18 September, 2018 07:34:32 AM


ഹണിട്രാപ്പിലൂടെ കിടപ്പറ രംഗങ്ങള്‍‍ പകര്‍ത്തി; യുവതി അറസ്റ്റിൽ

കൂട്ടുപ്രതികളായ നാല് പേരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു



തളിപ്പറമ്പ്‌: ഹണിട്രാപ്പിലൂടെ കിടപ്പറരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തില്‍പ്പെട്ട യുവതി പിടിയില്‍. കാസര്‍ഗോഡ്‌ കളിയങ്ങാട്‌ കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം.ഹഷിദ (സമീറ-32)യെയാണ്‌ ആഡംബര ഫ്‌ളാറ്റില്‍നിന്നു തളിപ്പറമ്പ്‌ പ്രിന്‍സിപ്പല്‍ എസ്‌.ഐ: കെ.ദിനേശന്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കൂട്ടുപ്രതികളായ ചുഴലിയിലെ കെ.പി. ഇര്‍ഷാദ്‌(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്‌(22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്‌തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ്‌(21) എന്നിവരെ കഴിഞ്ഞ ഓഗസ്‌റ്റ്‌ 24 ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.


സമ്പന്നരെ കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന കുറ്റത്തിനാണു ഹഷിദയെ പ്രതി ചേര്‍ത്തിട്ടുള്ളത്‌. ഈ യുവതിക്കൊപ്പം ഒട്ടേറെപ്പേരുടെ നഗ്നചിത്രവും വീഡിയോയും ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. ബി.എം.എസ്‌. നേതാവായ ചെറുപ്പക്കാരനെ വിവാഹം ചെയ്‌ത്‌ യുവതി ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലം കുഴിക്കാട്ട്‌ വീട്ടില്‍ ഭാസ്‌കരന്‍ (62), വയനാട്‌ സ്വദേശികളായ അബ്‌ദുള്ള, അന്‍വര്‍ എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു കേസെടുത്തത്‌. വിവാഹവാഗ്‌ദാനം ചെയ്‌ത്‌ മുസ്‌തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വച്ച്‌ ഒരു സ്‌ത്രീയോടൊപ്പം ഫോട്ടോ എടുത്തെന്നും അതു കാണിച്ച്‌ 1.80 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഭാസ്‌കരന്റെ പരാതി.


സമൂഹമാധ്യമങ്ങളില്‍ വീഡിയോ ക്ലിപ്പ്‌ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി ഒരുകോടി രൂപ വേണമെന്ന്‌ ആവശ്യപ്പെട്ടതിനാല്‍ ചപ്പാരപ്പടവിലെ അബ്‌ദുള്‍ ജലീലും മന്നയിലെ അലിയും നല്‍കിയ പരാതിയിലാണു സംഘം കുടുങ്ങിയത്‌. തളിപ്പറമ്പിലെ പല ഉന്നതന്‍മാരും സംഘത്തിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഇതിന്റെ തെളിവുകള്‍ ലാപ്‌ടോപ്പില്‍ നിന്ന്‌ പോലീസിന്‌ ലഭിച്ചെങ്കിലും പരാതിയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ കേസെടുത്തിട്ടില്ല



Share this News Now:
  • Google+
Like(s): 68