഉൽപ്പന്നം വിറ്റഴിക്കാൻ കൊടിയ ശ്രമം നടത്തുകയും ചെയ്യും. ഇത് നല്ലതാണെന്നു പറഞ്ഞു വിറ്റഴിക്കുന്നവർക്കു ആവശ്യത്തിന് പണം കമ്പനി കൊടുക്കുന്നതുകൊണ്ടു കീടനാശിനിക്ക് നല്ല പ്രചാരം ഉണ്ടാകുന്നുണ്ട്. പക്ഷെ ഈ കൊതുകുകൾക്കു ഒന്നും സംഭവിക്കുന്നുമില്ല. കീടനാശിനി മേടിക്കുന്നവർക്കു കാശു നഷ്ട്ടം ഉണ്ടാകുന്നു. കൂടാതെ പാവം ജനങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ ആണ് അറിയുന്നത് കൊതുകല്ല ചാകുന്നത്. അന്തരീക്ഷം മുഴുവൻ ഈ കീടനാശിനിയുടെ ദുർഗന്ധം കൊണ്ട് വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെന്നു.

അതുകൊണ്ടു ബുദ്ധിയുള്ളവരും പ്രായോഗികജ്ഞാനമുള്ള വരും ഒരു കാര്യം മനസിലാക്കി. കൊതുകിൻറെ ശല്യം ഉണ്ടാകുന്നതു പല കമ്പനികളും മാലിന്യം തള്ളുന്നതുകൊണ്ടും അതിൻറെ മറവിൽ കമ്പനികൾക്കും കീടനാശിനിയുടെ വിൽപനക്കാർക്കും ലാഭം കൊയ്യാനും വേണ്ടിയാണെന്ന്.

അതുകൊണ്ടു സാധാരണക്കാരായ ജനങ്ങൾ കൊതുകിൻറെ പുറകെ പോകുന്നതിനു മുൻപ് മാലിന്യം എറണാകുളത്തും കേരളത്തിൻറെ പലഭാഗത്തും തള്ളുന്ന കമ്പനികളെയും അതിൽ നിന്ന് കീടനാശിനികൾ വിറ്റു ലാഭം കൊയ്യാൻ നടക്കുന്നവരെയും നിയമത്തിൻറെ മുൻപിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ആരോഗ്യ വകുപ്പ് കീടനാശിനികൾ ഉണ്ടാക്കുന്ന കമ്പനികൾക്കെതിരെയാണ് തിരിയേണ്ടതെന്നു തിരിച്ചറിയാൻ വൈകുന്നതിൽ ജനങ്ങക്ക് ദുഖമുണ്ട്. മാലിന്യം നിരന്തരം തള്ളാൻ കോൺട്രാക്ട് എടുത്തവർ ഒളിവിലാണെന്നും കേൾക്കുന്നു. എന്നാലും ചില ഏജൻറുമാർ ഭയമില്ലാതെ കീടനാശിനിയുടെ വിൽപനക്കായി പരസ്യം നടത്താൻ വരുന്നത് നല്ല തുക വാങ്ങിയതുകൊണ്ടാണെന്നും പറയുന്നു.''

ഫാ. ജിമ്മിച്ചന്‍ കര്‍ത്താനത്തിന്റെ വാട്സ്ആപ്പ് മറുപടി:

