19 September, 2018 11:04:14 AM


ബിഷപ് ഫ്രാങ്കോ അന്വേഷണ സംഘത്തിനു മുന്നിൽ; ചോദ്യം ചെയ്യൽ ഉടൻ

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് മുറിയിലാണ് ചോദ്യംചെയ്യൽ



കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. രാവിലെ 11ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ബിഷപ് എത്തിയത്. പത്തുമണിക്ക് ഹാജരാകാനായിരുന്നു ബിഷപ്പിനു ലഭിച്ച നിർദേശം. ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാകും ചോദ്യംചെയ്യൽ. വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഉടൻതന്നെ ചോദ്യം ചെയ്യൽ ആരംഭിക്കും. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലേക്കു പോയിരുന്നു. ബിഷപ്പിന്റെ സഹോദരനും രാവിലെ കൊച്ചിയിലെത്തിയിരുന്നു.


ചൊവ്വാഴ്ച രാത്രിയോടെയാണു ചോദ്യംചെയ്യൽ തൃപ്പൂണിത്തുറയിലാക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച കൊച്ചിയിൽ ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തിയ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അവിടെ തങ്ങിയിരുന്നു. അതേസമയം, തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസിൽ സുരക്ഷ ശക്തമാക്കി. അന്വേഷണ സംഘം കൊച്ചിയിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം എസ്പി ഹരിശങ്കറും ഐജിയുടെ വീട്ടിലെത്തിയിരുന്നു. തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഈ സ്ഥലങ്ങളിലേക്കു മാറ്റാനാണു പദ്ധതി. ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളജിലാണ് ഒരുക്കിയിട്ടുള്ളത്.



Share this News Now:
  • Google+
Like(s): 58