18 September, 2018 05:19:17 PM


ഏറ്റുമാനൂർ നഗരസഭ മൊബൈല്‍ ആപ്പിൽ കൗൺസിൽ നടപടികളും വേണം

സമയബന്ധിതമായി എല്ലാ സേവനങ്ങളും മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകും
ഏറ്റുമാനൂര്‍: സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിക്കുന്ന പദ്ധതിയുമായി ഹൈടെക്കായി മാറാന്‍ ഏറ്റുമാനൂര്‍ നഗരസഭ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ പറഞ്ഞു. ഒന്നര മാസം മുമ്പ് ജോയി ചെയര്‍മാനായി അധികാരമേറ്റപ്പോള്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തായിരുന്നു മൊബൈല്‍ ആപ്പ്. അതേസമയം, എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് കൃത്യമായി അറിയാനാകും വിധം മൊബൈല്‍ ആപ്പ് നടപ്പിലാക്കാനാവുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.


ജനങ്ങള്‍ക്കു സമയബന്ധിതമായി എല്ലാ സേവനങ്ങളും മൊബൈല്‍ ആപ്പിലൂടെ ലഭ്യമാകുമെന്ന് പറയുമ്പോഴും കൗണ്‍സില്‍ നടപടികളെ കുറിച്ചുള്ള അവ്യക്തത നിലനില്‍ക്കുകയാണ്. കെട്ടിട നികുതി, തൊഴില്‍ നികുതി, വെള്ളക്കരം, ജനന - മരണ സര്‍ട്ടിഫിക്കറ്റുകള്‍, കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ലൈസന്‍സ്, നഗരസഭാ അഡ്മിനിസ്‌ട്രേറ്റീവ് വിവരങ്ങള്‍, ജനപ്രതിനിധികളുടെ വിവരങ്ങള്‍, വിവരാവകാശം, ജനസേവനകേന്ദ്രം - കുടുംബശ്രീ വിവരങ്ങള്‍, വിവിധ ഫോറങ്ങള്‍, പരാതികള്‍, ടെന്‍ഡറുകള്‍, വാര്‍ത്തകളും നോട്ടിഫിക്കേഷനുകളും, അന്വേഷണങ്ങള്‍ തുടങ്ങിയ സേവനങ്ങളെല്ലാം മൊബൈല്‍ ആപ്പിലൂടെ സാധ്യമാകുമത്രേ. ജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും എത്രയും വേഗം അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനുമാവും. ഇതോടെ ജനകീയാസൂത്രണം സുതാര്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമാണ് ഏറ്റുമാനൂര്‍. റോഡ് പണികള്‍ മൂലവും അല്ലാതെയും നഗരത്തിലെ കുരുക്ക് എവിടെയൊക്കെ, കുരുക്കില്ലാതെ കടന്നു പോകാവുന്ന വഴികള്‍ ഏതൊക്കെ എന്നിങ്ങനെയുള്ള വിവരങ്ങള്‍ യഥാസമയം മൊബൈല്‍ ആപ്പിലൂടെ അറിയാനാവും. വിനോദസഞ്ചാരികള്‍ക്കുള്ള വിവരങ്ങളും നഗരസഭാ പരിധിയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍, വിപണന മേളകള്‍, പ്രദര്‍ശനങ്ങള്‍ ഇവയുടെ വിവരങ്ങളും ലഭ്യമാക്കും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ മൊബൈല്‍ ആപ്പ് പ്രാവര്‍ത്തികമാകുമെന്നാണ് ചെയര്‍മാന്‍ പറയുന്നത്. നിരവധി ഐടി സ്ഥാപനങ്ങള്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.


അതേസമയം സുതാര്യമായ രീതിയില്‍ മൊബൈല്‍ ആപ്പ് പൂര്‍ണ്ണമായി നടപ്പിലാക്കാനാവില്ലാ എന്നാണ് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ചൂണ്ടികാട്ടുന്നത്. നഗരസഭയുടെ കമ്മറ്റി തീരുമാനങ്ങള്‍ യഥാസമയം ആപ്പിലൂടെ ലഭ്യമാകുമോ എന്ന ചോദ്യം കഴിഞ്ഞ കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു. പറ്റില്ലാ എന്നായിരുന്നു മറുപടി. അങ്ങനെയൊരു സൗകര്യം ജനങ്ങള്‍ക്ക് ലഭിച്ചാല്‍ നഗരസഭയിലെ പല കള്ളത്തരങ്ങളും പൊളിയുമെന്നതാണ് ഈ മറുപടിയ്ക്ക് പിന്നിലെന്ന് അംഗങ്ങള്‍ പറയുന്നു. നഗരസഭാ കമ്മറ്റി തീരുമാനങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി ചെയര്‍മാന്‍ ഒപ്പിട്ട് നോട്ടീസ് ബോര്‍ഡില്‍ പതിക്കണമെന്നത് ഏറ്റുമാനൂരില്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് ചൂണ്ടികാട്ടി.


കമ്മറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കിയോ എന്നും തങ്ങള്‍ നല്‍കിയ പരാതികളും നിര്‍ദ്ദേശങ്ങളും കമ്മറ്റിയില്‍ ചര്‍ച്ച ചെയ്‌തോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് നിലവില്‍ ഇവിടെ സംവിധാനമില്ല. ഈ കാര്യങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പോലും റിപ്പോര്‍ട്ടായി അവതരിപ്പിക്കാന്‍ മടി കാണിക്കുന്നത് നഗരസഭയില്‍ നടക്കുന്ന കള്ളത്തരങ്ങള്‍ മറ്റാരും അറിയാതിരിക്കാനാണ് എന്ന ആരോപണവുമായി ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. കൗണ്‍സില്‍ നടപടികള്‍ കൂടി മൊബൈല്‍ ആപ്പിലൂടെ അറിയാനുള്ള സംവിധാനമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് എന്ന് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍ പറഞ്ഞു.
Share this News Now:
  • Google+
Like(s): 375