കെ.സി.ബി.സി. സെക്രട്ടറി ഫാ. വള്ളിക്കാട്ടിനുള്ള മറുപടി, ആരുടെയും വക്താവായോ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ മഹത്ത്വം കാണിക്കാനോ അല്ല സഹോദരിമാര്‍ നടത്തുന്ന സമരപ്പന്തലില്‍ പോയത്. ഏറെയൊന്നും സാധിച്ചില്ലെങ്കിലും നീതിക്കുവേണ്ടി നിലവിളിക്കുന്ന നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഒരാശ്വാസവാക്കു നല്കുവാനാണ്. കെ.സിബി.സി. എന്നത് സുവിശേഷ അധിഷ്ഠിതമായ നിലപാടെടുക്കുവാന്‍ കഷ്ടപ്പെടുന്ന ഒന്നാണെന്നും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വേദി എന്ന നിലവാരമെ അതിനുള്ളു എന്നും ആരോ കഴിഞ്ഞ ദിവസം കമന്‍റിട്ടപ്പോള്‍ ചിരിച്ചെങ്കിലും ഇപ്പോഴാണ് അതല്പന്മാര്‍ തലപ്പത്തിരിക്കുന്ന കടലാസു കൊട്ടാരമാണെന്നു ബോധ്യമായത്. സീറോ-മലബാര്‍ ക്ലര്‍ജ്ജി കമ്മീഷന്‍ സെക്രട്ടറി എന്ന നിലയിലും സത്യദീപത്തിന്‍റെ അസ്സോസിയേറ്റ് എഡിറ്റര്‍ എന്ന നിലയിലും മരടുപള്ളി വികാരി എന്ന നിലയിലും അല്ല സമരപ്പന്തലില്‍ ഞാന്‍ പോയത്. അനുഭാവപ്രകടനത്തിന്‍റെ ഫോട്ടോ ഇട്ട് അതില്‍ കെ.സി.ബി.സി. കമ്മീഷന്‍ സെക്രട്ടറി എന്ന് അടിക്കുറിപ്പ് എഴുതണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ വന്ന ഒരു പിശകിന് ഇത്രയേറെ വിളറി പിടിക്കേണ്ട ആവശ്യവുമില്ല. പരമാവധി ആ പത്രം ഒരു സ്വയം തിരുത്ത് നൽകേണ്ട സ്ഥാനത്ത് കെസിബിസി സെക്രട്ടറി പ്രസ്താവനയായി മറുപടി പറയേണ്ട ആവശ്യമെന്താണ്! 'കന്യാസ്ത്രീയാകാന്‍ വിട്ട എന്‍റെ മകളെ ഞാന്‍ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുകയായിരുന്നില്ലേ?' എന്ന ഒരു സാധാരണ കര്‍ഷകവൃദ്ധന്‍റെ ചങ്കുപൊട്ടുന്ന ചോദ്യത്തിന് ഒരു വൈദികനു നല്കാവുന്ന മറുപടി മാത്രമായിരുന്നു അത്. സഭയെന്നത് ഒരു വ്യക്തിയല്ലെന്നും വ്യക്തികള്‍ക്ക് അപാകത പറ്റിയാലും സഭയാകുന്ന കുടുംബത്തില്‍ത്തന്നെ നമ്മള്‍ അതു പരിഹരിക്കുമെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും മനസ്സിലാക്കാനുള്ള ഒരു ഉദ്യമമായിരുന്നു അത്. നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവരോടൊപ്പം ഉണ്ടാകണമെന്ന് ബൈബിള്‍ വായിക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ട് നിരീശ്വരവാദികള്‍ പോലും വന്ന് സഹോദരികളെ ശക്തിപ്പെടുത്തിയിട്ടും എന്തേ പള്ളിമേടകളുടെ സുരക്ഷിതത്വത്തില്‍ നിന്നും സ്ഥാനമാനങ്ങളുടെയും അധികാരത്തിന്‍റെയും സുഖത്തില്‍നിന്നും ഇറങ്ങിവന്ന് തെരുവിലിരിക്കുന്ന സഹോദരികള്‍ക്ക് സപ്പോര്‍ട്ടു കൊടുക്കുവാന്‍ നമുക്ക് സാധിക്കാത്തത്. ക്രിസ്തുവിന്‍റെ മുമ്പില്‍ അനഭിമതനാകുമോ എന്നു മാത്രം ക്രിസ്തുശിഷ്യന്‍ ഭയന്നാല്‍ മതി. ചട്ടക്കൂടുകളില്‍ നമ്മളൊന്നും ഒരിക്കലും സുരക്ഷിതരല്ല എന്ന് തെരുവിലിരിക്കുന്ന കന്യാസ്ത്രീകള്‍ നമ്മെ പഠിപ്പിക്കുന്നു. - ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം.Share this News Now:
  • Google+
Like(s): 520